ന്യൂഡൽഹി : “ജയ് ശ്രീറാം” മുഴക്കുന്നത് എങ്ങനെ ക്രിമിനൽ കുറ്റമാകുമെന്ന് സുപ്രീം കോടതി . മസ്ജിദിനകത്ത് ജയ് ശ്രീറാം എന്ന് വിളിച്ചതിന് രണ്ട് പേർക്കെതിരെയുള്ള നടപടികൾ റദ്ദാക്കിയ കർണാടക ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ പങ്കജ് മിത്തലും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് ഈ ചോദ്യം ഉന്നയിച്ചത്.
“അവർ മതപരമായ ഒരു പദപ്രയോഗമോ പേരോ വിളിച്ചുപറയുകയായിരുന്നു. അതെങ്ങനെ കുറ്റമാകും?” പരാതിക്കാരനായ ഹൈദർ അലി സിഎം സമർപ്പിച്ച ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു.മസ്ജിദിൽ കയറി മുദ്രാവാക്യം വിളിച്ചതായി ആരോപിക്കപ്പെടുന്ന വ്യക്തികളെ എങ്ങനെ തിരിച്ചറിഞ്ഞു എന്ന കാര്യത്തിലും സുപ്രീം കോടതി വ്യക്തത തേടി.”ആരാണ് ഈ വ്യക്തികളെ തിരിച്ചറിഞ്ഞത്‘ എന്നും കോടതി ചോദിച്ചു.
പ്രതികൾക്കെതിരായ ക്രിമിനൽ നടപടികൾ തള്ളിയ കർണാടക ഹൈക്കോടതിയുടെ സെപ്റ്റംബർ 13ലെ വിധിയെ ചോദ്യം ചെയ്താണ് ഹർജി. ഒക്‌ടോബർ 15 നാണ് ഒരു പള്ളിയിൽ ‘ജയ് ശ്രീറാം’ എന്ന് വിളിച്ചെന്ന കേസ് കർണാടക ഹൈക്കോടതി റദ്ദാക്കിയത്.
‘ജയ് ശ്രീറാം’ ഏതു വർഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുമെന്ന് മനസ്സിലാക്കാൻ കഴിയുന്നില്ലെന്ന് കർണാടക ഹൈക്കോടതി പറഞ്ഞു. ബന്ധപ്പെട്ട പ്രദേശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും സൗഹാർദ്ദത്തോടെയാണ് ജീവിക്കുന്നതെന്ന് കേസിലെ പരാതിക്കാരൻ തന്നെ പറഞ്ഞതായും ചൂണ്ടിക്കാട്ടിയാണ് കോടതി ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: