Kerala

മന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നത്: കെഎസ്ടി എംപ്ലോയീസ് സംഘ്

Published by

കൊച്ചി: പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വൈകുന്നത് സംബന്ധിച്ച് നടത്തിയ പ്രസ്താവന വാസ്തവവിരുദ്ധമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ്.

എല്ലാ മാസവും ഒന്നാം തീയതി കെഎസ്ആര്‍ടിസിയില്‍ ശമ്പളം നല്‍കുമെന്ന് പറഞ്ഞ മന്ത്രി 12 ാം തീയതി നടന്ന ജീവനക്കാരുടെ പ്രതിഷേധം മൂലമാണ് നവംബറിലെ ശമ്പളം ഇനിയും കൊടുക്കാന്‍ സാധിക്കാതിരുന്നതെന്ന് പറഞ്ഞത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. സര്‍വീസില്‍ നിന്ന് വിരമിച്ചവരെ എല്ലാ മാനദണ്ഡവും മറികടന്ന് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കേണ്ട തസ്തികകളില്‍ പിന്‍വാതില്‍ നിയമനം നടത്തുന്നതിനെതിരെയാണ് പ്രതിഷേധിച്ചത്.

ചീഫ് ഓഫീസില്‍ അന്നേ ദിവസം ആരുടേയും ഡ്യൂട്ടി തടസപ്പെട്ടില്ല. പ്രസ്താവനയില്‍ മന്ത്രി ഉറച്ചുനില്‍ക്കുകയാണെങ്കില്‍ അന്നേ ദിവസത്തെ ചീഫ് ഓഫീസ് ജീവനക്കാരുടെ പഞ്ചിങ് വിവരങ്ങള്‍ പുറത്തുവിടാന്‍ തയ്യാറാവണം. പണിയെടുക്കുന്ന തൊഴിലാളിക്ക് ശമ്പളം കിട്ടാത്തതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശം പോലും കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിഷേധിക്കപ്പെട്ടോ എന്നും മന്ത്രി വ്യക്തമാക്കണം. ശമ്പളം അനിശ്ചിതമായി വൈകുന്നത് തുടര്‍ന്നാല്‍ ഇനിയും ശക്തമായ പ്രക്ഷോഭസമരങ്ങള്‍ക്ക് എംപ്ലോയീസ് സംഘ് നേതൃത്വം നല്‍കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. അജയകുമാര്‍ അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക