ബംഗളൂരു: ടെക്കി യുവാവ് അതുൽ സുഭാഷ് ആത്മഹത്യ ചെയ്ത കേസിൽ ഭാര്യയും കുടുംബാംഗങ്ങളും അറസ്റ്റിൽ. ഭാര്യ നിഖിത നിംഖാനിയ, ഭാര്യാ മാതാവ് നിഷ, നിഖിതയുടെ സഹോദരൻ അനുരാഖ് എന്നിവരാണ് അറസ്റ്റിലായത്. അതുലിന്റെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രതികളെ കോടതിയിൽ ഹാജരാക്കി, നിലവിൽ മൂന്ന് പേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
നിഖിതയെ ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്നും നിഷയേയും അനുരാഗിനെയും ഉത്തർപ്രദേശിലെ അലഹബാദിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയോടെ ഇവർ ഒളിവില്‍ പോയിരുന്നു. വീടിന് മുൻപിൽ റിപ്പോർട്ടർമാർ അടക്കം ക്യാമ്പ് ചെയ്തിരുന്ന സമയത്താണ് ആളുകളുടെ മുന്നിലൂടെ ഇവർ കടന്ന് കളഞ്ഞത്. നിഖിതക്കും കുടുംബത്തിനും എതിരെ 24 പേജുള്ള ആത്മഹത്യാ കുറിപ്പും ഒരു മണിക്കൂറിലധികം ദൈർഘ്യമുള്ള വീഡിയോയും പങ്കു വെച്ചായിരുന്നു യുപി സ്വദേശിയായ അതുൽ സുഭാഷ് ആത്മഹത്യ ചെയ്തത്.
ഭാര്യയും ഭാര്യയുടെ ബന്ധുക്കളും തന്നെ നിരന്തരമായി ദ്രോഹിക്കുകയാണെന്നായിരുന്നു അതുലിൻറെ ആരോപണം. തന്നെ ഉപദ്രവിച്ചവർ ശിക്ഷിക്കപ്പെടുന്നതുവരെ തന്റെ ചിതാഭസ്മം ഒഴുക്കരുതെന്നും അതുൽ വീഡിയോയിൽ പറഞ്ഞിരുന്നു. ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിലെ എക്സിക്യൂട്ടിവ് എഡിറ്ററായിരുന്നു അതുൽ സുഭാഷ്.
വ്യാജ സ്ത്രീധന പീഡനം ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം അതുലിൽ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യാപിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് കാണിച്ച് പോലീസിൽ പരാതിയും നൽകിയിരുന്നു. ഇത് വ്യാജ പരാതിയാണെന്ന് പിന്നീട് കണ്ടെത്തി. മകനെ കാണണമെങ്കിൽ മുപ്പത് ലക്ഷം രൂപ നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതായും കുറിപ്പിലുണ്ട്. മകന്റെ ചെലവിനായുള്ള കേസ് നടക്കുന്നതിനിടെ പണം തരാൻ കഴിയില്ലെങ്കിൽ ആത്മഹത്യ ചെയ്തുകൂടേയെന്ന് ഭാര്യ ചോദിച്ചതിന് ജഡ്ജ് ചിരിച്ചത് യുവാവിനെ ഏറെ വേദനിപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു.
മകന്റെ ചെലവിനായി തുടക്കത്തിൽ മാസം 40000 രൂപ ആവശ്യപ്പെട്ട നികിത പിന്നീട് ഒരു ലക്ഷം രൂപ മാസം വേണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക