കൊല്‍ക്കത്ത: വധഭീഷണി ഉണ്ടെങ്കിലും ബംഗ്ലാദേശ് ഭരണകൂടം ജയിലിലടച്ച ഹിന്ദു ആചാര്യന്‍ ചിന്മയ് കൃഷ്ണ ദാസിനായി പോരാടുമെന്ന് പ്രമുഖ ബംഗ്ലാദേശി അഭിഭാഷകന്‍ രബീന്ദ്ര ഘോഷ്. ഹിന്ദുക്കള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ സമുദായത്തെ ഒന്നിപ്പിക്കുകയും ചെയ്തതിനാലാണ് ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍ ചിന്മയ് കൃഷ്ണ ദാസിനെ ലക്ഷ്യമിടുന്നതെന്ന് ആചാര്യന്റെ അഭിഭാഷകനായ രബീന്ദ്ര ഘോഷ് പറഞ്ഞു.
കഴിഞ്ഞ ദിവസം കൊല്‍ക്കത്തയ്‌ക്കടുത്ത് ബാരക്പൂരില്‍ ചികിത്സയ്‌ക്ക് എത്തിയ രബീന്ദ്ര ഘോഷ് ബംഗാളിലെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ചിന്മയ് കൃഷ്ണ ദാസിനെ പ്രതിനിധീകരിക്കാന്‍ തീരുമാനിച്ചതിന് ശേഷം വധഭീഷണി നേരിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ നീതിക്കും ന്യൂനപക്ഷ അവകാശങ്ങള്‍ക്കും വേണ്ടി പോരാടുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ബംഗ്ലാദേശ് സുപ്രീംകോടതിയുടെ അഭിഭാഷകനായ എനിക്കെതിരെ കള്ളക്കേസുകള്‍ ഫയല്‍ ചെയ്യുമെന്ന് അറിയാം. പക്ഷേ ഇത് എന്നെ തടയില്ല. എന്റെ ജീവിതകാലം മുഴുവന്‍ ഞാന്‍ അനീതിക്കെതിരെ പോരാടിയിട്ടുണ്ട്. മുസ്ലീങ്ങള്‍ക്ക് വേണ്ടിയും ഞാന്‍ കേസെടുക്കുകയും അവര്‍ക്ക് നീതി ലഭിക്കാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ദിവസം മരണം വരും, പക്ഷേ ഞാന്‍ യുദ്ധം തുടരും.
1971ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ ഹിന്ദു ന്യൂനപക്ഷങ്ങള്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ യുദ്ധത്തിന്റെ അടിസ്ഥാന തത്വങ്ങളെ പരാജയപ്പെടുത്തുന്നുവെന്ന് രബീന്ദ്ര ഘോഷ് പറഞ്ഞു.
ചിന്മയ് കൃഷ്ണ ദാസിന് വേണ്ടി പോരാടുമെന്ന് പ്രഖ്യാപിച്ച ദിവസം മുതല്‍ എനിക്ക് വധഭീഷണിയുണ്ട്. എനിക്ക് സ്ഥിരമായി ഭീഷണി കോളുകളും സന്ദേശങ്ങളും ലഭിക്കുന്നു, പക്ഷേ അത് എന്റെ ചുമതല നിര്‍വഹിക്കുന്നതില്‍ നിന്ന് എന്നെ തടയില്ല. ചിന്മയ് കൃഷ്ണദാസിനോടും മറ്റ് ഹിന്ദുക്കളോടും കാണിച്ച അനീതിക്കെതിരെ ഞാന്‍ പോരാടുന്നത് തുടരുമെന്നും അദ്ദേഹം അസന്നിഗ്ധമായി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: