Entertainment

സ്വാമി അയ്യപ്പന്‍’ 50 ലേക്ക്; ആ റോഡും.

Published by

1975 ഓഗസ്റ്റില്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ സിനിമയ്‌ക്ക് 2025-ല്‍ അരനൂറ്റാണ്ട് തികയുമ്പോള്‍ ശബരിമലയ്‌ക്കുമുണ്ട് ഓര്‍ക്കാനേറെ. അന്ന് ബോക്‌സ് ഓഫീസ് വിജയം നേടിയ ആ സിനിമയുടെ ലാഭം ഉപയോഗിച്ചാണ്, ഇന്ന് ലക്ഷക്കണക്കിന് അയ്യപ്പന്മാര്‍ സഞ്ചരിക്കുന്ന സ്വാമി അയ്യപ്പന്‍’ റോഡ് പണിതത്. നീലിമലയിലൂടെയുള്ളതല്ലാതെ മറ്റൊരു പാതയും അന്ന് പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഇല്ലായിരുന്നു. സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ മെറിലാന്‍ഡ് ഉടമ പി.സുബ്രഹ്‌മണ്യം പണിത സ്വാമി അയ്യപ്പന്‍ റോഡാണ് ശബരിമലയിലെ വികസനങ്ങള്‍ക്കെല്ലാം വഴിതുറന്നത്.

 

ഈ റോഡിലൂടെയാണ് മലയിലേക്ക് ആദ്യമായി വാഹനം കയറിയതെന്ന് സുബ്രഹ്‌മണ്യത്തിന്റെ മകന്‍ എസ്.കാര്‍ത്തികേയന്‍ പറഞ്ഞു. ”സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് സന്നിധാനത്തുള്ളപ്പോഴാണ് ശബരിമലയുടെ വികസനത്തിനായി എന്തെങ്കിലും ചെയ്യണമെന്ന മോഹം അച്ഛന് ഉണ്ടാകുന്നത്.

 

അന്നത്തെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അതേപ്പറ്റി അച്ഛനോട് സംസാരിച്ചിരുന്നു. അതനുസരിച്ച്, ശബരിമല വികസനത്തിനുമാത്രമായി സുബ്രഹ്‌മണ്യം റിലിജസ് ട്രസ്റ്റ് രൂപവത്കരിച്ചു. സിനിമ വിജയിച്ചാല്‍ ആ പണം അയ്യപ്പനുള്ളതാണെന്ന് അച്ഛന്‍ നിശ്ചയിച്ചു. അച്ഛനൊപ്പം ഞാനും എന്റെ സഹോദരങ്ങളായ എസ്.കുമാര്‍, എസ്.ചന്ദ്രന്‍ എന്നിവരുമൊക്കെ ചേര്‍ന്നാണ് സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്

 

ജെമിനി ഗണേശന്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മാസ്റ്റര്‍ രഘു തുടങ്ങിയവര്‍ പ്രധാന അഭിനേതാക്കളായി. 1975 ഓഗസ്റ്റ് 16- നായിരുന്നു ആദ്യപ്രദര്‍ശനം. സിനിമയ്‌ക്ക് 20 ലക്ഷത്തോളം രൂപ ചെലവായി. വരുമാനമായി ലഭിച്ചത് അഞ്ചുകോടിയോളം രൂപ. ഇതില്‍നിന്നൊരു സംഖ്യ ഉപയോഗിച്ചാണ് പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 22 ദിവസംകൊണ്ട് മൂന്നുകിലോമീറ്റര്‍ റോഡ് പണിതത്. ശൗചാലയങ്ങള്‍, വാട്ടര്‍ടാങ്കുകള്‍ തീര്‍ഥാടകര്‍ക്കുള്ള ഷെഡ്ഡുകള്‍, വിശ്രമകേന്ദ്രങ്ങള്‍ തുടങ്ങിയവയും പണിതു.

 

അച്ഛന്റെ മരണശേഷം 2016-ല്‍ ഈ റോഡ് കോണ്‍ക്രീറ്റ് ചെയ്തുനല്‍കി. അയ്യപ്പനുവേണ്ടി എന്തുചെയ്യുന്നതും സന്തോഷമുള്ള കാര്യംതന്നെ”-കാര്‍ത്തികേയന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക