ജന്മഭൂമിയുടെ അന്‍പതാം ജന്മദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കുടുംബസമേതം കോഴിക്കോട്ടേക്കു പോകുകയായിരുന്നു. എറണാകുളത്തുനിന്ന് തീവണ്ടിയിലായിരുന്നു യാത്ര. കുറ്റിപ്പുറം കഴിഞ്ഞ് ഭാരതപ്പുഴയുടെ തീരത്തുകൂടി വണ്ടി പൊയ്‌ക്കൊണ്ടിരിക്കെ മനസ്സിനെ കുളിര്‍പ്പിക്കുന്ന കാഴ്ചകളാണല്ലൊ ഇരുവശത്തും. ഷൊര്‍ണൂരിലെ പാലം കടക്കുന്നതിനിടെ, അവിടെ പണിയിലേര്‍പ്പെട്ടിരുന്നവരില്‍ ഒരു സ്ത്രീ മരിക്കാനിടയായതും അവരെ സ്ട്രക്ചറില്‍ മൂടിക്കെട്ടിക്കൊണ്ടുവരുന്നതും കണ്ടതിന്റെ ഓര്‍മ്മ മനസ്സിനെ മഥിച്ചുകൊണ്ടിരിക്കുന്നു. വണ്ടി എടക്കുളത്തുനിന്ന് വടക്കോട്ട് തിരിയുന്നതിനിടെ വന്ന ദൃശ്യങ്ങളുടെ മാറ്റം ആസ്വദിക്കെ, മകന്‍ അനു നാരായണനെ ദല്‍ഹിയില്‍നിന്നു വന്ന സന്ദേശം വായിച്ചു കേള്‍പ്പിച്ചു. ദല്‍ഹിയില്‍ ഡോ. മംഗളം സ്വാമിനാഥന്റെ ഓര്‍മ്മയ്‌ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ദേശീയ മാധ്യമ പുരസ്‌കാരം ഇത്തവണ ‘സംഘപഥത്തിലൂടെ’ എന്ന പംക്തിക്കാണ് എന്ന്. സാധാരണ ജനങ്ങളുടെ ജീവിതങ്ങളെപ്പറ്റി ഇത്രയേറെക്കാലം തുടര്‍ച്ചയായി ഭാരതത്തിലെ മറ്റൊരു പത്രികയിലും ആരും എഴുതിയിട്ടില്ലെന്നായിരുന്നു നിരീക്ഷണം. മംഗളം ഫൗണ്ടേഷന്റെ അധ്യക്ഷന്‍ ഡോ. മുരളീ മനോഹര്‍ ജോഷിയാണ്. അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്നവരാണ് ഡോ. മംഗളാ സ്വാമിനാഥനും ഡോ. ആര്‍. ബാലശങ്കറും.
ബാലശങ്കര്‍ ഓര്‍ഗനൈസര്‍ വാരികയുടെ പത്രാധിപരായിരുന്നു. പരമേശ്വര്‍ജി ദല്‍ഹിയില്‍ ദീനദയാല്‍ ശോധ് സംസ്ഥാന്‍ ഡയറക്ടറായിരുന്നപ്പോള്‍ ദല്‍ഹിയില്‍ എത്തി അദ്ദേഹത്തെ കാണുകയും ഓര്‍ഗനൈസര്‍ വാരികയില്‍ നിയമിതനാകുകയുമായിരുന്നു. ഞാന്‍ ചങ്ങനാശ്ശേരിയില്‍ പ്രചാരകനായിരിക്കെ ഇടയ്‌ക്കൊക്കെ ചെങ്ങന്നൂര്‍ പോകുകയും അവിടത്തെ സ്വയംസേവകരായിരുന്ന ബാലശങ്കറെയും പി.എസ്. ശ്രീധരന്‍ പിള്ളയെയും പരിചയപ്പെടുകയുമായിരുന്നു. ബാലശങ്കര്‍ വിദ്യാഭ്യാസാനന്തരം പത്രപ്രവര്‍ത്തന രംഗത്തും ശ്രീധരന്‍പിള്ള നീതിന്യായ രംഗത്തും ലബ്ധ പ്രതിഷ്ഠരായി. ഈയുള്ളവനാകട്ടെ സംഘം നിര്‍ദ്ദേശിച്ചതിന്‍പടി രാജനൈതിക രംഗത്തും, തുടര്‍ന്നു ഒരു വ്യാഴവട്ടമെത്തിയപ്പോള്‍ ജന്മഭൂമിയുടെ ചുമതലയിലും എത്തിപ്പെട്ടു. എല്ലാവരുടെയും പൊതു ആചാര്യനായിരുന്ന പരമേശ്വര്‍ജിയുടെ മേല്‍നോട്ടത്തില്‍ നടന്ന ചില പരിപാടികളില്‍ ഞങ്ങള്‍ ഒരുമിച്ചുവന്നിട്ടുമുണ്ട്.
വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ഡോ. മുരളീ മനോഹര്‍ജോഷി വളരെ താല്‍പ്പര്യമെടുത്തു വന്നു. വിദ്യാഭ്യാസ മേഖലയില്‍ രാഷ്‌ട്രോന്മുഖമായ മൗലിക പരിവര്‍ത്തനം ആവശ്യമാണെന്ന ബോധ്യം സംഘനേതൃത്വത്തിനു നേരത്തെ തന്നെയുണ്ടായിരുന്നു. ആ മേഖലയില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ രീതി തന്നെയാണ്, ചട്ടക്കൂടിലും, ആശയങ്ങളിലും പിന്തുടര്‍ന്നുവന്നതും. പ്രാചീനകാലത്തു തമിഴ്‌നാട്ടിലും, ബംഗാളിലും മറ്റും നിലനിന്ന വിദ്യാഭ്യാസ സമ്പ്രദായത്തെയായിരുന്ന ബ്രിട്ടീഷുകാര്‍ പകര്‍ത്തിയെടുത്തു അവരുടെ നാട്ടില്‍ നടപ്പില്‍ വരുത്തിയത്. രാജസ്ഥാനിലെ ‘രാജാ ടോഡര്‍മല്‍’ ആവിഷ്‌കരിച്ച നികുതിപിരിവ്; സിവില്‍ നിയമങ്ങളും ബ്രിട്ടീഷുകാര്‍ തുടര്‍ന്നും പകര്‍ത്തി. ഇംഗ്ലണ്ടിലേക്ക് അതുകൊണ്ടുപോയി. ‘മദ്രാസ് സിസ്റ്റം ഓഫ് എഡ്യുക്കേഷന്‍’ എന്നു തന്നെയാണ് ഇംഗ്ലണ്ടില്‍ അവരതിനു പേരിട്ടത്. മഹാത്മാഗാന്ധിയുടെ നിര്‍ദേശ പ്രകാരം ഡോ. ധര്‍മപാല്‍ 15 വര്‍ഷം ഇംഗ്ലണ്ടില്‍ ചെലവഴിച്ച് അതിന്റെ മുഴുവന്‍ രേഖകളും പകര്‍ത്തി ഭാരതത്തിലെത്തിച്ച് എട്ടുഗ്രന്ഥങ്ങളാക്കി സംഗ്രഹിച്ചിട്ടുണ്ട്. അതിനു മലയാള പരിഭാഷയും എറണാകുളത്തെ ലക്ഷ്മി ബായി ധര്‍മപ്രകാശന്‍ പ്രസിദ്ധം ചെയ്തു.
പറഞ്ഞു പറഞ്ഞു കാടുകയറി. മംഗളാ സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ കാര്യമാണല്ലൊ തുടങ്ങിയത്. അതു സ്വീകരിക്കാന്‍ ദല്‍ഹിയില്‍ പോയി. അവിടെ മാധ്യമരംഗത്തെ ഇരുത്തം വന്ന എന്റെ അനന്തരവനായ ദിനേശ് നാരായണന്റെ വസതിയിലാണ് താമസിച്ചത്. ദ ഹിന്ദുവിലും ടൈംസ് ഓഫ് ഇന്ത്യയിലും മറ്റും പ്രവര്‍ത്തിച്ച അവനും പത്‌നി അര്‍ച്ചനയും ദല്‍ഹി മാധ്യമരംഗത്തെ മേല്‍തട്ടില്‍ തന്നെ സ്ഥാനമുള്ളവരാണ്. സംഘത്തെക്കുറിച്ച് ആര്‍എസ്എസ് ആന്‍ഡ് ദി മേക്കിങ് ഓഫ് ഡീപ് നേഷന്‍ എന്ന എണ്ണം പറഞ്ഞ ഗ്രന്ഥം ദിനേശ് എഴുതി. കൊവിഡിന്റെ മൂര്‍ധന്യത്തിലാണത് പുറത്തുവന്നത്. അതിനാല്‍ അതിന് വേണ്ടത്ര പ്രചാരം ലഭിച്ചില്ല. പക്ഷേ കേരളത്തിലെ രാഷ്‌ട്രീയരംഗത്തും നിയമസഭയിലും പുസ്തകം ചര്‍ച്ചാ വിഷയമായി. പുസ്തകം രചിക്കുന്നതിന് മുമ്പ് പൂജനീയ മോഹന്‍ജിയുമായി ഒരു മണിക്കൂറോളം സംവദിക്കാനും, പാലക്കാട്ടെ നാലുദിവസ സംഘശിബിരത്തിനിടെ അയാള്‍ക്ക് അവസരമുണ്ടാക്കാന്‍ പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ മുഖാന്തിരം സാധിച്ചു.
ദല്‍ഹിയിലെ പുരസ്‌കാരത്തില്‍ നിന്നു പിന്നെയും വഴിമാറി. ഗംഭീരമായ പരിപാടിയായിരുന്നു, പങ്കെടുത്ത മഹദ് വ്യക്തികളുടെ സാന്നിദ്ധ്യം കൊണ്ടും ചിട്ടയായ കാര്യക്രമങ്ങള്‍കൊണ്ടും. സാമൂഹ്യസേവന പ്രവര്‍ത്തനത്തിന് മനേകാ ഗാന്ധിക്കും പുരസ്‌കാരമുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ വിധവയാണല്ലൊ അവര്‍. ഭര്‍ത്താവ് വിമാനാപകടത്തില്‍ മരിച്ചശേഷം, ‘രാജകൊട്ടാര’ത്തില്‍ നിന്ന് ബഹിഷ്‌കൃതയായ അവര്‍ മൃഗസ്‌നേഹിനിയെന്ന നിലയില്‍ ചെയ്ത സേവനങ്ങള്‍ക്കായിരുന്നു പുരസ്‌കൃതയായത്.
മംഗളാ സ്വാമിനാഥന്‍ ഫൗണ്ടേഷന്റെ അധ്യക്ഷന്‍ ഡോ. ജോഷിയാണെന്നു സൂചിപ്പിച്ചിരുന്നല്ലൊ. നിരവധി വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തെ കാണാന്‍ ലഭിച്ച അവസരമായിരുന്നു. ഭാരതീയ ജനതാപാര്‍ട്ടിയുടെ സംസ്ഥാന സംഘടനാകാര്യദര്‍ശിയായിരിക്കെ, അദ്ദേഹം നേതൃത്വം നല്‍കിയ പഠനശിബിരങ്ങളില്‍ പഠിതാക്കള്‍ക്കും നേതാവിനുമിടയിലുള്ള ‘പാല’മാകാനാണ് എനിക്കവസരമുണ്ടായത്. ആലുവയ്‌ക്കു സമീപമുള്ള വൈഎംസിഎ ക്യാമ്പ് സൈറ്റിലായിരുന്നു പഠിതാക്കള്‍ താമസിച്ചത്. അവിടെ ഏറ്റവും ഇഷ്ടമായ കാര്യം പെരിയാറ്റിലെ കുളിയായിരുന്നു.
”ഫിസിക്‌സ് അദ്ധ്യാപകനായിരുന്ന ഡോ.ജോഷി ഓരോ വിഷയവും കൈകാര്യം ചെയ്യുന്നതില്‍ അനുവര്‍ത്തിച്ച സമീപനം സവിശേഷമായിരുന്നു. പഠിതാക്കള്‍ക്കു സംശയം അവശേഷിക്കാതെ വിഷയം ബോധ്യപ്പെടുത്തുന്നതിലാണല്ലൊ അദ്ധ്യാപകന്റെ കഴിവ്. ഒരിക്കല്‍ അലഹബാദ് സര്‍വകലാശാല മികച്ച വിദ്യാര്‍ത്ഥിക്കു നല്‍കിയ സ്വര്‍ണപ്പതക്കം തയാറാക്കിയതില്‍ കൃത്രിമമുണ്ടെന്ന ആക്ഷേപമുണ്ടായി. മെഡല്‍ ഉരുക്കാതെ അതു പരിശോധിക്കണമല്ലൊ. ഡോ. ജോഷിയും ഡോ. രാജേന്ദ്ര സിംഗും (രജ്ജുഭയ്യ) ആയിരുന്ന പരിശോധനയുടെ ചുമതലക്കാര്‍. ശാസ്ത്രീയതത്വങ്ങളുപയോഗിച്ചുള്ള പരിശോധനയില്‍ അവര്‍ അത് ശുദ്ധമാണെന്നതിന് സാക്ഷ്യപത്രം നല്‍കി.
പിന്നെയും വഴിതിരിഞ്ഞു. പരിപാടിയാരംഭിക്കുന്നതിനു മുമ്പ് ജോഷിയുമായി പരിചയം പുതുക്കാന്‍ ശ്രമിച്ചു. പത്തുമുപ്പതു വര്‍ഷങ്ങള്‍ക്കു മുമ്പു കണ്ടതായതിനാല്‍ ഓര്‍മിപ്പിക്കേണ്ടി വരുമോ എന്നു ശങ്കിച്ചെങ്കിലും അതുവേണ്ടിവന്നില്ല. പേരുവിളിച്ചു തന്നെ അദ്ദേഹം അടുത്തിരുത്തി. തലയില്‍ കമ്പിളിത്തൊപ്പിയും ഒരു പൂരാടപ്പുതയുമായി കണ്ടപ്പോള്‍ ശാരീരികമായ അവശതയുണ്ടാവാമെന്ന എന്റെ ശങ്ക വെറുതെയാണെന്നു വ്യക്തമായി ആരോഗ്യമൊക്കെ മികച്ച നിലയിലാണത്രേ. കന്യാകുമാരി-കശ്മീര്‍ യാത്രയില്‍ അദ്ദേഹത്തിന്റെ പ്രസംഗ വിവര്‍ത്തനവും അതത് ദിവസങ്ങളിലെ പത്ര റിപ്പോര്‍ട്ടുകളുടെ സംഗ്രഹം തയാറാക്കിക്കൊടുക്കലുമായിരുന്നു എന്റെ ചുമതല. ജന്മഭൂമിയില്‍ നിന്നു അധികം വിട്ടുനില്‍ക്കാനാവാത്തതിനാല്‍ കന്യാകുമാരി മുതല്‍ പാലക്കാടുവരെയേ ഞാന്‍ പോയുള്ളൂ. ജോഷിജി സഞ്ചരിച്ച ‘രഥ’ത്തില്‍ നരേന്ദ്ര മോദി (അദ്ദേഹമായിരുന്നല്ലൊ പരിപാടിയുടെ മൊത്തം മുഖ്യശിക്ഷക്)യും രാമന്‍പിള്ളയും രാജേട്ടനും, സെക്യൂരിറ്റിക്കാരും മാത്രമേ പാടുള്ളൂവെന്നായിരുന്നു ചട്ടം. അതിനാല്‍ കളിയിക്കാവിളയില്‍ കേരളത്തില്‍ പ്രവേശിച്ചു കഴിഞ്ഞും തിരുവനന്തപുരത്തും തൊടുപുഴയിലും മാത്രമേ എനിക്കു വിവര്‍ത്തനം ചെയ്യേണ്ടിയിരുന്നുള്ളൂ. കൊട്ടാരക്കരയിലെത്തിയപ്പോള്‍ സന്ധ്യയായി. പിന്നെ ദീപാലങ്കാരങ്ങളും, ചിലയിടങ്ങളില്‍ സ്വീകരിക്കാന്‍ നിലവിളക്കുകളും നിറപറയും, നെറ്റിപ്പട്ടം കെട്ടിയ ആനകളും ഉണ്ടായിരുന്നു.
തൊടുപുഴയിലെ സ്വീകരണം രാത്രി പത്തുമണിക്കായിരുന്നു, മൂന്നു മണിക്കൂര്‍ വൈകി. എന്നിട്ടും വന്‍ജനസഞ്ചയം എത്തിയിരുന്നു. പിറ്റേന്നു പ്രഭാതത്തില്‍ തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ദര്‍ശനം. ക്ഷേത്ര ഊരാളന്‍ തരണനല്ലൂര്‍ നമ്പൂതിരിപ്പാട് അദ്ദേഹത്തെ ക്ഷേത്രത്തിലേക്കാനയിച്ചു. ഓടക്കുഴല്‍ പിടിച്ച രീതിയിലാണന്നു ശ്രീകൃഷ്ണ സ്വാമിയെ സജ്ജികരിച്ചതു, ‘മുരളീ മനോഹര’നായി.
കെ.ജി. മാരാരുടെ ജ്യേഷ്ഠന്റെ മകളുടെ കുട്ടിക്കു പേര്‍ വിളിക്കുന്ന കര്‍മം കൂടി അമ്പലത്തില്‍ നടന്നു. മാരാരും, രാജേട്ടനും രാമന്‍പിള്ളയും, പി.പി. മുകുന്ദനും നരേന്ദ്ര മോദിയും സന്നിഹിതരായിരുന്നു.
സംസാരിക്കവെ ജോഷിക്കു നല്ല ആരോഗ്യമുണ്ടെന്നാണദ്ദേഹം അവകാശപ്പെട്ടത്. ഓഹ്! യു ഹാവ് ബികം ഓള്‍ഡ് എന്നാണ് എന്നെ ആദ്യം കണ്ടപ്പോള്‍ തന്നെ പറഞ്ഞത്. ‘ഐ ആം നയന്റി ട്ടു ആന്‍ഡ് ഹെല്‍ത്തി എന്നദ്ദേഹം പറഞ്ഞു. ”അയാം അപ്രോച്ചിങ് നയന്റി’ എന്നു ഞാനും പറഞ്ഞു.
ഇടപ്പള്ളിയിലെ ചരിത്ര മ്യൂസിയം ഹാളില്‍ ഭാരതീയ വിചാരകേന്ദ്രത്തിന്റെ വാര്‍ഷിക സമ്മേളനം (2007 ലാണെന്നോര്‍ക്കുന്നു) നടന്നപ്പോള്‍ ജോഷിജി വന്നിരുന്നു. ജ. കൃഷ്ണയ്യരും ഒരു പ്രഭാഷകനായിരുന്നു. രണ്ടുപേരുടെയും വാക്കുകള്‍, അവയ്‌ക്കു പിന്നിലെ ആശയങ്ങള്‍ വ്യത്യസ്തങ്ങളായിരുന്നെങ്കിലും, മനസ്സില്‍ തറയ്‌ക്കുന്നവ തന്നെ. തന്റെ കന്യാകുമാരി-ശ്രീനഗര്‍ ഏകതായാത്ര പ്രഖ്യാപിച്ചത് തിരുവനന്തപുരത്ത് മസ്‌കറ്റ് ഹോട്ടലില്‍ നടത്തപ്പെട്ടു. ബിജെപിയുടെ ദേശീയകാര്യ സമിതിയോഗത്തിലായിരുന്നു. തുടര്‍ന്നു പുത്തരിക്കണ്ടത്തില്‍ ചേര്‍ന്ന പൊതുയോഗത്തിലും അദ്ദേഹം അതാവര്‍ത്തിച്ചു. (ശ്രീപത്മനാഭന്റെ പുത്തരി നിവേദ്യത്തിനുള്ള നെല്ലു കൃഷി ചെയ്തിരുന്ന കണ്ടം ഇന്നു ഇ.കെ.നായനാര്‍ മൈതാനമാണ്). പത്മനാഭ സ്വാമിയുടെ കൊടിമരത്തില്‍ ടിപ്പുവിന്റെ കുതിരയെ കെട്ടുമെന്നു സുല്‍ത്താന്‍ പ്രഖ്യാപിച്ചതായി രാമരാജാ ബഹദൂര്‍ എന്ന ആഖ്യായികയില്‍ പറയുന്നുണ്ട്. കോട്ടയ്‌ക്കകം മുഴുവന്‍ വഖഫായി അവകാശപ്പെടാന്‍ ഇനി വേറെ കാരണം വേണ്ടല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക