റായ്പൂര്‍: ഛത്തീസ്ഗഡിനെ മാവോയിസ്റ്റുകളില്‍ നിന്ന് മോചിപ്പിച്ചാല്‍ രാഷ്‌ട്രം മുഴുവന്‍ ഈ വിപത്തില്‍ നിന്ന് മുക്തി നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
2026 മാര്‍ച്ചോടെ ഛത്തീസ്ഗഡില്‍ നിന്ന് മാവോയിസ്റ്റുകളെ പൂര്‍ണമായും തുടച്ചു നീക്കും. ഇതിനുള്ള ശ്രമത്തിലാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഛത്തീസ്ഗഡിലെ റായ്പൂരില്‍ പോലീസ് പരേഡ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച രാഷ്‌ട്രപതിയുടെ പോലീസ് കളര്‍ പുരസ്‌കാരം സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
ആയുധങ്ങളുപേക്ഷിച്ച് മുഖ്യധാരയിലേക്കെത്താന്‍ അമിത് ഷാ മാവോയിസ്റ്റുകളോട് അഭ്യര്‍ത്ഥിച്ചു. ഛത്തീസ്ഗഡില്‍ ഒരു വര്‍ഷത്തിനിടയില്‍ 287 മാവോയിസ്റ്റുകളെ ഇല്ലാതാക്കി. 1000 പേരെ അറസ്റ്റ് ചെയ്തു. 837 പേര്‍ കീഴടങ്ങി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാല്പത് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് മാവോയിസ്റ്റ് ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സുരക്ഷാ ജീവനക്കാരുടെയും പ്രദേശവാസികളുടെയും എണ്ണം നൂറില്‍ താഴെയായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍, പത്ത് വര്‍ഷത്തിനിടയില്‍ മാവോയിസ്റ്റ് ആക്രമണങ്ങളെ വന്‍ തോതില്‍ തടയാന്‍ സാധിച്ചു, അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക