ഇളയരാജയെ ശ്രീവില്ലിപുത്തൂര്‍ ആണ്ടാള്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിക്കുന്നത് തടഞ്ഞ ക്ഷേത്രം അധികൃതരുടെ നടപടിക്കെതിരെ വിമര്‍ശനം. പൊലീസ് സംരക്ഷണത്തോടെ ഇളയരാജ പുറത്തേക്ക് കടക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുന്നത്.
ക്ഷേത്ര ആചാര പ്രകാരം ഭക്തര്‍ക്ക് ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ആകില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇളയരാജ തിരിച്ച് ഇറങ്ങിയത്. ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഗാനരചിതാവ് രാജീവ് ആലുങ്കല്‍. വാര്‍ത്തയ്ക്ക് താഴെ കമന്റ് ആയാണ് രാജീവ് ആലുങ്കലിന്റെ പ്രതികരണം.
”ശ്രീലകത്ത് നിന്നും ദൈവം പുറത്തിറങ്ങി, നാലകത്ത് സംഗീതം പെയ്തിറങ്ങി. നിയമങ്ങളെഴുതിയ ആചാര്യഹൃദയങ്ങള്‍ പിന്നെയും പ്രണവത്തെ മറന്നുറങ്ങി” എന്നാണ് രാജീവ് ആലുങ്കല്‍ കുറിച്ചിരിക്കുന്നത്. അതേസമയം, ജാതിപരമായ വിവേചനത്തിലൂടെ ഇളയരാജയെ അവഹേളിച്ചെന്നാണ് പ്രധാന ആക്ഷേപം.
എന്നാല്‍ മറ്റൊരു ചടങ്ങില്‍ വച്ച് ആണ്ടാള്‍ ക്ഷേത്രത്തിലെ പൂജാരികളും ഭാരവാഹികളും ഇളയരാജയെ ആദരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. വിഷയത്തില്‍ ഇളയരാജയോ ക്ഷേത്രഭാരവാഹികളോ പ്രതികരിച്ചിട്ടില്ല. ആശക്കുഴപ്പം സംഭവിച്ചതാകാമെന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: