കൊച്ചി: തനിക്ക് കേരള ബ്ലാസ്റ്റേഴ്‌സ് കുറച്ചുകൂടി സമയം തരണമായിരുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയില്‍ നിന്നും പുറത്താക്കപ്പെട്ട പരിശീലകന്‍ മികായേല്‍ സ്റ്റാറേ. സീസണില്‍ പാടേ നിറം മങ്ങിയ പ്രകടനത്തെ തുടര്‍ന്ന് അതിവേഗ തീരുമാനത്തിലൂടെ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം സ്റ്റാറെയെ പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വീഡന്‍ കാരനായ പരിശീലകന്‍ പ്രസ്താവനയുമായി രംഗത്തെത്തിയത്.
തനിക്ക് അവര്‍ രണ്ട് മത്സരങ്ങളില്‍ കൂടി അവസരം തരുമായിരിക്കുമെന്ന് പ്രതീക്ഷിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. തീരുമാനത്തെ മാനിക്കുന്നുവെന്നും സ്റ്റാറേ പറഞ്ഞു.
ക്ലബ്ബ് വളരെ വലുതാണ്. മികച്ച ക്ലബ്ബുമാണ്. കളിക്കാര്‍ക്ക് സമ്മര്‍ദ്ദം കൈകാര്യം ചെയ്യല്‍ എളുപ്പമാകുന്നില്ലെന്നത് വലിയ പ്രശ്‌നമാകുന്നുണ്ട്.
താന്‍ പരിശീലിപ്പിക്കുന്ന ടീമുകള്‍ സാധാരണയായി പ്രതിരോധത്തിലൂന്നിയാണ് കളിക്കുന്നത്. പക്ഷെ ഇവിടെ അത്തരമൊരു ശൈലി നടപ്പാകില്ലെന്നും സ്റ്റാറേ പറഞ്ഞു.
തുടര്‍ച്ചയായി തോല്‍വി വഴങ്ങുന്ന ബ്ലാസ്‌റ്റേഴ്‌സ് സീസണില്‍ ഇതുവരെ 10 കളികള്‍ കളിച്ചതില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് വിജയിച്ചത്. ഏഴെണ്ണത്തില്‍ പരാജയപ്പെട്ടു. ഏറ്റവും അവസാനം നടന്ന കളിയില്‍ മോഹന്‍ ബഗാന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനോടാണ് തോറ്റത്. 3-2നായിരുന്നു തോല്‍വി. ടീമിന്റെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയായിരുന്നു അത്. അടുത്ത കളി ഞായറാഴ്‌ച്ച സ്വന്തം തട്ടകമായ കലൂര്‍ സ്‌റ്റേഡിയത്തിലാണ്. മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ് ആണ് എതിരാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക