മുംബൈ: സത്യം പറയുന്നവരെ നിശബ്ദമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പ് നയം ജനങ്ങള്‍ കാണുന്നുണ്ടെന്നും യോഗി മുംബൈയിലെ ഒരു യോഗത്തില്‍ പറഞ്ഞു.
രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കറിനെയും അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ശേഖര്‍ കുമാര്‍ യാദവിനെയും ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ നീക്കത്തെ വിമര്‍ശിച്ച് സംസാരിക്കുക്കയായിരുന്നു യോഗി. ഒരു ഏകീകൃത സിവില്‍ കോഡ് ഉണ്ടാകണമെന്നും ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങളെ ലോകം മാനിക്കുമെന്നുമാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി പറഞ്ഞത്. ഒരു വ്യക്തി തന്റെ അഭിപ്രായങ്ങള്‍ പറഞ്ഞാല്‍ അതില്‍ എന്ത് കുറ്റമാണുള്ളത്.
ജനാധിപത്യവാദികളാണ് തങ്ങളെന്നാണ് പ്രതിപക്ഷം പറയുന്നത്. എന്നാല്‍ സത്യം പറയുന്ന ജഡ്ജിമാര്‍ ഉള്‍പ്പടെയുള്ളവരെ പ്രതിപക്ഷം ഭീഷണിപ്പെടുത്തുകയാണെന്ന് യോഗി കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികള്‍ പൊതുസമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.
രാജ്യസഭാ അധ്യക്ഷനെന്ന നിലയില്‍ സ്തുത്യർഹമായ പ്രവർത്തനമാണ് ജഗ്ദീപ് ധന്‍കര്‍ നടത്തുന്നത്. ഒരു കര്‍ഷകന്റെ മകന്‍ എങ്ങനെ ഈ നിലയില്‍ എത്തിയെന്നതാണ് പ്രതിപക്ഷത്തെ ആശങ്കപ്പെടുത്തുന്നത്. ഒരു ജഡ്ജിയെന്ന നിലയിലും രാജ്യത്തെ ഒരു പൗരനെന്ന നിലയിലും ആരെങ്കിലും സാമൂഹികവും സാംസ്കാരികവുമായ ഒരു വേദിയിൽ സത്യം പറഞ്ഞാല്‍ എന്തിനാണ് ഇംപീച്ച് ചെയ്യാന്‍ ശ്രമിക്കുന്നതെന്നും യുപി മുഖ്യമന്ത്രി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: