മേപ്പടിയാൻ എന്ന സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ വിഷ്ണു മോഹൻ സംവിധാനം ചെയ്ത ചലച്ചിത്രമാണ് കഥ ഇന്നുവരെ. സെപ്റ്റംബർ 20ന് റിലീസ് ആയ ഈ സിനിമ തിയേറ്ററിൽ വലിയ ചലനം സൃഷ്ടിച്ചില്ല. ഡിസംബർ പതിമൂന്നാം തീയതി സിനിമ ആമസോൺ പ്രൈം റിലീസ് ചെയ്തതിന് തുടർന്നാണ് ഞാൻ ഇത് കാണുന്നത്. കോവിഡിന്റെ കാലത്താണ് മേപ്പടിയാൻ ഞാൻ തിയറ്ററിൽ കാണുന്നത്. കോവിഡ് ആയിരുന്നതിനാൽ തിയറ്ററിൽ ഒരു വിജയമാകാൻ മേപ്പടിയാൻ എത്രത്തോളം സാധിച്ചിട്ടുണ്ട് എന്ന് എനിക്ക് അറിയില്ല. മേപ്പടിയാൻ സിനിമ അതിലെ ഒരു രംഗത്തിൽ സേവാഭാരതിയുടെ ആംബുലൻസ് കാണിച്ചതിനെ തുടർന്ന് മത വർഗീയവാദികളുടെ പക്ഷത്തുനിന്നും വൻ വിമർശനം നേരിട്ടിരുന്നു. പിന്നീട് ആമസോൺ പ്രൈമിൽ വന്നതിനെ തുടർന്ന് സിനിമയ്ക്ക് നല്ല ഒരു അഭിപ്രായം ലഭിക്കുകയുണ്ടായി. ഉണ്ണി മുകുന്ദൻ നിർമ്മിച്ചു നായകനായ മേപ്പടിയാന് കുറെയധികം പുരസ്കാരങ്ങൾ ലഭിച്ചു. തൻറെ ആദ്യ സിനിമയിലൂടെ തന്നെ മലയാള ചലച്ചിത്ര ശാഖയിലേക്ക് വരവറിയിച്ച വിഷ്ണു മോഹന്റെ രണ്ടാമത്തെ ചിത്രം ആയ കഥ ഇന്നുവരെ വളരെ പ്രതീക്ഷയോടെ കൂടി തന്നെയാണ് ഞാൻ കാണാൻ ഇരുന്നത്. മേപ്പടിയാല് നിന്നും വളരെ വ്യത്യസ്തമായി പ്രണയം ഉടനീളം കൈകാര്യം ചെയ്ത ഒരു ചിത്രമായിരുന്നു കഥ ഇന്നുവരെ. ചിത്രത്തിൻറെ എടുത്തുപറയേണ്ട ഒരു ഘടകം എന്ന് വെച്ചാൽ അതിൻറെ ചായാഗ്രഹണം തന്നെയായിരുന്നു. ജോമോൻ ടി ജോൺ കൈകാര്യം ചെയ്ത സിനിമയുടെ രംഗങ്ങൾ അതീവഹൃദയം തന്നെയായിരുന്നു. നാലു വ്യത്യസ്ത പ്രണയ കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു ദൃശ്യ അനുഭവമാണ് നമുക്ക് കിട്ടുന്നത്. ബിജു മേനോൻ കൈകാര്യം ചെയ്ത നായക കഥാപാത്രം സർക്കാർ സർവീസിലെ ഒരു പ്യൂൺ ആണ്. അതെ ഓഫീസിൽ തന്നെ ഗസറ്റഡ് ഉദ്യോഗസ്ഥയായി ജോലിക്ക് വരുന്ന മേതിൽ ദേവികയുടെ കഥാപാത്രവുമായി സംഭവിക്കുന്ന പ്രണയവും തുടർ സംഭവങ്ങളും ആണ് സിനിമയുടെ പ്രധാന ഇതുവൃത്തം. ഇതിൻറെ കൂടെ തന്നെ എട്ടാം ക്ലാസുകാരായ കൗമാരക്കാരുടെ പ്രണയം, ചിത്രം കൈകാര്യം ചെയ്യുന്നുണ്ട്. കേരളത്തിൻറെ വ്യത്യസ്തമായ ഭൂപ്രകൃതിയിലാണ് ഓരോ കഥകളും നടക്കുന്നത്. എട്ടാം ക്ലാസുകാരുടെ പ്രണയ കഥ നടക്കുന്നത് പാലക്കാട് ആണെങ്കിൽ, യൗവനയുക്തരായ അനുശ്രീയും ഹക്കീംഷായും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ ഇടുക്കിയുടെ പശ്ചാത്തലത്തിലാണ്. അതോടൊപ്പം തന്നെ ആലപ്പുഴ പശ്ചാത്തലമാക്കി ഇരുപതുകളുടെ യൗവനത്തിൽ നിൽക്കുന്ന അനുമോഹന്റെയും നിഖിലാവിമലിന്റെയും കഥാപാത്രങ്ങളുടെ പ്രണയകഥ പറഞ്ഞു പോകുന്നുണ്ട്. പ്രണയത്തിന് രണ്ടാമതൊരു ചാൻസ് കൂടെ കൊടുക്കണം എന്നാണ് ഈ സിനിമയുടെ പ്രധാനമായ ഇതിവൃത്തം. പ്രശസ്ത നർത്തകിയായ മേതിൽ ദേവിക ആദ്യമായി അഭിനയിച്ച സിനിമ കൂടിയാണ് കഥ ഇന്നു വരെ. ചിത്രത്തിൽ അഭിനയിച്ചവരെല്ലാം തന്നെ തങ്ങളുടെ കഥാപാത്രങ്ങൾ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എടുത്തു പറയേണ്ടത് ഹക്കീം ഷാജഹാന്റെയും അനുശ്രീയുടെയും പ്രകടനം തന്നെയാണ്. അതു പോലെതന്നെ അപ്പുണ്ണി ശശി അവതരിപ്പിച്ച ശിൽപ്പിയുടെ കഥാപാത്രം ഉഗ്രനായിരുന്നു. എന്നാൽ ബിജു മേനോന്റെ കഥാപാത്രത്തിന് വ്യക്തമായ ഒരു ആഴം നൽകുന്നതിൽ സംവിധായകൻ പരാജയപ്പെട്ടിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിഖില വിമൽ കൈകാര്യം ചെയ്ത കഥാപാത്രം ഒരു ഐഡന്റിറ്റി നഷ്ടപ്പെട്ട കഥാപാത്രത്തെ പോലെയാണ് എനിക്ക് ഫീൽ ചെയ്തത്. നിഖിലയുടെ സ്ഥിരം മടുപ്പിക്കൽ അഭിനയശൈലി തന്നെയാണ് ഈ സിനിമയിലും. നിഖിലയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ നിന്നും ഇപ്പോഴും വണ്ടി കിട്ടിയിട്ടില്ലാത്ത പോലെയാണ് തോന്നുന്നത്. നിഖില, നിഖിലയായിട്ട് തന്നെ അഭിനയിക്കുകയാണ്, കഥാപാത്രം ആവാൻ തീരെ കഴിഞ്ഞില്ല. യൂട്യൂബിൽ ഇൻറർവ്യൂവിൽ വരുന്ന ലാഘവത്തോടുകൂടിയാണ് നിഖില തന്റെ കഥാപാത്രത്തെ കൈകാര്യം ചെയ്തത്. ചിത്രത്തിൽ ഏറ്റവും വലിയ മിസ്കാസ്റ്റ് ആയിട്ട് എനിക്ക് ഫീൽ ചെയ്തത് നിഖിലയുടെ കഥാപാത്രമാണ്. അനു മോഹനും ആയിട്ടുള്ള രംഗങ്ങളിൽ വളരെ ആർട്ടിഫിഷ്യൽ ആയിട്ടുള്ള ഒരു അനുഭവമാണ് ഫീൽ ചെയ്തത്. കുറച്ചെങ്കിലും മടുപ്പ് തോന്നിയതും തീരെ ദഹിക്കാത്തതുമായ പ്രണയ രംഗങ്ങൾ അനുമോഹനം നിഖിലയും തമ്മിലുള്ളതാണ്.
പ്രണയ കഥകൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ഡീറ്റെയിൽഡ് ആയിട്ടുള്ള കാര്യങ്ങൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇതിന് റഫറൻസ് ആയിട്ട് നമുക്ക് പറയാൻ പറ്റുന്നത് ചേരൻ സംവിധാനം ചെയ്തു 2004ൽ പുറത്തിറങ്ങിയ ഓട്ടോഗ്രാഫ് എന്ന സിനിമയാണ്. അതും നായകന്റെ ജീവിതത്തിലെ പല ഘട്ടത്തിലെ പ്രണയമാണ് കൈകാര്യം ചെയ്യുന്നത്. ഒരു പൊടിക്ക് അങ്ങോട്ടോ ഇങ്ങോട്ടോ പോയാൽ ക്രിഞ്ച് ഫെസ്റ്റ് ആവാൻ സകല സാധ്യതയും ഉണ്ടായിരുന്ന സിനിമ കാണികളും ആയിട്ട് ഇമോഷണൽ കണക്ട് ചെയ്യാൻ നായകൻ കൂടിയായ സംവിധായകൻ ചേരന് സാധിച്ചു. വളരെയധികം നിരൂപക പ്രശംസയോടൊപ്പം സാമ്പത്തിക വിജയം നേടിയ ചിത്രം ദേശീയ അവാർഡും കരസ്ഥമാക്കി. അതിലെ ഗാനങ്ങളും എടുത്തു പറയേണ്ടതാണ്. സിനിമയുടെ ഫീലിനെ എലിവേറ്റ് ചെയ്യാൻ അതിലെ ഗാനങ്ങൾക്ക് കഴിഞ്ഞു. ഓട്ടോഗ്രാഫിലെ നായകൻറെ കണ്ണ് നിറയുന്നതിനോടൊപ്പം തന്നെ പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കാനും സംവിധായകനായ ചേരന് കഴിഞ്ഞു.
മറ്റൊരു ന്യൂനതയായി എനിക്ക് തോന്നിയത് സിനിമയുടെ പേര് തന്നെയാണ്. കുറച്ചുകൂടി ക്രിയേറ്റീവ് ആയിട്ടുള്ള ഒരു പേര് സിനിമയ്ക്ക് നൽകാമായിരുന്നു. അക്കാര്യത്തിൽ സംവിധായകൻ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരുന്നു. സിനിമയുടെ വേറൊരു പോരായ്മയായി തോന്നിയത് സംഗീത സംവിധാനമാണ്. അശ്വിൻ ആര്യൻ എന്ന പുതുമുഖമാണ് സിനിമയുടെ സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയുടെ കഥയ്ക്ക് കഥാപാരിസരത്തിനോ ഒരുതരത്തിലുള്ള നീതിയും പുലർത്താൻ സംഗീത സംവിധായകന് കഴിഞ്ഞില്ല. ചിത്രത്തിൽ ഗാനങ്ങൾ എല്ലാം തന്നെ പാരലലായി പോകുന്നുണ്ടെങ്കിലും പ്രേക്ഷകരും ആയിട്ട് തീരെ കണക്ട് ആയില്ല. അതുപോലെതന്നെ പശ്ചാത്തല സംഗീതം സിനിമയ്ക്ക് ഒരു ഉപയോഗവും ചെയ്തില്ല. സംഗീതത്തിന്റെ അനന്തമായ സാധ്യതകൾ ഉപയോഗിക്കുന്നതിൽ സംവിധായകനായ വിഷ്ണു മോഹൻ ഈ അവസരത്തിൽ പരാജയപ്പെട്ടതായി എനിക്കും തോന്നി. വർഷങ്ങൾക്കുശേഷം, ഹൃദയം പോലുള്ള ആവർത്ത വിരസമനയ സബ്ജക്ടുകൾ സംഗീതത്തിന്റെ സഹായത്തോടുകൂടി വിനീത് ശ്രീനിവാസൻ മറികടക്കുന്നത് പ്രേക്ഷകരായ നമ്മൾ കണ്ടതാണ്.
കുറെയധികം കഥാപാത്രങ്ങൾ സിനിമയിൽ വരുന്നുണ്ടെങ്കിലും ആ കഥാപാത്രങ്ങളിലെ ഉള്ളിലേക്ക് കടക്കുന്നതിൽ തിരക്കഥാകൃത്ത് കൂടിയായ സംവിധായകൻ വിജയിച്ചിട്ടില്ല എന്ന് വേണം അനുമാനിക്കാൻ. ബിജുമേനോൻ അവതരിപ്പിച്ച കഥാപാത്രത്തിൻറെ സംഭാഷണങ്ങൾ വളരെ നാടകീയമായി ഇടയ്ക്ക് തോന്നി. അതുപോലെതന്നെ മേതിൽ ദേവികയുടെയും ഡബ്ബിങ് അത്ര നന്നായില്ല. ഇതിൽ എനിക്ക് തോന്നിയ മറ്റൊരു പ്രശ്നമാണ് ഒരു കഥയിൽ നിന്ന് മറ്റൊരു കഥയിലേക്ക് കടക്കുമ്പോൾ ഉണ്ടാകുന്ന ആ ഒരു ട്രാൻസിഷൻ ഫീലിംഗ്. ഒരു ഭൂപ്രകൃതിയിൽ നിന്നും മറ്റൊരു ഭൂപ്രകൃതിയിലേക്ക് പെട്ടെന്ന് ചാടി പോകുന്ന ഒരു രീതിയിലാണ് കഥയുടെ നറേഷൻ. മറ്റൊരു കഥയിലേക്ക് കടക്കുമ്പോൾ പ്രേക്ഷകരെ കൺഫ്യൂസ് ചെയ്യിക്കാത്ത രീതിയിൽ വേണമായിരുന്നു അത് ചെയ്യാൻ. മറ്റൊരു പ്രശ്നമായി എനിക്ക് പേഴ്സണലി തോന്നിയത് ആവാം സിനിമയിലെ പ്രണയകഥകൾ എല്ലാം തന്നെ ട്രാജഡിയിലാണ് അവസാനിക്കുന്നത്. പേഴ്സണലി എനിക്ക് പ്രണയം ട്രാജഡിയിൽ അവസാനിക്കുന്നതിനോട് തീരെ താല്പര്യമില്ല അതുകൊണ്ടായിരിക്കും. അതുപോലെതന്നെ അപ്പുണ്ണി ശശിയുടെ കഥാപാത്രത്തിന് വളരെ കണ് നിറയ്ക്കുന്ന ഒരു പര്യവസാനമാണ് കൊടുത്തിരിക്കുന്നത്. സിനിമ കണ്ടു കഴിഞ്ഞിട്ടും എനിക്ക് ഒരു നീറ്റൽ തന്ന കഥാപാത്രം അനുശ്രീയുടെ കഥാപാത്രമായിരുന്നു. ടോംബോയ്, അധികപ്രസംഗി, തേപ്പുകാരി തുടങ്ങിയ സ്റ്റീരിയോ ടൈപ്പ് കഥാപാത്രങ്ങൾ തുടരെ ചെയ്ത അനുശ്രീക്ക് നല്ലൊരു ബ്രേക്ക് കൊടുക്കുവാൻ ഈ സിനിമയ്ക്ക് സാധിച്ചു. സിദ്ദിക്ക് ചെയ്ത കഥാപാത്രവും വളരെ നാടകീയം ആയിരുന്നു. രഞ്ജി പണിക്കരുടെ കഥാപാത്രത്തിൻറെ കാറ്റുപിടുത്തം മറ്റെല്ലാ സിനിമയിലും പോലെ തന്നെ ഇതിലും ഉണ്ടായിരുന്നു. ജ്യോത്സ്യനായ ഹരി പത്തനാപുരം ജ്യോത്സ്യനായി തന്നെ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. കോട്ടയം രമേശ് കൈകാര്യം ചെയ്ത മെക്കാനിക്ക് കഥാപാത്രം മേപ്പടിയാൻ സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നും വന്നതാണോ എന്നൊരു സംശയം ഉണ്ട്.
2018ൽ പുറത്തിറങ്ങിയ കെയർ ഓഫ് കഞ്ചരപ്പാലം എന്ന തെലുങ്ക് സിനിമയുടെ റീമേക്കാണ് ഇതെന്ന് സിനിമ ഇറങ്ങിയ സമയത്ത് തന്നെ പല ഫേസ്ബുക്ക് ഗ്രൂപ്പുകളിലും ചർച്ച ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. കെയർ ഓഫ് കഞ്ചരപ്പാലം സിനിമ ഞാൻ കണ്ടിട്ടില്ലാത്തതിനാൽ അതിനെപ്പറ്റി എനിക്ക് കമൻറ് ചെയ്യാൻ പറ്റില്ല. മേൽപ്പറഞ്ഞ നെഗറ്റീവ് വശങ്ങളെല്ലാം തന്നെ എനിക്ക് പേഴ്സണലി ഫീൽ ചെയ്തതാണ്. ഉടനീളം പ്രണയം കൈകാര്യം ചെയ്യുന്ന ചലച്ചിത്രം ആയിരുന്നിട്ടുകൂടി ക്രിഞ്ച് എലമെന്റുകൾ സിനിമയിൽ തീരെ ഇല്ല. രണ്ടു മണിക്കൂറോളം നീളമുള്ള സിനിമ അധികം ലാഗ് ഇല്ലാത്ത തന്നെ കണ്ടുകൊണ്ടിരിക്കാം. ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചവർക്ക് ഏതെങ്കിലും ഒക്കെ തരത്തിൽ സിനിമ ഇമോഷണൽ കണക്ട് ആകും എന്നാണ് എനിക്ക് തോന്നുന്നത്.
ജഗത് ജയപ്രകാശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: