Main Article

സോറോസിനൊപ്പം എത്രയെത്ര ഭാരത വിരുദ്ധര്‍

Published by

ഭാരതത്തിനുള്ളിലേക്ക് കയറാന്‍ ബോംബും തോക്കുമായി അതിര്‍ത്തിയില്‍ കാത്തിരിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ മുതല്‍ കമ്മ്യൂണിസ്റ്റ് ചൈന വരെയുള്ള ശത്രുക്കളാല്‍ സമ്പന്നമാണ് നമ്മുടെ രാഷ്‌ട്രം. എന്നാല്‍ ഇക്കൂട്ടത്തില്‍ വന്‍ ശക്തികളുടെ നിഴലില്‍ നിന്നുകൊണ്ട് ഭാരതത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അദൃശ്യ ശക്തികളുമുണ്ട്. അതില്‍ പ്രധാനിയാണ് കാലങ്ങളായി ഭാരതീയര്‍ കേള്‍ക്കുന്ന ജോര്‍ജ് സൊറോസും ‘ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സ്’ പോലെയുള്ള അദ്ദേഹത്തിന്റെ ഫണ്ടിങ് സ്ഥാപനങ്ങളും. ഭാരതത്തിലെ വിവിധ പ്രതിപക്ഷ നേതാക്കള്‍, ചിന്തകര്‍, പത്രപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിങ്ങനെ വിലയ്‌ക്കെടുത്തവരുടെ ശൃംഖലയിലൂടെ ഭാരതത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ 1 ബില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപിച്ചിട്ടുള്ള അമേരിക്കന്‍ വ്യവസായിയാണ് ഇദ്ദേഹം. ഗവേഷണ സ്ഥാപനങ്ങളും ഗവേഷകരുമടങ്ങുന്ന വന്‍ ശൃംഖലകള്‍ക്ക് പണം നല്‍കി വ്യാജ വിവരങ്ങളും കെട്ടിച്ചമച്ച കഥകളും ഉപയോഗിച്ച് ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കാനും രാജ്യത്തിന്റെ ജനാധിപത്യവും, സമ്പദ് വ്യവസ്ഥയും തകര്‍ക്കുവാനാവശ്യമായ ആഖ്യാന യുദ്ധം നടത്തുകയാണിവര്‍. ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കാന്‍ കാത്തിരിക്കുന്ന ജമാ അത്തെ ഇസ്ലാമി, മുസ്ലിം ബ്രദര്‍ഹുഡ്, ഇസ്ലാമിക് സ്റ്റേറ്റ്, പാക് ചാര സംഘടനയായ ഐഎസ് ഐ തുടങ്ങിയവരും ഇതിന്റെയൊപ്പം കൂടുന്നു. ഇവര്‍ പടച്ചുവിടുന്ന ആഖ്യാനങ്ങള്‍ ഭാരതത്തിലെ ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ ഏറ്റെടുക്കുന്നു.

വ്യാജ പ്രചാരണങ്ങളുടെ ഉറവിടങ്ങള്‍

അധികാരത്തിനായി രാഹുലും സോണിയയും നെഹ്റു കുടുംബവും കോണ്‍ഗ്രസും രാഷ്‌ട്ര വിരുദ്ധര്‍ക്ക് കൈ കൊടുത്ത കഥകളാണ് പാര്‍ലിമെന്റിലൂടെ ഇപ്പോള്‍ പുറത്തേയ്‌ക്ക് വരുന്നത്. ശക്തമായ ആഖ്യാന യുദ്ധമാണ് ഇക്കാലയളവില്‍ ഭാരതത്തിനെതിരെ ജോര്‍ജ് സൊറോസിന്റെ നേതൃത്വത്തില്‍ നടത്തികൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന്, 2019 മുതല്‍ കശ്മീരിനെ കേന്ദ്രീകരിച്ച് ഭാരതത്തിനെതിരെ വിദേശ രാജ്യങ്ങളില്‍ നടന്ന വ്യാജ പ്രചാരണമാണ് അതിലൊന്ന്. ഇതില്‍ പ്രധാനിയായിരുന്നു ഖാലിദ് ബെയ്ഡൗണ്‍. 2018 വരെ ബെയ്ഡൗണ്‍ ഭാരതത്തെക്കുറിച്ചോ കശ്മീരിനെക്കുറിച്ചോ സംസാരിച്ചിരുന്നില്ല. എന്നാല്‍ 2018 ല്‍ ബെയ്ഡൗണിന് ‘സോറോസിന്റെ ‘ഇക്വാലിറ്റി ഫെലോഷിപ്പിന്റെ ഭാഗമായി കശ്മീരിനെക്കുറിച്ച് വ്യാജ ആഖ്യാനങ്ങള്‍ ചമയ്‌ക്കാന്‍ ഒരു ലക്ഷം യുഎസ് ഡോളര്‍ ലഭിച്ചു. സോറോസിനു വേണ്ടി 2019 മുതല്‍ ഭാരതത്തെ ഒരു ‘ഫാസിസ്റ്റ് രാഷ്‌ട്ര’മായി ഉയര്‍ത്തിക്കാട്ടുന്നതിനുള്ള പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വിദേശ മണ്ണില്‍ സെമിനാറുകളും വാര്‍ത്തകളും ചര്‍ച്ചകളും നടത്തുന്നത് ‘ഹിന്ദു ഫോര്‍ ഹയര്‍’ എന്ന സ്ഥാപനമാണ്. തീസ്ത സെതല്‍വാദ് ഉള്‍പ്പടെയുള്ള ആക്റ്റീവിസ്റ്റുകള്‍ ഈ ഗവേഷണ സ്ഥാപനത്തിന്റെ ഭാഗമായിരുന്നു. ഈ സംഘടനയുടെ സഹസ്ഥാപകയായ സുനിതാ വിശ്വനാഥ് ‘സോറോസ് റീപ്രൊഡക്റ്റീവ് ഹെല്‍ത്ത് ഫെലോഷിപ്പി’ന്റെ മുന്‍ അസോസിയേറ്റ് ഡയറക്ടറാണ്. ഇവരുടെ തന്നെ സഹസ്ഥാപനമായ ‘വുമണ്‍ ഫോര്‍ അഫ്ഗാന്‍ വിമന്‍’ എന്ന സംഘടനയ്‌ക്ക് ഫണ്ട് ചെയ്യുന്നതും സോറോസിന്റെ സംഘടനയാണ്. ഭാരതവും ഫ്രാന്‍സും തമ്മിലുള്ള ‘റഫാല്‍ യുദ്ധ വിമാന ഇടപാട്’ ആഗോളതലത്തില്‍ വലിയ അഴിമതി ആരോപണങ്ങള്‍ നേരിട്ടിരുന്നു. ഫ്രഞ്ച് എന്‍ജിഒ ആയ ‘ഷെര്‍പ്പ അസോസിയേഷനാ’ണ് ഇതിനെതിരെ ഫ്രാന്‍സില്‍ പരാതി നല്‍കിയത്. ഷെര്‍പ്പയ്‌ക്ക് ഇതിന് ധനസഹായം നല്‍കിയത് സോറോസായിരുന്നു. എന്നാല്‍ ഇത് നേരിട്ടായിരുന്നില്ല. പകരം ‘സിഗ്രിഡ് റൗസിംഗ് ട്രസ്റ്റ് ‘, ‘ചാള്‍സ് ലിയോപോള്‍ഡ് മേയര്‍ ഫൗണ്ടേഷന്‍ ഫോര്‍ ദി പ്രോഗ്രസ് ഓഫ് ഹ്യൂമന്‍കൈന്‍ഡ്’ എന്നീ രണ്ട് ഉപ കമ്പനികള്‍ വഴിയായിരുന്നു സാമ്പത്തിക കൈമാറ്റം.

ഭാരതത്തിന്റെ ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ‘ബോയ്‌ക്കോട്ട് ഇന്ത്യ’യെന്ന പേരില്‍ മുസ്ലിം ബ്രദര്‍ഹുഡിനൊപ്പം പാകിസ്ഥാനും തുര്‍ക്കിയും ഖത്തറും ചേര്‍ന്ന് 2018 ല്‍ ആരംഭിച്ച സാമൂഹിക മാധ്യമ പ്രചാരണങ്ങള്‍ താഴേത്തട്ടില്‍ നടപ്പിലാക്കിയത് ഇത്തരം സംഘടനാകളായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 54,000 ട്വിറ്റര്‍ പോസ്റ്റിലൂടെ 8 കോടിയിലധികം ആളുകളെ സ്വാധീനിക്കുവാന്‍ അവര്‍ക്ക് സാധിച്ചു. ഇതേ തുടര്‍ന്ന് 2019 ല്‍ ഭാരതത്തില്‍ ‘ഇസ്ലാമോഫോബിയ’ എന്ന ആസൂത്രിത പ്രചാരണം മുസ്ലിം ബ്രദര്‍ഹുഡ് ആരംഭിച്ചപ്പോള്‍ ഖാലിദ് ബെയ്ഡൗനെ പോലെയുള്ള സോറോസിന്റെ ആഗോള കാലാള്‍പ്പടയാളികള്‍ അതിന്റെ മുന്‍പന്തിയില്‍ നിന്നു.

ഇസ്ലാമോഫോബിയയുടെയും ഫാസിസത്തിന്റെയും പേരില്‍ നടന്ന ആഖ്യാന യുദ്ധങ്ങള്‍ക്ക് ശേഷം ‘ഭാരതത്തില്‍ അടുത്തത് വംശഹത്യ’യെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഈക്കൂട്ടര്‍ ആരംഭിച്ചു. നേതൃത്വം നല്‍കിയത് ‘ജിനോസൈഡ് വാച്ച് ‘ എന്ന സ്ഥാപനത്തിന്റ തലവന്‍ ഗ്രിഗറി സ്റ്റാന്റോണ്‍. ‘കംബോഡിയന്‍ വംശഹത്യ പദ്ധതി’ എന്ന സമാനമായ പ്രചാരണം കംബോഡിയയ്‌ക്കെതിരെ ഇദ്ദേഹം നടത്തിയിരുന്നു. അന്ന് ഗ്രിഗറിക്ക് ധനസഹായം നല്‍കിയത് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനായിരുന്നു.

2020-22 കാലയളവില്‍ മതസ്വാതന്ത്ര്യത്തിന് സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ കരിമ്പട്ടികയില്‍ ‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡ’ (യു.എസ്.സി.ഐ.ആര്‍.എഫ്) മെന്ന സംഘടന ഭാരതത്തെ ഉള്‍പ്പെടുത്തി. 1998 ലെ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം ആക്ടിന്റെ അടിസ്ഥാനത്തില്‍ അമേരിക്കന്‍ പാര്‍ലമെന്റ് രൂപം നല്‍കിയ സംഘടനയാണിത്. അതിന്റെ കമ്മീഷണറായ അനുരിമ ഭാര്‍ഗവ ഇതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ജോര്‍ജ് സോറോസിന്റെ ഫണ്ടിങ് സ്ഥാപനമായ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷനില്‍ 2016 മുതല്‍ അംഗമാണ് അനുരിമ.

ഭാരതത്തിലെ ജാതി സംബന്ധമായ ആഖ്യാനങ്ങള്‍ക്ക് അമേരിക്കയില്‍ നേതൃത്വം നല്‍കുന്ന ഗവേഷണ സ്ഥാപനമാണ് ‘ഇക്വാളിറ്റി ലാബുകള്‍’. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന ആക്ടിവിസ്റ്റ് തേന്‍മൊഴി സൗന്ദര്‍രാജനാണ് ഇതിന്റെ സ്ഥാപക. ഈ ഗവേഷണ സ്ഥാപനത്തിനാവശ്യമായ ഗ്രാന്റുകള്‍ നല്‍കുന്നത് ജോര്‍ജ് സോറോസാണ്. ഹിന്ദുക്കളില്‍ ഭിന്നിപ്പുണ്ടാക്കുകയാണ് അടിസ്ഥാന ലക്ഷ്യം. അതുകൊണ്ട് തന്നെ ജമാ അത്ത് ഇസ്ലാമിയുടെ പിന്തുണ തേന്‍മൊഴിയ്‌ക്കുണ്ട്. അമേരിക്കയിലെ ജമാ അത്ത് സംഘടനകളായ ‘ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍’, ‘ജസ്റ്റിസ് ഫോര്‍ ഓള്‍’ എന്നീ സംഘടകളുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇരു സംഘടനകള്‍ക്കും നിരവധി ആഗോള ഭീകരവാദ പ്രസ്ഥാനങ്ങളുമായി ബന്ധമുണ്ട്. തേന്‍മൊഴിക്ക് മുന്‍പ് പത്രപ്രവര്‍ത്തകനായ വി.ടി. രാജ്‌ശേഖര്‍ ആയിരുന്നു ഭാരതത്തിലെ ദളിത്/ജാതി ആഖ്യാനങ്ങളുടെ പ്രധാനമുഖം. രാജ്‌ശേഖറിന്റെ മകന്‍ സലില്‍ ഷെട്ടി സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റായിരുന്നു. അനധികൃതമായി വിദേശ പണം സ്വീകരിച്ചതിന് ഭാരതത്തില്‍ നിരോധിക്കപ്പെട്ട ‘ആംനസ്റ്റി ഇന്റര്‍നാഷണലി’ലും ‘ആക്ഷന്‍ എയ്ഡ് ഇന്ത്യ’യിലും സനില്‍ ഷെട്ടി പ്രവര്‍ത്തിച്ചിരുന്നു. ‘ആക്ഷന്‍ എയ്ഡ് ഇന്ത്യ’യില്‍ ഷെട്ടിയുടെ മുന്‍ഗാമി ഹര്‍ഷ് മന്ദര്‍ ആയിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്‍മോഹന്‍ സിങ്ങിന്റെ ‘ദേശീയ ഉപദേശക സമിതി’ അംഗമായും ഇയാള്‍ പ്രവര്‍ത്തിച്ചു. പാക് ചാര സംഘടന ഐഎസ്‌ഐ ഏജന്റും വിഘടനവാദിയുമായ അയ്യൂബ് താക്കൂര്‍ സ്ഥാപിച്ച ‘ദി ജസ്റ്റിസ് ഫൗണ്ടേഷന്റെ’ ഉപദേശകരില്‍ ഒരാളായിരുന്നു മന്ദര്‍. മാത്രമല്ല ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ‘ഹ്യൂമന്‍ റൈറ്റ്സ് ഇനിഷ്യേറ്റീവ്’ ഉപദേശക സമിതി മുന്‍ ചെയര്‍മാനുമായിരുന്നു. ഈ ദേശ വിരുദ്ധ ശക്തികളുടെ കൈയ്യിലെ പാവകളാണ് രാഹുലും കോണ്‍ഗ്രസും.

സോറോസിന്റെ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിരുന്ന ‘ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്സ്’ എന്ന സംഘടനയുടെ സഹാധ്യക്ഷ എന്നതിലുപരി സോണിയാ ഗാന്ധിക്കും നെഹ്‌റു കുടുംബത്തിനും സോറോസുമായി ആഴത്തിലുള്ള ബന്ധങ്ങളുണ്ടെന്നുമുള്ള വാര്‍ത്തകളും പുറത്തുവന്നു. കൂടാതെ 2023-24 കാലഘട്ടത്തില്‍ രാഹുല്‍ നടത്തിയ അമേരിക്ക, യൂറോപ്പ് സന്ദര്‍ശനത്തില്‍ കൂടികാഴ്ച നടത്തിയവരെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തു വരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഭാരത വിരുദ്ധ ശക്തികളുമായി രാഹുലിനും നെഹ്റു കുടുബത്തിനും ശക്തമായ ബന്ധമുണ്ടെന്നാണ്.

(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by