ന്യൂദല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലത്ത് ഭരണഘടനയ്‌ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരെ സ്വീകരിച്ച നടപടികള്‍ അക്കമിട്ട് നിരത്തി രാജ്യസഭയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍.
ഇടക്കാല സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലിരുന്ന 1951ല്‍ ഭരണഘടനയില്‍ നെഹ്‌റു കൊണ്ടുവന്ന ആദ്യ ഭേദഗതി തന്നെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. രാജ്യസഭയില്‍ ഭരണഘടനാ വിഷയത്തില്‍ ആരംഭിച്ച രണ്ടുദിവസത്തെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു നിര്‍മല.
രാജ്യത്ത് ഭരണഘടന മാറ്റിയെഴുതാന്‍ ശ്രമിച്ചതെല്ലാം ഒരു കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായിരുന്നു. നെഹ്‌റു ഭരണകാലത്ത് പ്രശസ്ത ഉറുദു കവിയും ഗാനരചയിതാവുമായ മജ്രൂഹ് സുല്‍ത്താന്‍ പുരിയേയും നടന്‍ ബല്‍രാജ് സാഹ്നിയേയും 1949ല്‍ അറസ്റ്റ് ചെയ്ത് ജയിലിലിട്ടത് അതിന്റെ തെളിവാണ്. മില്ല് തൊഴിലാളികളുടെ യോഗത്തില്‍ നെഹ്‌റുവിനെതിരെ കവിത ചൊല്ലിയതായിരുന്നു മജ്രൂഹ് ചെയ്ത കുറ്റം. ആ ഭരണകാലത്ത് രാജ്യത്ത് നിരവധി ആളുകളെ അറസ്റ്റ് ചെയ്യുകയും പുസ്തകങ്ങള്‍ നിരോധിക്കുകയും ചെയ്തു. നെഹ്റുവിനെപ്പറ്റി മൈക്കിള്‍ എഡ്വാര്‍ഡ് എഴുതിയ ജീവചരിത്രം 1975ല്‍ നിരോധിച്ചതും പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയേയും മകനെയും വിമര്‍ശിച്ചതിന്റെ പേരില്‍ കിസാ കുര്‍സീ കാ എന്ന സിനിമ നിരോധിച്ചതും ആരും മറന്നിട്ടില്ല, നിര്‍മല പറഞ്ഞു.
കുടുംബത്തിനായി ഇന്ദിരയും രാജീവും ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തിയവരാണ്. രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനല്ല, മറിച്ച് നെഹ്രു കുടുംബത്തിന്റെ അധികാരം നിലനിര്‍ത്താനായിരുന്നു ഈ ഭേദഗതികള്‍. 1975ല്‍ ആര്‍ട്ടിക്കിള്‍ 392(എ) കൂട്ടിച്ചേര്‍ത്ത് ഭരണഘടനയിലെ 39-ാം ഭേദഗതി വഴി സ്ഥാപിച്ചത് പ്രധാനമന്ത്രിയുടെ നിയമനം രാജ്യത്തെ ഒരു കോടതിയിലും ചോദ്യം ചെയ്യാന്‍ സാധിക്കില്ല എന്ന വ്യവസ്ഥയായിരുന്നു. ഷാബാനു കേസിലെ വിധി മറികടക്കാന്‍ ഭരണഘടനയില്‍ കൊണ്ടുവന്ന ഭേദഗതി കോണ്‍ഗ്രസ് എത്രത്തോളം സ്ത്രീവിരുദ്ധമാണെന്ന് തെളിയിച്ചതാണ്. കോണ്‍ഗ്രസ് 1986ല്‍ മുസ്ലിം വനിതകളുടെ വിവാഹമോചന നിയമം പാസാക്കിയപ്പോള്‍ ബിജെപി പാസാക്കിയത് മൂന്നിലൊന്ന് ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന നാരീശക്തി അധിനിയം ആണ്. രാജീവ് ഗാന്ധിക്ക് 426 ലോക്സഭാംഗങ്ങളും 159 രാജ്യസഭാംഗങ്ങളുമുണ്ടായിരുന്നിട്ടും വനിതാ സംവരണം നടപ്പാക്കാനുള്ള ധൈര്യമുണ്ടായില്ല, ധനമന്ത്രി പറഞ്ഞു.
ഭരണഘടന അട്ടിമറിച്ച് രാജ്യത്ത് ഇന്ദിരാഗാന്ധി നടപ്പാക്കിയ അടിയന്തരാവസ്ഥയില്‍ പ്രതിഷേധിച്ച് സ്വന്തം മക്കള്‍ക്ക് വരെ അന്നത്തെ കരിനിയമമായ മിസ എന്ന പേരിട്ടവര്‍ പ്രതിപക്ഷത്തുണ്ട്, ലാലുപ്രസാദ് യാദവിനെ പരാമര്‍ശിച്ചുകൊണ്ട് കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്‍ അവര്‍ക്ക് അതേ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലെന്നും നിര്‍മല വിമര്‍ശിച്ചു. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, സാകേത് ഗോഖലെ, ദേബാശിഷ് സാമന്തരേ, ഹര്‍ദീപ് സിങ് പുരി എന്നിവരും ഇന്നലെ സംസാരിച്ചു. ഇന്ന്് വൈകിട്ട് വരെയാണ് രാജ്യസഭയിലെ ഭരണഘടനാ ചര്‍ച്ച. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക