India

കത്വയിൽ വീടിന് തീപിടിച്ച് മുൻ ഡെപ്യൂട്ടി എസ്പിയും കൊച്ചുമകനുമുൾപ്പെടെ ആറ് പേർക്ക് ദാരുണാന്ത്യം : ആറ് പേരും കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോലീസ്

പുക ശ്വസിച്ചും ശ്വാസംമുട്ടിയുമാണ് ഏവരും മരിച്ചതെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. പൊള്ളലേറ്റ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു

Published by

ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ ബുധനാഴ്ച പുലർച്ചെ വാടകയ്‌ക്ക് താമസിച്ചിരുന്ന വീടിന് തീപിടിച്ച് ആറ് പേർ മരിച്ചു. മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടും മകളും മൂന്ന് വയസ്സുള്ള അദ്ദേഹത്തിന്റെ കൊച്ചുമകനും മരിച്ചവരിൽ ഉൾപ്പെടുന്നു. സംഭവത്തിൽ പരിക്കേറ്റ മറ്റ് നാല് പേർ ആശുപത്രിയിൽ ചികിത്സയിലാണ്.

പുലർച്ചെ 2.30 ഓടെ വീടിന് തീപിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഓടിക്കൂടിയെന്നാണ് പോലീസ് പറയുന്നത്. വീടിനുള്ളിൽ കനത്ത പുക നിറഞ്ഞിരുന്നു. ഉറക്കത്തിൽ താമസക്കാർ ശ്വാസം മുട്ടി മരിച്ചെന്നാണ് പ്രദേശവാസികൾ പറഞ്ഞത്.

അപകട വിവരം അറിഞ്ഞ ഉടനെ നാട്ടുകാർ ഇവരെ കത്വയിലെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് (ജിഎംസി) ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ആറ് പേരെ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. 81 കാരനായ മുൻ ഡെപ്യൂട്ടി എസ്പി അവതാർ കൃഷൻ റെയ്ന, അദ്ദേഹത്തിന്റെ മകൾ ബർഖ റെയ്ന (25), മകൻ തകാഷ് (3), 17 കാരനായ ഗംഗാ ഭഗത്, 15 കാരനായ ഡാനിഷ് ഭഗത് , ഒരു വയസ്സുള്ള അദ്വിക് എന്നിവരാണ് മരിച്ചത്.

61 കാരിയായ സ്വർണ (അവതാർ കൃഷൻ റെയ്‌നയുടെ ഭാര്യ), നീതു ദേവി (40), അരുൺ കുമാർ (15), 69 വയസ്സുള്ള ഒരു സ്ത്രീ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളവർ. പുക ശ്വസിച്ചും ശ്വാസംമുട്ടിയുമാണ് ഏവരും മരിച്ചതെന്നാണ് പ്രാഥമികാന്വേഷണം സൂചിപ്പിക്കുന്നത്. പൊള്ളലേറ്റ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by