Kollam

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ കൊല്ലം ഹാര്‍ബറുകള്‍

Published by

കൊല്ലം: വരുമാനത്തില്‍ വന്‍വര്‍ധനവ് ഉണ്ടായിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ ഹാര്‍ബറുകള്‍ വീര്‍പ്പുമുട്ടുന്നു. നൂറുകണക്കിന് വള്ളങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ ജോലി ചെയ്യുന്ന ഇവിടെ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ നാളിത് വരെ സര്‍ക്കാര്‍ സംവിധാനത്തിനായിട്ടില്ല. പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ആശ്രയിക്കുന്ന കൊല്ലം കടപ്പുറത്ത് വാടി, ഫോര്‍ട്ട് എന്നീ രണ്ട് ലേലപ്പുരകളാണുള്ളത്. ജോനകപ്പുറത്ത് നേരത്തെ ലേലപ്പുര ഉണ്ടായിരുന്നുവെങ്കിലും ഇപ്പോഴില്ല.

ഹാര്‍ബറുകളിലെ ലേലപ്പുരകളിലെ സ്ഥലപരിമിതി മത്സ്യത്തൊഴിലാളികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതങ്ങള്‍ ഏറെയാണ്. ഇതിനെ തുടര്‍ന്ന് ഒരു വള്ളത്തിലെ മീനുകള്‍ മുഴുവന്‍ ലേലം ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ അടുത്ത ബോട്ടിന് ലേലപ്പുരയില്‍ അടുപ്പിക്കാനാകൂ.

സ്ഥലപരിമിതി കാരണം മത്സ്യങ്ങള്‍ പാത്രങ്ങളിലേക്ക് മാറ്റി ക്രമീകരിക്കുന്നതിനും സമയമെടുക്കുന്നു. മത്സ്യങ്ങള്‍ കൂടുതലായി ലഭിക്കുന്ന അവസരങ്ങളില്‍ ശേഖരിച്ച് വയ്‌ക്കാന്‍ കൂള്‍ ചേമ്പറില്ലാത്തതിനാല്‍ വിലകുറച്ചു വില്‍ക്കേണ്ട അവസ്ഥയാണ്. ഇത് സാമ്പത്തികമായി വലിയ നഷ്ടങ്ങളാണ് ഉണ്ടാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ആവശ്യത്തിന് സ്ഥലമില്ലാത്തതിനാല്‍ ചരക്ക് വാഹനങ്ങള്‍ക്ക് യഥാവിധി ഹാര്‍ബറിനുള്ളില്‍ പ്രവേശിക്കാനും പാര്‍ക്ക് ചെയ്യാനും അവസരം കിട്ടാറില്ല. ഈ വാഹനങ്ങള്‍ തീരദേശ റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. അവധി ദിവസങ്ങളിലടക്കം സഞ്ചാരികള്‍ കൂടുതല്‍ കൊല്ലം ബീച്ചില്‍ എത്തുന്ന ദിവസങ്ങളില്‍ ഉണ്ടാക്കുന്ന ദുരിതം ചില്ലറയല്ല. നഗരഹൃദയത്തില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ദുരിതമനുഭവിക്കാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി.

മാലിന്യ കൂമ്പാരത്തിന് നടുവില്‍ കടല്‍ത്തീരം കാടുകയറി വിഷപ്പാമ്പുകളുടെ താവളമായി മാറിയിട്ടും നടപടിയെടുക്കാതെ കൊല്ലം കോര്‍പറേഷനും ജില്ലാ ഭരണകൂടവും. ജില്ലയിലെ വാണിജ്യ മേഖലയില്‍ പ്രധാന പങ്ക് വഹിക്കുന്ന മത്സ്യബന്ധന തൊഴിലാളികള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ജില്ലാ ഭരണകൂടവും കൊല്ലം കോര്‍പറേഷനും
പൂര്‍ണമായും പരാജയപ്പെട്ടു. തീരദേശത്ത് കാണുന്ന മാലിന്യ കൂമ്പാരം ഇതിന്റെ തെളിവാണ്.

നഗരസഭ മാലിന്യങ്ങളും ഇവിടെയാണ് തള്ളുന്നത്. മഴക്കാലമായതോടെ അഴുക്കുചാലിലെ മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നത് റോഡിലാണ്. മഴമാറിയാല്‍ ചീഞ്ഞളിഞ്ഞ മാലിന്യത്തില്‍ നിന്ന് ഉയരുന്ന ദുര്‍ഗന്ധം രൂക്ഷമാണ്. ബീച്ച് ഉള്‍പ്പടെയുള്ള കടല്‍ത്തീരത്തും തീരദേശ റോഡിലും ടണ്‍ കണക്കിന് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ മാസങ്ങളായി കുന്നുകൂടി. കടല്‍ത്തീരത്തോട് ചേര്‍ന്ന ഭാഗങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യ കുന്നുകള്‍ രൂപപ്പെട്ടിട്ടുണ്ട്.

എയ്‌റോബിക് കംപോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തനങ്ങള്‍ നിലച്ചു

ഹാര്‍ബറുകളില്‍ സ്ഥാപിച്ചിട്ടുള്ള മാലിന്യ സംസ്‌കരണശാലയുടെ (എയ്‌റോബിക് കംപോസ്റ്റ് യൂണിറ്റ്) പ്രവര്‍ത്തനം പലതും ഉപേക്ഷിച്ച നിലയിലാണ്. ലക്ഷങ്ങള്‍ ചെലവഴച്ചാണ് വിവിധയിടങ്ങളില്‍ ഇവ സ്ഥാപിച്ചിട്ടുള്ളത്.

സ്ഥാപനതല ഉറവിട മാലിന്യ സംസ്‌കരണ പരിപാടിയുടെ ഭാഗമായി ശുചിത്വമിഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സംസ്‌കരണശാല പ്രവര്‍ത്തിക്കാത്തതുമൂലം മാലിന്യ നിക്ഷേപം തോന്നുന്നതുപോലെയാണ്.

വഴിയോരങ്ങളിലേക്ക് ഇത്തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് കൂടുതലും രാത്രികാലങ്ങളിലാണ്. വാഹനങ്ങളില്‍ എത്തുന്ന ആളുകള്‍ കെട്ടുകളാക്കി കൊണ്ടുവരുന്ന മാലിന്യം വഴിവക്കിലേക്ക് വലിച്ചെറിഞ്ഞിട്ട് പോകുന്നു. റോഡുകള്‍ക്ക് സമീപം ഇത്തരത്തില്‍ മാലിന്യ കൂമ്പാരങ്ങള്‍ ദിനംപ്രതി ഉയര്‍ന്നു വരികയാണ്. ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയാണ് ഇവിടെ വലിച്ചെറിയുന്നത്. ജനങ്ങള്‍ക്ക് മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണ്. പകര്‍ച്ചവ്യാധി പടരുന്നത് മൂലം പലപ്പോഴും മത്സ്യ തൊഴിലാളികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ തേടേണ്ടുന്ന അവസ്ഥയാണ്. തെരുവുനായ്‌ക്കളുടെ സാന്നിധ്യവും വര്‍ധിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.

ശൗചാലയങ്ങളില്ല…
ജോലിക്കായി ഹാര്‍ബറില്‍ എത്തുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യത്തിനുള്ള ശൗചാലയങ്ങളില്ല. നിലവില്‍ നാലോ അഞ്ചോ ശൗചാലയങ്ങളാണുള്ളതിന് അടച്ചുറപ്പും വാതിലുകളുമില്ല. സമയാസമയം പണം ഒടുക്കാത്തതിനാല്‍ വൈദ്യുതിയും വിച്ഛേദിച്ചിരിക്കുകയാണ്.

അറ്റകുറ്റപ്പണികള്‍ നടത്താറില്ല. ചുവരുകളെല്ലാം വിണ്ടുകീറിയിട്ടുണ്ട്. ശൗചാലയങ്ങള്‍ പലപ്പോഴും പ്രവര്‍ത്തനക്ഷമമല്ലാത്തത് ഇവിടെ എത്തുന്നവരെ സാരമായി ബാധിക്കാറുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by