ന്യൂദല്‍ഹി: ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒറ്റ രാജ്യം ഒറ്റ തെരഞ്ഞെടുപ്പു ബില്ലിലെ 82(എ) വകുപ്പ്. പൊതു തെരഞ്ഞെടുപ്പിന് ശേഷം രാഷ്‌ട്രപതി ലോക്സഭയുടെ ആദ്യ സഭാസമ്മേളനത്തിനായി വിജ്ഞാപനം പുറപ്പെടുവിക്കും. ആ വിജ്ഞാപന തീയതി ആയിരിക്കും പുതിയ സഭയുടെ നിയുക്ത തീയതി.
ലോക്സഭയുടെ കാലാവധി അവസാനിക്കുന്ന അന്നായിരിക്കും തെരഞ്ഞെടുക്കപ്പെട്ട എല്ലാ നിയമസഭകളുടേയും കാലാവധിയും പൂര്‍ത്തിയാവുക. അതായത് 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പ് മുതലാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പാക്കി തുടങ്ങുന്നതെങ്കില്‍ 2029ന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ നിയമസഭകളുടേയും കാലാവധി 2034ല്‍ പൂര്‍ത്തിയാവും. 2029ന് മുമ്പായി നിലവില്‍ വന്നതും 2034ന് മുമ്പായി കാലാവധി പൂര്‍ത്തിയാവുന്നതുമായ നിയമസഭകള്‍ക്ക് 2034ലെ പൊതുതെരഞ്ഞെടുപ്പ് വരെ കാലാവധി നീട്ടി ലഭിക്കുകയും ചെയ്യും.
കേരളാ നിയമസഭ 2031ലാണ് കാലാവധി പൂര്‍ത്തിയാവുന്നതെങ്കിലും 2034 വരെ കാലാവധി ലഭിച്ചേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം ഏതെങ്കിലും ഒരു നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്താതിരിക്കാനുള്ള വ്യവസ്ഥകളും 82(എ) അഞ്ച് ഉപവകുപ്പില്‍ അധികാരപ്പെടുത്തിയിട്ടുണ്ട്. രാഷ്‌ട്രപതിയുടെ ശിപാര്‍ശ അനുസരിച്ചാവും കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ഇതിന് അധികാരം.
ഇത്തരത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവെയ്‌ക്കപ്പെടുന്ന സാഹചര്യത്തില്‍ പിന്നീട് രൂപീകരിക്കുന്ന നിയമസഭയ്‌ക്ക് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വരെ മാത്രമേ കാലാവധി ഉണ്ടാവൂ എന്ന് 82(എ) ആറ് ഉപവകുപ്പ് പറയുന്നു.
ആര്‍ട്ടിക്കിള്‍ 83: അഞ്ച് പുതിയ ഉപവകുപ്പുകളാണ് പുതുതായി ഭേദഗതിയിലൂടെ ആര്‍ട്ടിക്കിള്‍ 83ലേക്ക് കൂട്ടിച്ചേര്‍ക്കുന്നത്. ഇടക്കാല തെരഞ്ഞെടുപ്പുകളെപ്പറ്റിയാണിവ. ലോക്സഭയുടെ കാലാവധി എന്നത് ആദ്യ സമ്മേളനം മുതല്‍ അഞ്ചുവര്‍ഷമാണ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാവാതെ സര്‍ക്കാര്‍ വീഴുകയും ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയും വന്നാല്‍ അഞ്ചുവര്‍ഷത്തില്‍ അവശേഷിക്കുന്ന കാലത്തേക്ക് മാത്രമായിരിക്കും പുതിയ ലോക്സഭയുടെ കാലാവധി.
ആര്‍ട്ടിക്കിള്‍ 172: ലോക്സഭയുടെ കാലാവധിക്കൊപ്പം തെരഞ്ഞെടുപ്പ് നടന്ന് രൂപീകൃതമാകുന്ന നിയമസഭ, കാലാവധി പൂര്‍ത്തിയാക്കാതെ പിരിഞ്ഞാല്‍ പൊതുതെരഞ്ഞെടുപ്പിന് അവശേഷിക്കുന്ന കാലത്തേക്ക് മാത്രമായിട്ടാവും നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുക.
ആര്‍ട്ടിക്കിള്‍ 327: ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടത്തി സഭകള്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട വോട്ടര്‍ പട്ടിക, മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയം തുടങ്ങിയ എല്ലാ കാര്യങ്ങള്‍ക്കും പാര്‍ലമെന്റ് സമയാസമയങ്ങളില്‍ വ്യവസ്ഥകള്‍ തയ്യാറാക്കുമെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു.
കേന്ദ്രഭരണപ്രദേശങ്ങളുടെ നിയമഭേദഗതി, 2024: 1963ലെ കേന്ദ്രഭരണ പ്രദേശ നിയമം, 1991ലെ നാഷണല്‍ ക്യാപിറ്റല്‍ ടെറിറ്ററി ഓഫ് ദല്‍ഹി ആക്ട്, 2019ലെ ജമ്മുകശ്മീര്‍ പുനസംഘടനാ നിയമം എന്നിവയിന്മേലുള്ള ഭേദഗതിയാണിത്. സംസ്ഥാന നിയമസഭകളുടെ കാലാവധി സംബന്ധിച്ച ഭരണഘടനാ ഭേദഗതി ബില്ലിന് അനുസൃതമായി കേന്ദ്രഭരണ പ്രദേശങ്ങളിലേയും നിയമസഭകളുടെ കാലാവധി പുനക്രമീകരിക്കാന്‍ ഈ ബില്ലിലൂടെ വ്യവസ്ഥ ചെയ്യുന്നു.
അനന്തമായി തുടരുന്ന രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയയില്‍ സമ്പൂര്‍ണ പൊളിച്ചെഴുത്തു ലക്ഷ്യമിട്ടാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പു ബില്‍ കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്.
ലോക്സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ബില്‍ കേന്ദ്ര നിയമ മന്ത്രി അര്‍ജ്ജുന്‍ റാം മേഘ്വാളാണ് ഭരണഘടനാ ഭേദഗതി ബില്ലായി അവതരിപ്പിച്ചത്. പാര്‍ലമെന്റ് സംയുക്ത സമിതിയുടെ (ജെപിസി) പരിഗണനയ്‌ക്കു ബില്‍ വിടുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ അറിയിച്ചു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലിന്റെ അവതരണാനുമതി തേടിയ വോട്ടെടുപ്പില്‍ 269 പേര്‍ അനുകൂലിച്ചു. പ്രതിപക്ഷത്ത് 198 പേര്‍ ബില്ലിനെ എതിര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശ പ്രകാരമാണ് ബില്‍ ജെപിസിക്കു വിടുന്നതെന്ന് അമിത് ഷാ പറഞ്ഞു. ജെപിസി ശിപാര്‍ശകള്‍ക്കു ശേഷം ബില്ലിന്മേല്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ 129-ാം ഭേദഗതിയായാണ് ബില്‍ അവതരിപ്പിച്ചത്.
ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്താന്‍ വ്യവസ്ഥ ചെയ്യുന്ന ഒരു ബില്ലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ദല്‍ഹിയിലും ഒരുമിച്ചു തെരഞ്ഞെടുപ്പിനുള്ള മറ്റൊരു ബില്ലുമാണ് കേന്ദ്ര നിയമമന്ത്രി ഇന്നലെ അവതരിപ്പിച്ചത്.
തെരഞ്ഞെടുപ്പ് ഏകീകരിക്കാന്‍ ഭരണഘടനയുടെ 82, 83, 172, 327 അനുച്ഛേദങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് നിയമ മന്ത്രി അറിയിച്ചു. ആര്‍ട്ടിക്കിള്‍ 82എ പുതുതായി കൊണ്ടുവരും. ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പ് എന്ന വ്യവസ്ഥ ഈ ചട്ടത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോക്സഭയോ ഏതെങ്കിലും നിയമസഭകളോ അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കാതെ പിരിയേണ്ടി വന്നാല്‍ ഇടക്കാല തെരഞ്ഞെടുപ്പു നടത്തി പുതിയ സഭ രൂപീകരിക്കുന്നത് അഞ്ചു വര്‍ഷം പൂര്‍ത്തിയാകാന്‍ അവശേഷിക്കുന്ന കാലത്തേക്കു മാത്രമായിരിക്കും എന്നതാണ് പ്രധാന വ്യവസ്ഥ.
തെരഞ്ഞെടുപ്പു പരിഷ്‌കാരങ്ങള്‍ക്കായി ബില്ലുകള്‍ കൊണ്ടുവരാന്‍ അധികാരമുണ്ടെന്നും രാജ്യത്തെ തെരഞ്ഞെടുപ്പു പ്രക്രിയകളെ ലഘൂകരിക്കാനാണ് ഈ ബില്ലെന്നും മേഘ്വാള്‍ പറഞ്ഞു. ഭരണഘടനയ്‌ക്കു പോറലൊന്നുമേല്‍ക്കാത്തതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ബില്‍ അവതരണത്തെ കോണ്‍ഗ്രസ്, ടിഎംസി, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായെതിര്‍ത്തു. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള ബില്ലിന് കഴിഞ്ഞയാഴ്ച കേന്ദ്ര മന്ത്രിസഭ അനുമതി നല്കിയിരുന്നു. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയായി നൂറു ദിവസത്തിനകം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും പൂര്‍ത്തിയാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: