തിരുവനന്തപുരം: അഭാജ്യസംഖ്യകളെ പരിചയപ്പെടുത്തുന്ന ഒരു കൈപ്പുസ്തകവുമായി അഴിമതി വിരുദ്ധ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയനായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ രാജുനാരായണസ്വാമി. വിവിധ ഒളിംപ്യാഡ് പരീക്ഷകളില്‍ നിന്നും തെരഞ്ഞെടുത്ത ചോദ്യങ്ങളും അവയ്‌ക്കുള്ള ഉത്തരങ്ങളുമാണ് പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
പ്രൈംനമ്പര്‍ തീയറിയുടെ അടിസ്ഥാനമായ പാലിന്‍ഡ്രോമിക് അഭാജ്യസംഖ്യകള്‍ മുതല്‍ സയാമീസ് പ്രൈമുകള്‍ വരെയുള്ള സംജ്ഞകളെക്കുറിച്ചുള്ള ലഘുവിവരണവും ഗ്രന്ഥത്തില്‍ ഉണ്ട്. സ്വാമിയുടെ മുപ്പത്തിനാലാമത്തെ പുസ്തകമാണിത്. ഒളിംപ്യാഡിനൊരുങ്ങുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള രണ്ടാമത്തെ പുസ്തകം.
സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ‘ശാന്തിമന്ത്രി മുഴങ്ങുന്ന താഴ്‌വരയില്‍’ മുതല്‍ സംസ്ഥാന ബാലസാഹിത്യ പുരസ്‌കാരത്തിനര്‍ഹമായ ‘നീലക്കുറിഞ്ഞി: ഒരു വ്യാഴവട്ടത്തിലെ വസന്തം’ വരെയുള്ള കൃതികള്‍ സ്വാമി ഇതിനുമുമ്പെഴുതിയ പുസ്തകങ്ങളില്‍പ്പെടും.
അഞ്ചുജില്ലകളില്‍ കളക്ടറായും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍, മാര്‍ക്കറ്റ് ഫെഡ് എംഡി, കാര്‍ഷികോല്പാദന കമ്മീഷണര്‍, കേന്ദ്ര നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
അഴിമതിക്കെതിരെ ഉള്ള പോരാട്ടത്തിന് ഐഐടി കാന്‍പൂര്‍ അദ്ദേഹത്തിന് 2018ല്‍ സത്യേന്ദ്രദുബേ മെമ്മോറിയല്‍ അവാര്‍ഡ് നല്‍കിയിരുന്നു. സൈബര്‍ നിയത്തില്‍ ഹോമി ഭാഭാ ഫെലോഷിപ്പ് നേടിയിട്ടുണ്ട്. ബൗദ്ധിക സ്വത്ത് അവകാശ നിയമത്തിലെ ഗവേഷണങ്ങള്‍ക്ക് അമേരിക്കയിലെ ജോര്‍ജ് മസോന്‍ യൂണിവേഴ്‌സിറ്റി നല്‍കുന്ന അംഗീകാരമായ ലിയനാഡോ ഡാവിഞ്ചി ഫെല്ലോഷിപ്പ് 2021 ഡിസംബറിലാണ് സ്വാമിക്ക് ലഭിച്ചത്.
നിയമത്തിലും ടെക്‌നോളജിയിലും ആയി 270ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മുപ്പത്തിയെട്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ആയ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന അപൂര്‍വ റെക്കോര്‍ഡും രാജുനാരായണ സ്വാമിയുടെ പേരിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക