ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പ്രത്യേക ചര്‍ച്ച ഇന്നലെ പൂര്‍ത്തിയായപ്പോള്‍ 140 കോടി പൗരന്മാര്‍ക്ക് മുന്നില്‍ തൊലിയുരിഞ്ഞു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ ഇളമുറയിലെ രാഹുല്‍ഗാന്ധിവരെ ഭരണഘടനയോടും ഭരണഘടനാ സ്ഥാപനങ്ങളോടും ചെയ്തുകൂട്ടിയതത്രയും ഒരിക്കല്‍ക്കൂടി ജനങ്ങളുടെ മനസ്സിലേക്ക് എത്തിക്കാന്‍ ഭരണഘടനാ ചര്‍ച്ച വഴിയൊരുക്കി. ആറുമാസങ്ങള്‍ക്ക് മുമ്പ് ലോക്സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ പ്രചാരണ വിഷയമായിരുന്ന ‘ഭരണഘടന’ അവരുടെ കയ്യിലിരുന്ന് പൊള്ളുന്ന കാഴ്ച ലോക്സഭയിലും രാജ്യസഭയിലും കാണാനായി. ലോക്സഭയില്‍ ഒന്നേമുക്കാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തിലൂടെ നെഹ്റു മുതലുള്ള കുടുംബാംഗങ്ങള്‍ അധികാരത്തിനായി ഭരണഘടനയോട് ചെയ്തത് പ്രധാനമന്ത്രി നരേന്ദ്ര മോദി അക്കമിട്ടു നിരത്തിയപ്പോള്‍ മറുവശത്ത് കാര്യമായ വാദങ്ങളൊന്നുമില്ലാതെ നിരായുധരായി നില്‍ക്കുന്ന രാഹുലിനേയും പ്രിയങ്കാ വാദ്രയേയും കോണ്‍ഗ്രസ് എംപിമാരെയുമാണ് ദൃശ്യമായത്. ഭാരത പാര്‍ലമെന്റിന്റെ ചരിത്രത്തിലെ പ്രതിപക്ഷത്തിന്റെ ഏറ്റവും ദയനീയ പ്രകടനങ്ങളിലൊന്നായി ഭരണഘടനാ ചര്‍ച്ച മാറി. പുതുതലമുറ അറിയാതെ കിടന്ന നെഹ്‌റു കുടുംബത്തിന്റെ ഭരണഘടനാ ധ്വംസനങ്ങള്‍ ഓരോന്നായി പുറത്തുവന്നതും പാര്‍ലമെന്റില്‍ നാലുനാള്‍ നീണ്ടുനിന്ന ഭരണഘടനാ ചര്‍ച്ചയുടെ നേട്ടങ്ങളാണ്.
ജവഹര്‍ലാല്‍ നെഹ്റു ഇടക്കാല പ്രധാനമന്ത്രിയായിരുന്ന 1947-1952 കാലത്ത്, രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പോലും നടന്നിട്ടില്ലാത്ത സമയം, ഭരണഘടന നിലവില്‍ വന്ന് കുറച്ചു നാളുകള്‍ മാത്രമായപ്പോഴാണ് രാജ്യത്ത് ആദ്യ ഭരണഘടനാ ഭേദഗതി നെഹ്റു കൊണ്ടുവന്നത്. രാഷ്‌ട്രപതിയുടേയും ലോക്സഭാ സ്പീക്കറിന്റെയും വരെ വിമര്‍ശനത്തിന് വഴിവെച്ച നെഹ്‌റുവിന്റെ നടപടി വീണ്ടും ചര്‍ച്ചയിലേക്ക് എത്തിച്ചത് ലോക്സഭയില്‍ പ്രധാനമന്ത്രി മോദിയാണ്. ആദ്യ ഭരണഘടനാ ഭേദഗതിയിലൂടെ നെഹ്രു ലക്ഷ്യമിട്ടത് ആര്‍എസ്എസിന്റെ മാധ്യമമായ ഓര്‍ഗനൈസറിനെയും. 1950ല്‍ പൊതു സുരക്ഷാ നിയമത്തിന്റെ അഭിപ്രായ-നിയന്ത്രണ വ്യവസ്ഥകളെ വെല്ലുവിളിച്ച് നടന്ന ബ്രിജ്ഭൂഷണ്‍ ആന്‍ഡ് അദനര്‍ വേഴ്സസ് ദല്‍ഹി സ്റ്റേറ്റ് എന്ന കേസിന്റെ നേതൃത്വത്തില്‍ ഓര്‍ഗനൈസര്‍ വാരികയുണ്ടായിരുന്നു. വിഭജനകാലത്തും അതിന് ശേഷവും നടന്ന വര്‍ഗ്ഗീയ കലാപങ്ങളുടെ ഭീകരത തുറന്നെഴുതിയതാണ് നെഹ്‌റുവിന്റെ അപ്രീതിക്ക് കാരണമായത്. നെഹ്‌റു സര്‍ക്കാര്‍ ഓര്‍ഗനൈസറിന് മേല്‍ ഈസ്റ്റ് പഞ്ചാബ് പബ്ലിക് സേഫ്റ്റി ആക്ട് പ്രകാരമുള്ള പത്രമാരണ നിയമങ്ങള്‍ ചുമത്തിയതിനെതിരെ അന്നത്തെ എഡിറ്റള്‍ കെ. ആര്‍. മല്‍ക്കാനി ശക്തമായാണ് പ്രതിഷേധിച്ചത്. സെന്‍സര്‍സ് സിസര്‍ എന്ന അടിക്കുറിപ്പോടെ എഡിറ്റോറിയല്‍ പേജില്‍ കത്രിക അടയാളം പ്രസിദ്ധീകരിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്തു. കേസില്‍ ഓര്‍ഗനൈസറിന് അനുകൂലമായി 1950 മേയ് 26ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ഈ കോടതി വിധി മറികടക്കാനാണ് ജവഹര്‍ലാല്‍ നെഹ്രു 1951ല്‍ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിച്ചുകൊണ്ടുള്ള ആദ്യ ഭരണഘടനാ ഭേദഗതി കൊണ്ടുവന്നത്. ആര്‍ട്ടിക്കിള്‍ 19(1) എയില്‍ മാറ്റങ്ങള്‍ വരുത്തി ഭരണഘടനയില്‍ ആദ്യ ഭേദഗതി കൊണ്ടുവരുമ്പോള്‍ ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത പ്രധാനമന്ത്രി പോലുമായിരുന്നില്ല ജവഹര്‍ലാല്‍ നെഹ്റു. സ്വന്തം അധികാരം നിലനിര്‍ത്താനും വിമര്‍ശനങ്ങളെ നേരിടാനും ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തുന്ന നെഹ്‌റു കുടുംബത്തിന്റെ ചെയ്തികള്‍ക്ക് സ്വതന്ത്ര ഭാരതത്തില്‍ അന്നാണ് തുടക്കമായത്. 1975ല്‍ അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധിയും അതാവര്‍ത്തിച്ചു. ഭാരതത്തിന്റെ ഭരണഘടനയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ദ്രോഹം ചെയ്ത കുടുംബം ഏതെന്ന ചോദ്യത്തിന് അന്നുമിന്നും ഒറ്റ ഉത്തരമേയുള്ളൂ. അത് നെഹ്രു കുടുംബമാണ്. ആ കുടുംബമാണ് ഇന്ന് ഭരണഘടനയുടെ ചെറു പതിപ്പുമായി രാജ്യമെങ്ങും നടന്ന് ഭരണഘടന ആപത്തിലാണെന്ന വ്യാജ പ്രചാരണം അഴിച്ചുവിടുന്നത് എന്നോര്‍ക്കുമ്പോള്‍ ഓരോ പൗരന്മാര്‍ക്കും അവരോട് പുച്ഛമല്ലാതെ മറ്റൊന്നും തോന്നേണ്ടതില്ല.
സുപ്രീംകോടതി വിധികള്‍ മറികടക്കാന്‍ ഭരണഘടനയെത്തന്നെ മാറ്റിയെഴുതാന്‍ നെഹ്‌റുവിന് ശേഷവും ആ കുടുംബം ശ്രമിച്ചുകൊണ്ടേയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാനാണ് ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിക്കെതിരെ ഒരു കോടതിയിലും ആര്‍ക്കും പോകാനാവില്ലെന്ന് പ്രത്യേക ഭരണഘടനാ ഭേദഗതി തന്നെ അവര്‍ അക്കാലത്ത് പാസാക്കി ലോകത്തിന് മുന്നില്‍ ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ തന്നെ നാണംകെടുത്തി. 1975ല്‍ ആര്‍ട്ടിക്കിള്‍ 392(എ) കൂട്ടിച്ചേര്‍ത്ത് ഭരണഘടനയിലെ 39-ാം ഭേദഗതി വഴി സ്ഥാപിച്ചത് പ്രധാനമന്ത്രിയുടെ നിയമനം രാജ്യത്തെ ഒരു കോടതിയിലും ചോദ്യം ചെയ്യാന്‍ സാധിക്കില്ല എന്ന വ്യവസ്ഥയായിരുന്നു. അടിയന്തരാവസ്ഥയ്‌ക്ക് ശേഷം വന്ന ജനതാ സര്‍ക്കാര്‍ മറ്റൊരു ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിര വരുത്തിയ നാണക്കേട് റദ്ദാക്കുകയായിരുന്നു. ഷാബാനു കേസിലെ സുപ്രീംകോടതി വിധി മറികടക്കാനായി ഭരണഘടനയെ അട്ടിമറിച്ച് മുസ്ലിം വിവാഹമോചന നിയമം പാസാക്കി രാജീവ് ഗാന്ധിയും കോടതിവിധികള്‍ക്കെതിരായ നെഹ്‌റു കുടുംബത്തിന്റെ പരമ്പരാഗത സ്വഭാവം പ്രകടിപ്പിച്ചിട്ടുണ്ട്.
ഇത്തരം വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി, നെഹ്‌റു കുടുംബത്തിനെതിരെ നിശിതമായ കടന്നാക്രമണമാണ് ലോക്സഭയില്‍ നടത്തിയത്. ഭരണഘടനയെ അപമാനിക്കാന്‍ കിട്ടിയ ഒരവസരവും നഷ്ടമാക്കാത്തവരാണ് നെഹ്രുവും പിന്മുറക്കാരുമെന്ന് മോദി സഭയില്‍ വിളിച്ചുപറഞ്ഞു. രാജ്യം ഭരിച്ച ആറു പതിറ്റാണ്ടിനിടെ 75 ഭരണഘടനാ ഭേദഗതികള്‍ നെഹ്‌റു കുടുംബം പാസാക്കിയെന്ന് മോദി പറഞ്ഞു. എതിരെ വിധി പറഞ്ഞ ജസ്റ്റിസ് ഖന്നയെ സുപ്രീംകോടതി ചീഫ് ജസ്റ്റിസാക്കാതെ അപമാനിച്ചിറക്കിവിട്ട നെഹ്റു കുടുംബത്തിന്റെ ഭരണനടപടി മോദി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയ പ്രധാനമന്ത്രിക്ക് മുകളില്‍ ദേശീയ ഉപദേശക സമിതി എന്ന അധികാര കേന്ദ്രം രൂപീകരിച്ച് പാര്‍ട്ടി അധ്യക്ഷയെ സൂപ്പര്‍ പ്രധാനമന്ത്രിയാക്കി രാജ്യം ഭരിച്ചതു വഴി ഭരണഘടനാ വിരുദ്ധത അവര്‍ വീണ്ടും തെളിയിച്ചുകൊണ്ടേയിരുന്നു. കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ബില്‍ പരസ്യവേദിയിലെത്തി കീറിയെറിഞ്ഞ് രാഹുല്‍ ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിച്ച നടപടിയും പ്രധാനമന്ത്രി പ്രസംഗത്തില്‍ വിശദീകരിച്ചു. ഏക സിവില്‍ കോഡ്, 370-ാം വകുപ്പിന്റെ റദ്ദാക്കല്‍ തുടങ്ങിയ നടപടികളിലൂടെ രാജ്യത്തിന്റെ ഭരണഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്ന ബിജെപിക്കെതിരെ എക്കാലവും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകള്‍ അവരുടെ ഭരണഘടനയ്‌ക്കെതിരായ സമീപനത്തിന്റെ തെളിവുകളായി പ്രധാനമന്ത്രി വിശദീകരിച്ചു. നെഹ്‌റുവും ഇന്ദിരയും മുതലുള്ളവര്‍ ഭരണഘടനയ്‌ക്കെതിരെയും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയും നടത്തിയ നീക്കങ്ങള്‍ രാജ്യസഭയില്‍ കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ഒന്നൊന്നായി വെളിപ്പെടുത്തിയപ്പോള്‍ വാദങ്ങളൊന്നുമില്ലാതെ മൗനം പാലിക്കേണ്ടിവന്നു കോണ്‍ഗ്രസ് എംപിമാര്‍ക്ക് എന്നതും ശ്രദ്ധേയമായി. ഇന്‍ഡി മുന്നണിയിലെ മറ്റു പ്രതിപക്ഷ പാര്‍ട്ടികളാരും തന്നെ ഇരുസഭകളിലും നടന്ന ഭരണഘടനാ ചര്‍ച്ചയില്‍ കോണ്‍ഗ്രസിന്റെ രക്ഷയ്‌ക്കെത്തിയുമില്ല.
ഭരണഘടനയുടെ ചെറു പകര്‍പ്പ് കയ്യില്‍ കൊണ്ടുനടന്നും പോക്കറ്റിലിട്ടു നടന്നും കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റില്‍ നടത്തുന്ന രാഷ്‌ട്രീയ നാടകത്തെ തുറന്നു കാട്ടാനും ബിജെപിക്കായി. പലരുടേയും കയ്യിലുള്ള ഭരണഘടനാ പകര്‍പ്പിന് പുറംചട്ട മാത്രമേയുള്ളൂവെന്ന് ബിജെപി എംപിമാര്‍ ചര്‍ച്ചയില്‍ പരിഹസിച്ചു. കയ്യില്‍കൊണ്ടുനടക്കുന്ന ഭരണഘടനയില്‍ എത്ര പേജുകളുണ്ടെന്ന് ചോദിച്ചിട്ട് ഒരു കോണ്‍ഗ്രസ് എംപി പോലും ശരിയുത്തരം പറഞ്ഞില്ലെന്ന് വെളിപ്പെടുത്തിയത് മുന്‍കേന്ദ്രമന്ത്രിയും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ലോക്സഭാംഗവുമായ അനുരാഗ് താക്കൂറാണ്. രാജ്യത്തിന്റെ ഭരണഘടനയെ എക്കാലവും പോക്കറ്റിലിട്ട് ശീലിച്ചവരാണ് കോണ്‍ഗ്രസുകാരെന്നും താക്കൂര്‍ കുറ്റപ്പെടുത്തി. രാഷ്‌ട്രീയ നാടകങ്ങള്‍ക്കായി പരിപാവനമായ ഭരണഘടനയെ ഉപയോഗിക്കരുതെന്ന് ലോക്സഭാ സ്പീക്കറും രാജ്യസഭാ ചെയര്‍മാനും പലവട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും കോണ്‍ഗ്രസ് എംപിമാര്‍ അതാവര്‍ത്തിക്കുന്നു. അതവരുടെ സ്വഭാവമാണ്. കാരണം അധികാരത്തിനായി നെഹ്‌റു കുടുംബം പലവട്ടം മാറ്റിയെഴുതിയ ഭരണഘടനയോട് അവര്‍ക്കത്ര ബഹുമാനമേയുള്ളൂ. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എത്രത്തോളം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് രാജ്യത്തിന് മുന്നില്‍ തുറന്നുകാണിക്കാന്‍ ബിജെപിക്ക് ലഭിച്ച മികച്ച അവസരമായി ഭരണഘടനാ ചര്‍ച്ച മാറി. ഭരണഘടനാ ചര്‍ച്ചയ്‌ക്കായി സഭയില്‍ ബഹളമുണ്ടാക്കി സമ്മതിപ്പിച്ച കോണ്‍ഗ്രസ് എംപിമാരോട് അക്കാര്യത്തില്‍ ബിജെപി നന്ദി പറയേണ്ടതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാഷ്‌ട്രീയ അജണ്ടകള്‍ തയ്യാറാക്കുന്ന ബുദ്ധിരാക്ഷസന്മാരോടും ബിജെപി കടപ്പെട്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: