Football

ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ മിഖായേല്‍ സ്റ്റാറെ പുറത്ത്

Published by

കൊച്ചി: പ്രകടനം മോശമാകുമ്പോള്‍ പരിശീലകനെ പുറത്താക്കുന്ന സ്ഥിരം പതിവ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണയും തെറ്റിച്ചില്ല. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ മോഹന്‍ബഗാന്‍ സൂപ്പര്‍ ജയന്റിനെതിരെ ലീഡ് നേടിയ ശേഷം പരാജയപ്പെട്ടതിനു പിന്നാലെ മുഖ്യപരിശീലകന്‍ മിഖായേല്‍ സ്റ്റാറെയെ ക്ലബ്ബ് മാനേജ്മെന്റ് പുറത്താക്കി.

സഹപരിശീലകരായ ബിയോണ്‍ വെസ്ട്രോം, ഫ്രെഡറികോ പെരേര മൊറൈസ് എന്നിവരും ചുമതലകളില്‍ നിന്ന് ഒഴിഞ്ഞതായി ബ്ലാസ്റ്റേഴ്സ് പത്രക്കുറിപ്പില്‍ അറിയിച്ചു. ടീമിന്റെ പുതിയ പരിശീലകനെ ഉടന്‍ പ്രഖ്യാപിക്കും. അതുവരെ കെബിഎഫ്സി റിസര്‍വ് ടീമിന്റെ മുഖ്യപരിശീലകനും യൂത്ത് ഡെവലപ്മെന്റ് ഹെഡുമായ തോമഷ് തൂഷ്, സഹപരിശീലകന്‍ ടി.ജി. പുരുഷോത്തമന്‍ എന്നിവര്‍ക്കായിരിക്കും ടീമിന്റെ പരിശീലക ചുമതല.

കഴിഞ്ഞ സീസണില്‍ പരിശീലകനായിരുന്ന സൂപ്പര്‍കോച്ച് ഇവാന്‍ വുകോമനോവിച്ചിനെ പുറത്താക്കിയതിന് പിന്നാലെ 2024 മെയ് 23നാണ് സ്വീഡിഷ് മുന്‍താരം മിഖായേല്‍ സ്റ്റാറെയെ പുതിയ കോച്ചായി നിയമിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇതുവരെ കിരീടം നേടാനാവാത്ത കേരള ബ്ലാസ്റ്റേഴ്സിന്റെ പതിനൊന്നാം പരിശീലകനായി എത്തിയ 48കാരന് 2026 വരെ കരാറുണ്ടായിരുന്നു. എന്നാല്‍ ടീമിന്റെ ദയനീയ പ്രകടനം സീസണ്‍ അവസാനിക്കും മുമ്പേ കോച്ചിന്റെ പുറത്താക്കലിന് വഴിയൊരുക്കുകയായിരുന്നു.

ഐഎസ്എല്ലിലെ ആദ്യ സ്വീഡിഷ് പരിശീലകനെന്ന സവിശേഷതയോടെ എത്തിയ സ്റ്റാറെക്ക് കീഴില്‍ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. ആദ്യ മത്സരത്തില്‍ പഞ്ചാബ് എഫ്സിയോട് തോറ്റായിരുന്നു തുടക്കം. പിന്നീട് രണ്ട് ജയവും സമനിലയുമായി ഫോമിലേക്കുയര്‍ന്നെങ്കിലും, തുടര്‍തോല്‍വികള്‍ ടീമിനെ തളര്‍ത്തി. നവംബര്‍ 24ന് ശേഷം ടീം ഒരു മത്സരവും ജയിച്ചില്ല. ഇതോടെ ആരാധകരും ടീമിനെ കൈവിട്ടു. മാനേജ്മെന്റിനെതിരെയും ടീമിനെതിരെയും മഞ്ഞപ്പട പരസ്യമായി രംഗത്തെത്തി. എല്ലാ പ്രതിസന്ധിയിലും ടീമിനൊപ്പം നില്‍ക്കാറുള്ള ആരാധകര്‍, ടിക്കറ്റ് എടുക്കാതെ കളി ബഹിഷ്‌ക്കരിക്കുമെന്ന് വരെ സൂചന നല്‍കി, അതൊന്നും ബ്ലാസ്റ്റേഴ്സിന് പാഠമായില്ല.

എഫ്‌സി ഗോവയോടും പിന്നീട് ചിരവൈരികളായ ബെംഗളൂരു എഫ്സിയോടും പിന്നാലെ മോഹന്‍ബഗാനോടും ടീം തോറ്റു. കോച്ചിനെ പുറത്താക്കി ആരാധകരോഷം കുറയ്‌ക്കാനാവുമെന്നായിരുന്നു മാനേജ്മെന്റിന്റെ പ്രതീക്ഷ. എന്നാല്‍ നിലവിലെ ടീമിനെ ഉപയോഗിച്ച് കോച്ചിന് ഇതില്‍ കൂടുതല്‍ ചെയ്യാനില്ലെന്ന് ആരാധകര്‍ പറയുന്നു. കോച്ചിന്റെ പെട്ടെന്നുള്ള പിരിച്ചുവിടല്‍, സ്വന്തം കഴിവുകേടില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള മാനേജ്മെന്റിന്റെ വ്യഗ്രതയുടെ വ്യക്തമായ സൂചനയാണെന്ന് മഞ്ഞപ്പട ഔദ്യോഗികമായി പ്രതികരിച്ചു. സ്വന്തം പരാജയങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുപകരം, ഒരു പരിശീലകനെ ബലിയാടാക്കാനാണ് ടീം തീരുമാനിച്ചത്. കോച്ചിനെ പുറത്താക്കുന്നത് ടീമിലെ ആഴത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമാകില്ല, മാനേജ്മെന്റിന്റെ ബലിയാടാക്കല്‍ തന്ത്രങ്ങളിലൂടെ തങ്ങളെ കബളിപ്പിക്കാനാവില്ലെന്നും മഞ്ഞപ്പട സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by