ന്യൂദല്‍ഹി: രാജ്യത്തിനകത്തും പുറത്തും നെഹ്റു മോഡല്‍ സൃഷ്ടിച്ച പാളിച്ചകള്‍ തിരുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നതെന്ന് വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കര്‍. നെഹ്റുവിന്റെ വികസനമാതൃക രാജ്യത്തെ പരാജയത്തിലേക്കാണ് നയിച്ചത്. ഇതിനെ നേരിടേണ്ടതുണ്ട്, അദ്ദേഹം പറഞ്ഞു. നിതി ആയോഗ് മുന്‍ വൈസ് ചെയര്മാന് പ്രൊഫ. അരവിന്ദ് പനഗരിയയുടെ ‘ദി നെഹ്റു ഡെവലപ്മെന്റ് മോഡല്‍ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
ബദലുകളെ പരീക്ഷിക്കുന്നതിലെ വിമുഖതയാണ് നമ്മളെ ഇത്രകാലം പ്രതിരോധത്തിലാക്കിയത്. പരിഷ്കരണത്തിനുള്ള ചുവടുകള്‍ സധൈര്യം മുന്നോട്ടുവച്ചുവെന്നതാണ് മോദി സര്‍ക്കാരിന്റെ സവിശേഷത.
സ്വാതന്ത്ര്യം നേടിയതിനുശേഷം രാജ്യം തെരഞ്ഞെടുത്ത സാമ്പത്തിക മാതൃക ഒരു പ്രത്യേക പ്രത്യയശാസ്ത്ര പ്രേരണയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. സാമ്രാജ്യത്വത്തിനെതിരായ ഏക പ്രതിരോധം സോഷ്യലിസമാണെന്നതായിരുന്നു അതിന്റെ മൂല സിദ്ധാന്തം. ഇതിനെയാണ് പ്രൊഫ. പനഗരിയ നെഹ്റു വികസന മോഡല്‍ എന്ന് വിശേഷിപ്പിച്ചത്. ഭാരതം സോവിയറ്റ് യൂണിയനല്ല എന്ന് അവര്‍ മറന്നുപോയി.
റഷ്യയും ചൈനയും പോലും ആ കാലഘട്ടത്തിലെ സാമ്പത്തികനയം തള്ളിക്കളഞ്ഞു. എന്നിട്ടും നമ്മുടെ രാജ്യത്ത് ചിലര്‍ അതിന് പിന്നാലെയാണ്. 2014 ന് ശേഷം, ഈ ദിശ തിരുത്താന്‍ ശക്തമായ ശ്രമം നടന്നിട്ടുണ്ട്, ജയശങ്കര്‍ പറഞ്ഞു.
നമ്മള് ആയുധവല്‍ക്കരിക്കപ്പെട്ട സാമ്പത്തിക ശാസ്ത്രത്തിന്റെ ഒരു യുഗത്തിലാണ് ജീവിക്കുന്നത്. വര്‍ധിച്ചുവരുന്ന സാങ്കേതികവിദ്യാ കേന്ദ്രീകൃത വളര്‍ച്ചയും ഉയര്‍ന്ന ഡാറ്റ സംവേദനക്ഷമതയും ഇത് കൂടുതല്‍ വഷളാക്കുന്നു. തുറന്ന മനസും ജാഗ്രതയും പ്രതിരോധത്തിന് ആവശ്യമാണ്. ആത്മനിര്‍ഭരത എന്നത് ദേശ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, സ്വയം ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ആഹ്വാനം കൂടിയാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: