Varadyam

ആധുനികോത്തര കവിതയിലെ അപഭ്രംശങ്ങള്‍

Published by

ദി കവിയായ വാല്മീകി തുടങ്ങി ഇങ്ങോട്ടുള്ള പുരാതന ഭാരതത്തിലെ കവികള്‍ക്ക് സാഹിത്യസൃഷ്ടി ആത്യന്തിക ലക്ഷ്യമായിരുന്നില്ല. സമൂഹത്തില്‍ ഉന്നത സംസ്‌കാരം നിലനിര്‍ത്തുന്നതിനായി കലാസാഹിത്യത്തെ ഉപയോഗപ്പെടുത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം. വാല്മീകിയുടെ അന്തരംഗത്തില്‍ കവിത ആവിര്‍ഭവിക്കാന്‍ കാരണം ഇണക്കിളികളില്‍ ഒന്നിനെ വേടന്‍ അമ്പെയ്തു വീഴ്‌ത്തിയതു ദര്‍ശിച്ചുണ്ടായ ശോകത്തില്‍ നിന്നാണെന്നു പറയാറുണ്ടെങ്കിലും, ഈ സംഭവത്തിനു മുമ്പുതന്നെ മഹര്‍ഷി ഒരു രചനയ്‌ക്കായി മനസില്‍ തയ്യാറെടുപ്പ് നടത്തുകയായിരുന്നു. അതിനായി നാരദനുമായി സംവദിച്ചിരുന്നു. ഉത്തമപുരുഷന് ഉദാഹരണം ആരാണെന്ന വാല്മീകിയുടെ ചോദ്യത്തിനു മറുപടിയായി നാരദനായിരുന്നു ശ്രീരാമനെ കാട്ടിക്കൊടുത്തത്. കാവ്യനിര്‍മിതിയില്‍ ആദികവിയുടെ ലക്ഷ്യം സാമൂഹിക നന്മ ഉറപ്പിക്കുകയെന്നതായിരുന്നു. അതിനാലാണ് സംന്യാസിവര്യനായിരുന്നിട്ടും ഒരു താപസശ്രേഷ്ഠനെ മാതൃകയായി സ്വീകരിക്കാതെ ജനസേവകനായിരുന്ന, അയോദ്ധ്യാപതിയായ രാമനെ തിരഞ്ഞെടുത്തത്. വനങ്ങളില്‍ ഏകാന്തവാസമനുഷ്ഠിച്ച് തപസുചെയ്യുന്ന സംന്യാസിമാരെ വിട്ട്, സാമൂഹിക സേവനത്തിന് മുന്‍തൂക്കം കല്‍പിച്ചിരുന്ന രാജര്‍ഷിയായ രാമനെയാണ് വാല്മീകി മാതൃകയായി സ്വീകരിച്ചത്. ഇങ്ങനെ പുരാതന കവികള്‍ മാതൃകാ പുരുഷന്മാരെയും സ്ത്രീകളെയും അവതരിപ്പിച്ച് കാവ്യനിര്‍മിതിയിലേര്‍പ്പെടുക വഴി കലാസാഹിത്യത്തെ സംസ്‌കാരത്തിന് മുതല്‍ക്കൂട്ടാക്കി മാറ്റുകയായിരുന്നു. ഇപ്രകാരം ‘കല കലയ്‌ക്കുവേണ്ടി’യല്ലാതെ അതിനെ മറ്റൊരു ലക്ഷ്യത്തിലേക്കുള്ള ഉപാധിയായിക്കണ്ടു. അതിനാല്‍ ഭാരതത്തില്‍ കലാസാഹിത്യത്തിന്റെ വളര്‍ച്ചക്ക് യാതൊരു കോട്ടവും സംഭവിച്ചില്ലെന്നു മാത്രമല്ല, പുരാണേതിഹാസ കഥകളെ ഉപജീവിച്ചുകൊണ്ടുള്ള പുരാതന ഭാരതത്തിലെ കലാസാഹിത്യം ലോകോത്തരമായിത്തന്നെ നിലകൊണ്ടു. കാളിദാസന്റെയും ഭവഭൂതിയുടെയും മറ്റും കൃതികള്‍ ഇന്നും ലോക നിലവാരത്തില്‍ സ്ഥിതി ചെയ്യുന്നു. മാത്രമല്ല, ഭാരതത്തില്‍ ഉണ്ടായതു പോലെ സമ്പന്നമായ കലാസാഹിത്യം മറ്റൊരു ദേശത്തും ഉണ്ടായിട്ടില്ല.

സാംസ്‌കാരികോല്‍ക്കര്‍ഷത്തിനായി കലാസാഹിത്യത്തെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തിയ രാജ്യം എന്ന ഖ്യാതി ഭാരതത്തിന് സ്വന്തം.

സാംസ്‌കാരിക ഉന്നമനത്തിനായി ശ്രേഷ്ഠ പൈതൃകത്തിന്റെ ചരിത്ര കഥകള്‍ പറയുന്ന കാവ്യങ്ങളായിരുന്നു ആദ്യകാലത്തേത്. അതിനാല്‍ പ്രമേയ പ്രാധാന്യമുള്ളവയായിരുന്നു അവയെങ്കിലും, കാവ്യത്തിന്റെ രൂപഭംഗിയിലും അന്നത്തെ കവികള്‍ ശ്രദ്ധിച്ചിരുന്നു. കാവ്യമാതൃക സൃഷ്ടിച്ച വാല്മീകി ഭാവനയും ഭാവുകത്വവും കലര്‍ന്ന വരികളിലെ അര്‍ത്ഥ സൗന്ദര്യത്തിലൂടെ മാത്രമല്ല, ഭാഷാ സൗന്ദര്യത്തിലൂടെയും അനുവാചകരില്‍ കാവ്യാനുഭൂതി പകര്‍ന്നു. ഉപമാലങ്കാരം, പ്രാസം, വൃത്തം എന്നിവയാല്‍ ആദികവി കാവ്യഭാഷയെ ഭംഗിയായി അണിയിച്ചൊരുക്കി. ആദികാവ്യത്തിന്റെ മറ്റൊരു പ്രത്യേകത അതിലെ സരളതയുടെ മനോഹാരിതയാണ്. സാരള്യത്തിന്റെ രസോദ്ദീപന ശക്തി തിരിച്ചറിയാന്‍ ആദികാവ്യമായ രാമായണം വായിച്ചാല്‍ മതി. ലളിതമായ ഭാഷാശൈലിയുടെ ഗുണമെന്നത്, കവി ഉദ്ദേശിക്കുന്നതും അനുവാചകര്‍ മനസ്സിലാക്കുന്നതും ഒന്നുതന്നെയായിരിക്കും. ഭാഷയുടെ പ്രധാന ധര്‍മ്മവും ഇതുതന്നെയല്ലോ.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ കേരളത്തിലെ കവികളെ നവീനതാ പ്രസ്ഥാനം ആകര്‍ഷിച്ചു തുടങ്ങി. എന്നാല്‍ ഈ ആധുനിക കാലത്തെ ആദ്യപഥികരായ കവികള്‍ക്ക് സാമൂഹിക ബോധം നഷ്ടപ്പെട്ടിരുന്നില്ല. ദേശാഭിമാനം, സാമൂഹിക അനീതികള്‍ക്കെതിരെയുള്ള വിപ്ലവകരമായ പ്രതികരണം, പ്രകൃതി ചൂഷണത്തെച്ചൊല്ലി വിലാപം മുതലായവ അവരുടെ കാവ്യങ്ങളെ മൂല്യവത്താക്കി. ആഗോള തലത്തിലുണ്ടായ പുതിയ ആശയങ്ങളുടെയും അനുഭവങ്ങളുടെയും വെളിച്ചത്തില്‍ ജീവിതത്തെയും സമൂഹത്തെയും വലയിരുത്താനും തിരുത്താനുമുള്ള ആദര്‍ശം ആ കവി ഹൃദയങ്ങളെ പ്രചോദിപ്പിച്ചിരുന്നു. അവരുടെ കാവ്യദൃഷ്ടിയില്‍ ജീവിത ദര്‍ശനവും സാമൂഹ്യ വിമര്‍ശനവുമുണ്ടായിരുന്നു. എ.ആര്‍. രാജരാജവര്‍മ്മ, കുമാരനാശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍, ജി.ശങ്കരക്കുറുപ്പ്, അക്കിത്തം, വൈലോപ്പിള്ളി, എന്‍.വി.കൃഷ്ണവാര്യര്‍, ഇടശ്ശേരി, ഇടപ്പള്ളി, വയലാര്‍ രാമവര്‍മ്മ, ബാലാമണിയമ്മ, ഒ.എ.വി.കുറുപ്പ് മുതലായവരുടെ സംഭാവനകളാല്‍ കാവ്യലോകം പുഷ്ടിപ്രാപിച്ചു.

എന്നാല്‍ 20-ാം നൂറ്റാണ്ടിന്റെ അവസാനം നവീനോത്തര പ്രസ്ഥാനം പിടിമുറുക്കിയതോടെ കാവ്യലോകം ശുഷ്‌കിച്ചു. എങ്ങനെയും പുതുമ സൃഷ്ടിക്കാനുള്ള ആവേശം ഒരു ബാധയായി കവികളെ ആക്രമിച്ചു. കവികള്‍ കാവ്യത്തിന്റെ ബാഹ്യരൂപത്തിനു മേല്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി. പുതുരൂപങ്ങളാല്‍ പരിഷ്‌കാരം ചമയ്‌ക്കാന്‍ ശ്രമിച്ച കവികള്‍ ക്രമേണ സാമൂഹിക പ്രതിബദ്ധതയില്ലാത്തവരായി. സമൂഹത്തിന് നല്‍കാന്‍ പ്രത്യേകിച്ച് സന്ദേശങ്ങളൊന്നുമില്ലാത്തവരായി. പഴയ രീതികളെയെല്ലാം തച്ചുടയ്‌ക്കണമെന്ന പുതിയ കവികളുടെ വാശിയും, അപൂര്‍വ്വത സൃഷ്ടിക്കണമെന്ന ആവേശവും കാരണം ഇപ്പോള്‍ കാവ്യരൂപം തിരിച്ചറിയാന്‍ സാധിക്കാത്തവിധം മാറിപ്പോയി.

പഴമയും പുതുമയും

സൗന്ദര്യം എന്ന സംവര്‍ഗം കലാസാഹിത്യത്തിന്റെ പൊതുസ്വഭാവമാണല്ലോ. ആശയം, ഭാവം, ഭാഷ, ഭാവന എന്നിവ സൗന്ദര്യത്തെ ആഗിരണം ചെയ്യുമ്പോള്‍ കാവ്യം ഉടലെടുക്കുന്നു. അസുന്ദരമായ വസ്തുക്കളെപ്പോലും സുന്ദരമായി ആവിഷ്‌കരിച്ചുകൊണ്ടിരുന്ന കലാ സാഹിത്യത്തില്‍ ഇപ്പോള്‍ സുന്ദരമായതിനെപ്പോലും വിരൂപമാക്കുന്ന പ്രവണതയാണ്. അസുന്ദരമായതിനെ പാര്‍ശ്വവത്കരിക്കാന്‍ പാടില്ലെന്ന ആധുനികോത്തര ചിന്തയാണിതിനു പിന്നില്‍. ധര്‍മം അധര്‍മം മുതലായ ദ്വന്ദ്വാശയങ്ങള്‍ തമ്മിലുള്ള വിടവുപോലും നികത്തിക്കൊണ്ടിരിക്കുന്ന ആധുനികോത്തര സാഹിത്യത്തിലെ ആദര്‍ശ ശൂന്യത കവികളെയും ബാധിച്ചു. കലയുടെ അടിസ്ഥാന ആദര്‍ശമാകുന്ന സൗന്ദര്യത്തെത്തന്നെ തകിടം മറിക്കുന്ന ഈ പ്രവണതയില്‍ പഴയതിനെയെല്ലാം വെറുപ്പോടെ നിരാകരിക്കുന്ന പ്രതിഷേധാത്മകതയാണ് നിഴലിക്കുന്നത്.

കാലാനുസൃതമായി നമുക്ക് പുതിയ ചിന്തകളുണ്ട്, അനുഭവങ്ങളുണ്ട്, സാഹചര്യങ്ങളുണ്ട്. എന്നാല്‍ കാവ്യസൃഷ്ടിക്ക് ഉപയോഗിക്കുന്ന സാമഗ്രികള്‍ പഴയതുതന്നെ- ആഴിയും ആകാശവും മഴയും കാറ്റും വെളിച്ചവും ഇരുട്ടും ഒക്കെ പഴഞ്ചനാണല്ലോ. വല്ലാതെ മലിനപ്പെട്ടുവെങ്കിലും ഭൂമിയും പഴയതു തന്നെ. ഭാഷയില്‍ പുതിയ വാക്കുകളും അര്‍ത്ഥങ്ങളുമുണ്ട്, എന്നാല്‍ വ്യാകരണത്തിനുമാറ്റമില്ല. ബുദ്ധിയിലുദിക്കുന്ന ആശയങ്ങള്‍ പുതിയതാവാം, എന്നാല്‍ തലച്ചോറും ഹൃദയവും ജൈവതലത്തില്‍ പഴയ വസ്തുക്കളായിത്തുടരുന്നു. അവയിലൂടെ പ്രവര്‍ത്തിക്കുന്ന ബുദ്ധി, മനസ്, ഭാവങ്ങള്‍ എന്നിവയും താത്ത്വികമായി പഴയതു തന്നെ. ഇപ്രകാരം ജീവിതത്തിന്റെയും അനുഭവങ്ങളുടെയും അടിസ്ഥാന തത്വങ്ങള്‍ സ്ഥിരാവസ്ഥയിലുള്ളതാണെന്ന യാഥാര്‍ത്ഥ്യം അവഗണിക്കപ്പെടുന്ന ഒരു സാഹിത്യശാഖയ്‌ക്ക് ഇനി എത്ര കാലം നിലനില്‍പ്പുണ്ടെന്നതാണ് സംശയം.

ജീവിതാനുഭവങ്ങളുടെ സ്വഭാവം അടുക്കും ചിട്ടയുമില്ലായ്മയുമാണ്. അതിനാല്‍ കവിതയ്‌ക്കും അതാവശ്യമില്ലെന്ന വാദം ഉത്തരാധുനിക ചിന്തകരുടെ ഇടയില്‍ വ്യാപകമാണ്. എന്നാല്‍ ജീവിതത്തിന് ലക്ഷ്യം വയ്‌ക്കുകയും, അതിനനുയോജ്യമായി ജീവിതത്തെ ചിട്ടപ്പെടുത്തുകയും ചെയ്യുന്നവനായിരിക്കണം യഥാര്‍ത്ഥ മനുഷ്യന്‍. സ്വന്തം ജീവിതം പോലും ചിട്ടപ്പെടുത്താന്‍ കഴിയാത്ത മനുഷ്യന് പരിണാമക്രമത്തില്‍ താന്‍ മുന്‍പിലാണെന്ന് അവകാശപ്പെടാന്‍ സാധ്യമല്ല. ഇത് പുരോഗമനത്തിന്റെ ലക്ഷണമല്ല, മറിച്ച് അധഃപതനമാണ്. അസ്തിത്വവാദികള്‍ മനുഷ്യന്റെ അസ്തിത്വത്തെ നിര്‍വചിച്ചതു പ്രകാരം, ഒരാള്‍ ജീവിതം നയിക്കുന്നുവെന്നതിനര്‍ത്ഥം ജീവിതം അയാളെ നയിക്കുന്നുവെന്നാകരുത്. മറിച്ച് അയാള്‍ ജീവിതത്തെ നയിക്കുന്നുവെന്നാകണം. താന്‍ എപ്രകാരം ജീവിക്കണമെന്ന് അയാള്‍ക്ക് തീരുമാനമെടുക്കാന്‍ സാധിക്കണം. ഇങ്ങനെ ജീവിതത്തെ കയ്യിലെടുക്കുന്നതാണ് മനുഷ്യസ്വത്വത്തിന്റെ സവിശേഷത. എന്നാല്‍ ഉത്തരാധുനിക ചിന്തകര്‍ നീന്തല്‍ പഠിക്കാതെയും തുഴയില്ലാതെയും ജീവിത സാഗരത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടുഴലുന്നവരായിത്തീരുന്നു. ഈ അവസ്ഥയാണ് തങ്ങളുടെ യാഥാര്‍ത്ഥ്യമെന്നു കരുതി അതിനെപ്പറ്റി പാടി രമിക്കാന്‍ ശ്രമിക്കുന്നവരാകുന്നു ഇന്നത്തെ കവികളില്‍ കൂടുതല്‍പേരും.

അടുത്ത ആഴ്ച: കവിതയിലെ വൃത്തവും പ്രാസവും

(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഫിലോസഫി വിഭാഗം മുന്‍ മേധാവിയും തപസ്യ കലാസാഹിത്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷയും കവയത്രിയുമാണ് ലേഖിക.)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക