Cricket

ഗബ്ബ ടെസ്റ്റ്: ഫോളോ ഓണ്‍ ഒഴിവായി; ആശ്വാസ ബാറ്റിങ്ങുമായി ബുംറ-ആകാശ്

Published by

ബ്രിസ്‌ബേന്‍: ഗബ്ബ ടെസ്റ്റില്‍ ഭാരതം വലിയൊരു കെണിയില്‍പ്പെടാതെ കടന്നുകൂടി. അതിനുള്ള നന്ദി അര്‍ഹിക്കുന്നത് കളിയുടെ നാലാം ദിവസം ബ്രിസ്‌ബേനില്‍ പെയ്ത കുറച്ച് മഴയും ഭാരതത്തിന്റെ വാലറ്റക്കാരായ ജസ്പ്രീത് ബുംറയും ആകാശ് ദീപും. ഓസ്‌ട്രൈലിയക്കെതിരെ ഇരുവരും ചേര്‍ന്ന് ഒന്നാം ഇന്നിങ്‌സില്‍ ടീമിനെ ഫോളോ ഓണ്‍ ഭീതിയില്‍ നിന്ന് ഒരുവിധം രക്ഷിച്ചെടുത്തിരിക്കുന്നു.

സ്‌കോര്‍: ഓസ്‌ട്രേലിയ- 445; ഭാരതം- 252(ഒമ്പത് വിക്കറ്റുകള്‍, 74.5 ഓവറുകള്‍

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയലെ മൂന്നാം ടെസ്റ്റിന്റെ അവസാന ദിവസത്തിലേക്ക് മത്സരം എത്തിനില്‍ക്കുമ്പോള്‍ ക്രീസിലുള്ളത് ഭാരത ബാറ്റിങ് നിരയിലെ 10-ാമനായ ബു
ംറയും(10) 11-ാമനായ ആകാശ് ദീപും(27). ടീം ടോട്ടല്‍ 213 റണ്‍സെത്തിയപ്പോഴാണ് ഇരുവരും ക്രീസില്‍ ഒരുമിച്ചത്. ഒമ്പത് വിക്കറ്റും നഷ്ടപ്പെട്ടുനില്‍ക്കെ ഭാരതത്തിന് ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 22 റണ്‍സ് മറികടന്ന് 246 റണ്‍സില്‍ എത്തിച്ചേരണമായിരുന്നു. ഓസീസിന്റെ കരുത്തന്‍ ബൗളര്‍മാരുടെ ശ്രമങ്ങളെ അതിജീവിച്ച് ബുംറ-ആകാശ് കൂട്ടുകെട്ട് ഫോളോ ഓണ്‍ സ്‌കോറും കടന്ന് ആറ് റണ്‍സ് കൂടി നേടി ഭാരത ഇന്നിങ്‌സ് നാലാം ദിവസത്തില്‍ നിന്ന് അഞ്ചാം ദിവസത്തിലേക്ക് നീട്ടി.

നാലാം ദിവസമായ ഇന്നലെ മഴ കനിഞ്ഞിട്ടും ഓപ്പണര്‍ കെ.എല്‍. രാഹുലും(84) രവീന്ദ്ര ജഡേജയും(77) അര്‍ദ്ധസെഞ്ച്വറി നേടിയിട്ടും ഫലമുണ്ടായില്ല. ഭാരതത്തിന്റെ അവസാന വിക്കറ്റ് കൂട്ടുകെട്ട് 32 റണ്‍സ് തികയ്‌ക്കും മുമ്പേ വീണിരുന്നെങ്കില്‍ ഓസീസിന്റെ ജയസാധ്യത ഏറെക്കൂറേ ഉറപ്പായേനെ. ഫോളോ ഓണ്‍ ചെയ്യേണ്ട അവസ്ഥ വന്നാല്‍ ഗബ്ബയിലെ സാഹചര്യത്തിലും ഭാരതത്തിന്റെ മോശം ഫോമിനുമിടെ അവസാന ദിവസം ഓസീസ് ബൗളര്‍മാര്‍ക്ക് എറിഞ്ഞിടാനും സാധിച്ചേനെ.

ഇനിയെല്ലാറ്റിനും ഒരല്‍പ്പം അയവ് വരും. ഭാരത്തിന്റെ പത്താം വിക്കറ്റ് വീഴുന്നത് എത്രത്തോളം വൈകുന്നുവോ അത്രയും നല്ലത്. ഭാരത ഇന്നിങ്‌സ് കഴിഞ്ഞാലും ഓസീസിന് രണ്ടാം ഇന്നിങ്‌സില്‍ ഒരു മണിക്കൂറെങ്കിലും ബാറ്റ് ചെയ്ത ശേഷം മാത്രമേ ഭാരതത്തെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ചെയ്യിക്കാന്‍ സാധിക്കൂ. ആദ്യ ഇന്നിങ്‌സ് നേരത്തെ അവസാനിച്ച് ഫോളോ ഓണ്‍ ചെയ്യേണ്ടിവന്നിരുന്നുവെങ്കില്‍ ഭാരതത്തിന് ഇന്നലെ തന്നെ രണ്ടാം ഇന്നിങ്‌സ് ബാറ്റ് ചെയ്യേണ്ടിവരുമായിരുന്നു. ഇന്ന് ഇനി ബാക്കി സമയത്ത് ബാറ്റ് ചെയ്താല്‍ പോലും ദിവസം അവാസനിക്കും വരെ ചെറുത്തു നിന്ന് മത്സരം സമനിലയിലാക്കാന്‍ ഭാരത ബാറ്റര്‍മാര്‍ക്ക് സാധിച്ചേക്കും. ഈ ടെസ്റ്റില്‍ ഇതുവരെ എന്നപോലെ ഇന്നും കുറേ സമയം മഴ അപഹരിച്ചാല്‍ ഓസീസ് ജയപ്രതീക്ഷ അത്രയും അകന്നുപോകും.

നാലാം ദിവസമായ ഇന്നലെ രാവിലെ ഭാരത ഓപ്പണര്‍ കെ.എല്‍. രാഹുലും നായകന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 51 റണ്‍സെന്ന നിലയിലാണ് ബാറ്റിങ് ആരംഭിച്ചത്. ഒരുവിധത്തില്‍ രണ്ടക്കം തികച്ച് രോഹിത് മടങ്ങി(10). ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിനായിരുന്നു വിക്കറ്റ്. ഭാരതത്തിന്റെ നാല് ബാറ്റര്‍മാരെയാണ് കമ്മിന്‍സ് പുറത്താക്കിയത്. ആറാം വിക്കറ്റില്‍ ക്രീസിലേക്കെത്തിയ രവീന്ദ്ര ജേഡജ ഈ പരമ്പരയില്‍ കിട്ടിയ ആദ്യ അവസരം നന്നായി മുതലാക്കി. രാഹുലിന് അര്‍ഹിച്ച പിന്തുണക്കാരനും ഭാരത സ്‌കോര്‍ നന്നായി ചലിപ്പിക്കുന്നയാളുമായി. ഇരുവരും ചേര്‍ന്ന് 67 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഭാരത സ്‌കോര്‍ 141ല്‍ നില്‍ക്കെ നഥാന്‍ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് രാഹുല്‍ മടങ്ങി. നിതീഷ് കുമാറിനെ(16) കൂട്ടുപിടിച്ച് ഭാരത ഇന്നിങ്‌സിലേക്ക് 53 റണ്‍സ് കൂടി ചേര്‍ത്ത ജഡേജ അര്‍ദ്ധ സെഞ്ച്വറി തികച്ചു. ഭാരത സ്‌കോര്‍ 200 കടന്നപാടെ മുഹമ്മദ് സിറാജ്(ഒന്ന്) പുറത്തായി. പകരം ബുംറ ക്രീസിലെത്തി. വാലറ്റക്കാരെ ഒപ്പം കിട്ടിയ ജഡേജയുടെ തലയ്‌ക്ക് മീതെ ഫോളോ ഓണ്‍ വാള്‍ ആടികളിച്ചു. സമ്മര്‍ദ്ദത്തെ അതിജയിക്കാനാകാതെ കമ്മിന്‍സിന് മുന്നില്‍ ജഡ്ഡു(77) കീഴടങ്ങി. പിന്നീടായിരുന്നു ബുംറയും ആകാശ് ദീപും ചേര്‍ന്ന അത്ഭുതകരമായ രക്ഷാപ്രവര്‍ത്തനം. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക