കൊമോഡോ ഡ്രാഗണ്‍ ആള്‍ ചില്ലറക്കാരനല്ല. ലോകത്തിലെ ഏറ്റവും വലിയ പല്ലി എന്നാണ് പെരുമ. മൊത്തത്തില്‍ ഒരു രാക്ഷസന്റെ ഗരിമ. താമസമാവട്ടെ കരയോരത്തെ കാടുകളില്‍. അതുകൊണ്ടാവണം, ഇന്തോനേഷ്യയുടെ പ്രാദേശിക ഭാഷയില്‍ ബുയാഡാരത് (കരയിലെ മുതല), ബിവാക് രാക്ഷസ (രാക്ഷസന്‍ പല്ലി) എന്നൊക്കെ ഇവനെ വിളിക്കുന്നത്. ആരെയും കടന്നാക്രമിക്കാന്‍ കരുത്തുണ്ടെങ്കിലും മനുഷ്യനെ പൊതുവെ ആക്രമിക്കാറില്ല.
ഇന്തോനേഷ്യയിലെ കൊമാഡോ നാഷണല്‍ പാര്‍ക്കിന്റെ ഭാഗമായ കൊമോഡോ ദ്വീപിലാണ് ഈ രാക്ഷസന്‍ പല്ലികളെ കാണാനാവുക. തൊട്ടടുത്ത റിങ്കാഗിലി മൊതാങ് ദ്വീപുകളിലുമുണ്ട് കൊമോഡയുടെ സാന്നിധ്യം. നൂറുകിലോ വരെ ഭാരവും മൂന്നു മീറ്റര്‍ വരെ നീളവുമുള്ള കൊമോഡോ കാഴ്ചയില്‍ ഒരു മുതലയെപ്പോലെ തോന്നാം. ഭയം ജനിപ്പിക്കുന്ന രൂപവും തോല്‍പ്പിക്കാനാവാത്ത കരുത്തും വശങ്ങളിലേക്ക് അനായാസം തല ചലിപ്പിക്കാനുള്ള കഴിവും ഭീമാകാരമായ വായും ഇവന്റെ പ്രത്യേകതകളാണ്. കടിക്ക് നല്ല കരുത്തുണ്ട്. കടിയില്‍ ഇരയിലേക്ക് കയറ്റുന്ന ഉമിനീരില്‍ വിഷത്തിന്റെ സാന്നിധ്യവും.
പന്നിയും പക്ഷിയും പാമ്പുമൊക്കെ കൊമോഡോയുടെ പ്രിയ ഭക്ഷണങ്ങളാണ്. മാനിനെ കിട്ടിയാലും വിടില്ല. മനുഷ്യനെ ദൂരെ കണ്ടാല്‍ ഓടി ഒളിക്കുകയാണ് പതിവ്. പക്ഷേ അപൂര്‍വമായെങ്കിലും കൊമോഡോ മനുഷ്യരെ ക്രൂരമായി ആക്രമിച്ച ചരിത്രവുമുണ്ട്. അതുകൊണ്ടാവണം ഈ രാക്ഷസന്‍ പല്ലിയെ കേന്ദ്രകഥാപാത്രമാക്കി പല ഹോളിവുഡ് ത്രില്ലര്‍ സിനിമകളും നിര്‍മിക്കപ്പെട്ടത്.
‘കഴ്‌സ് ഓഫ് കൊമോഡോ’ അഥവാ കൊമോഡോയുടെ ശാപം എന്ന അമേരിക്കന്‍ സയന്‍സ് ഫിക്ഷന്‍ സിനിമ തന്നെ ഉദാഹരണം. ആന്‍ഡ്രൂസ് സംവിധാനം ചെയ്ത് 2004 ല്‍ പുറത്തുവന്ന ഈ ചിത്രത്തിന്റെ പ്രമേയം ജനിതകമാറ്റം വരുത്തപ്പെട്ട ഒരു കൂട്ടം കൊമോഡോകളുടെ കഥയാണ്. ശാന്തസമുദ്രത്തിലെ വിദൂര ദ്വീപായ ഫോസ്റ്റര്‍ ദ്വീപിലാണ് കഥ നടക്കുന്നത്. അവിടെ വഴിതെറ്റിയെത്തിയ ഒരുകൂട്ടം ശാസ്ത്രജ്ഞന്മാരെയും അതിനു പിന്നാലെ വന്ന ബാങ്ക് കൊള്ളക്കാരെയും ജനിതകമാറ്റം വരുത്തപ്പെട്ട കൊമോഡോകള്‍ ക്രൂരമായി വേട്ടയാടുന്നു. ഒടുവില്‍ സൈന്യമെത്തി ആ ദ്വീപു തന്നെ ബോംബിട്ട് തകര്‍ത്താണ് ലോകത്തെ രക്ഷിക്കുന്നത്.
മാതാപിതാക്കളെ കൊമോഡോകള്‍ ക്രൂരമായി കൊലപ്പെടുത്തിയ ദ്വീപു തേടി വരുന്ന കുട്ടിയുടെ കഥയാണ് ആസ്‌ട്രേലിയന്‍ ത്രില്ലറായ ‘കൊമോഡോ’യുടെ പ്രമേയം. മൈക്കിള്‍ ലാന്റിയേറി സംവിധാനം ചെയ്ത് 1999 ല്‍ പുറത്തിറങ്ങിയ ‘കൊമോഡോ വേഴ്‌സസ് കോബ്ര’ എന്ന അമേരിക്കന്‍ ടിവി ചിത്രവും ഏറെ ശ്രദ്ധനേടി.
പക്ഷേ ഈ ‘പാവം ക്രൂരന്മാര്‍’ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. 1910 ല്‍ പാശ്ചാത്യ ജന്തുശാസ്ത്രജ്ഞര്‍ കണ്ടെത്തി ലോകത്തിനു മുന്നിലെത്തിച്ച കൊമോഡോകളെ ‘അപകസാധ്യത നേരിടുന്ന ജീവികള്‍’ എന്ന വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. പക്ഷേ അവയുടെ എണ്ണം അതിവേഗം കുറഞ്ഞുവരുന്നതായി വന്യജീവി ഗവേഷകര്‍ കണ്ടെത്തി. കേവലം 1380 കൊമോഡോകള്‍ മാത്രമാണ് ലോകത്ത് അവശേഷിക്കുന്നതെന്ന് അവര്‍ സ്ഥിരീകരിച്ചു. ഇതേ ത്തുടര്‍ന്ന് ഇവയെ ‘വംശനാശം നേരിടുന്ന’ ജീവികളുടെ പട്ടികയിലേക്ക് മാറ്റാന്‍ ഇന്റര്‍ നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐയുസിഎന്‍)തീരുമാനിക്കുകയായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയരുന്നതും ആവാസ വ്യവസ്ഥയില്‍ കയ്യേറ്റങ്ങള്‍ പെരുകുന്നതും പ്രകൃതിദത്തമായ ഭക്ഷണത്തിന്റെ അഭാവവും എല്ലാം ചേര്‍ന്നാണ് ഈ ജീവികളുടെ വംശനാശത്തിന് അവസരം ഒരുക്കുന്നത്.
കേവലം 30 വര്‍ഷമാണ് കൊമോഡോകളുടെ ആയുര്‍ദൈര്‍ഘ്യമെന്ന് കണക്കാക്കപ്പെടുന്നു. ഇഷ്ടമുള്ള ഇണയെ കിട്ടാന്‍ വഴക്കടിക്കാനും പരസ്പരം ആക്രമിക്കാനുമൊന്നും കൊമോഡോകള്‍ക്ക് മടിയില്ല. ഒറ്റത്തവണ 30 മുട്ടകളിടും. മുട്ടവിരിഞ്ഞിറങ്ങുന്ന കൊമോഡോ കുഞ്ഞുങ്ങളെ ഭക്ഷണമാക്കാനും ഈ ജന്തുക്കള്‍ മടിക്കാറില്ല. അതിനാല്‍ പ്രായപൂര്‍ത്തിയാവും വരെ മരമുകളില്‍ ഒളിച്ചിരിക്കുന്നതിനാണ് കൊമോഡോ കുഞ്ഞുങ്ങള്‍ താല്‍പ്പര്യപ്പെടുന്നത്.
ജീവിച്ചിരിക്കുന്ന കരയിലെ ഏറ്റവും വലിയ ഉരഗം എന്ന പേരിനര്‍ഹനായ കൊമോഡോകള്‍ക്ക് മറ്റ് പല പ്രത്യേകതകളുമുണ്ട്. ആദ്യത്തേത് അതിന്റെ അപാരമായ ഘ്രാണശക്തി. ജീര്‍ണിച്ച മാംസത്തിന്റെ നാറ്റം നാല് കിലോമീറ്റര്‍ അകലെ നിന്നുപോലും അറിയാന്‍ ഇവയ്‌ക്ക് കഴിയും. കാഴ്ച ശക്തിയും കേമം. പക്ഷേ കേള്‍വി കമ്മിയാണ്. കരുത്തേറിയ മാംസപേശികളുടെയും നഖങ്ങളുടെയും സഹായത്തോടെ മരം കയറാനും ശത്രുക്കളില്‍നിന്ന് രക്ഷനേടാനും കൊമോഡോകള്‍ക്ക് സാധിക്കും. വാലിനും നല്ല കരുത്തുണ്ട്. വാല്‍കുത്തിനിന്ന് മരംകയറ്റം അവ സുഗമമാക്കുന്നു.
വജ്രം വിതറി ചൂടുകുറച്ചാലോ?
ഭൂമിയുടെ അന്തരീക്ഷത്തിലെ ചൂട് അപാരമായി ഉയരുന്നതിനാലുണ്ടാകുന്ന കാലാവസ്ഥാ പ്രശ്‌നങ്ങള്‍ ഇന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. സൂര്യനില്‍നിന്ന് അനുനിമിഷം പ്രവഹിക്കുന്ന ഉഷ്ണരശ്മികളെ മടങ്ങിപ്പോകാന്‍ അനുവദിക്കാതെ മലിനവാതകങ്ങള്‍ കുരുക്കിയിടുകയാണ്. അപ്പോള്‍ ആഗോളതാപനം വര്‍ധിച്ചുകൊണ്ടേയിരിക്കും.
ബാഹ്യാന്തരീക്ഷമായ സ്ട്രാറ്റോസ്ഫിയറില്‍ വച്ച് അത്തരം താപകിരണങ്ങളെ ഭൂമണ്ഡലത്തില്‍ കയറാതെ തിരിച്ചയയ്‌ക്കാന്‍ പറ്റിയാല്‍ ചൂട് വര്‍ധിക്കുന്നത് തടയാനാവും. 1947 ല്‍ കാലാവസ്ഥാ ശാസ്ത്രജ്ഞനായ മിഖായല്‍ ഇവാനോവിച്ച് ഇതിനൊരു മാര്‍ഗവും നിര്‍ദ്ദേശിച്ചു-‘സ്ട്രാറ്റോസ്‌ഫെറിക് എയ്‌റോസോള്‍ ഇഞ്ചക്ഷന്‍.’ സ്ട്രാറ്റോസ്ഫിയറില്‍ സള്‍ഫര്‍ തരികള്‍ നിറച്ചാല്‍ അത് സാധിക്കും. പക്ഷേ അവ അന്തരീക്ഷത്തിലെ ഓസോണ്‍പാളി കാര്‍ന്നുതിന്നു തീര്‍ക്കും.
അതിനൊരു പരിഹാരവുമായാണ് സൂറിച്ചിലെ ഗവേഷകരായ സാന്ദ്രോ വട്ടിയോണിയും സംഘവും വരുന്നത്. അത്യുന്നതങ്ങളില്‍ പറക്കാന്‍ സംവിധാനമുള്ള വിമാനങ്ങളുടെ സഹായത്തോടെ ബാഹ്യാന്തരീക്ഷത്തില്‍ വജ്രം അഥവാ ഡയമണ്ടിന്റെ അതിസൂക്ഷ്മ നാനോ ധൂളികള്‍ വിതറുക. അവ സൂര്യതാപം ഭൂമിയിലെത്താതെ പ്രതിഫലിപ്പിച്ച് തിരിച്ചയയ്‌ക്കും. യാതൊരു പാര്‍ശ്വഫലങ്ങളും ഭയക്കുകയും വേണ്ട. വട്ടിയോണിയുടെ നിര്‍ദേശത്തിന് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: