മൗര്യ സാമ്രാജ്യ സിംഹാസനാധിപനായിരിക്കെ ആ സാമ്രാജ്യത്തിന് കീഴടങ്ങാതിരുന്ന കലിംഗ രാജ്യത്തെ, അശോക ചക്രവര്‍ത്തി ആക്രമിച്ചതും ഘോരയുദ്ധം നടന്നതും ആ യുദ്ധത്തിന്റെ പരിണാമമായി അദ്ദേഹത്തിന് മനപ്പരിവര്‍ത്തനം വന്നതും യുദ്ധത്തോടുതന്നെ വെറുപ്പുണ്ടായതുമൊക്കെ ചരിത്രമാണ്. ചരിത്രം എന്നു പറഞ്ഞാല്‍ രണ്ടു സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ചരിത്രം. ആ ചരിത്രം ചില പാഠങ്ങള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. അത് മാനവികതയുടെ സംസ്കാരമാണ്; അതിലെ സങ്കീര്‍ണ്ണമായ സാഹചര്യങ്ങളും അവസ്ഥകളും കൂടിയാണ്. ചരിത്രം പറയാനല്ല തുടങ്ങുന്നത്, അതിനാല്‍ കാലക്രമം തെറ്റിയില്ലേ എന്ന് സംശയിക്കണ്ട.
യുദ്ധത്തോട് രാജാവിനുണ്ടായ വിരക്തിയുടെ ആ ചരിത്രം യുദ്ധാനന്തരമാണ് സംഭവിച്ചത്. എന്നാല്‍, യുദ്ധത്തിന് തൊട്ടുമുമ്പുണ്ടായ അത്തരമൊരു ചിന്തയുണ്ട്. അതിന്റെ ഫലമാണ് ഭഗവദ് ഗീത. കുരുക്ഷേത്ര പടക്കളത്തില്‍ താന്‍ കൊല്ലേണ്ടത് ബന്ധുക്കളെയല്ലേ, ഗുരുക്കന്മാരെയല്ലേ, അവരെ കൊന്നിട്ട് കിട്ടുന്ന രാജ്യഭോഗം എന്തിന് എന്ന് പാണ്ഡവ പക്ഷത്തെ മുഖ്യ പോരാളിയായ അര്ജ്ജുനന് ഉണ്ടായ സംശയം ശ്രീകൃഷ്ണന് തത്ത്വോപദേശങ്ങളിലൂടെ നീക്കിയതാണ് ഭഗവദ് ഗീത.
അധികാരവും രാജഭോഗവുമെല്ലാം ക്ഷണികവും നിസാരവുമാണെന്ന് തിരിച്ചറിഞ്ഞ് എല്ലാവര്ക്കും സുഖമുണ്ടാകാനുള്ള മാര്‍ഗമന്വേഷിച്ച് ജനങ്ങള്‍ക്കൊപ്പമിറങ്ങിയ സിദ്ധാര്ത്ഥന് പിന്നീട് ശ്രീബുദ്ധനായത് മറ്റൊരു ചരിത്രം. യുദ്ധാനന്തരവും യുദ്ധഭൂമിയിലും യുദ്ധമില്ലാത്ത വേളയിലും മാനുഷികതയും മാനവികതയും തളിര്‍ത്തുനിന്നിരുന്ന ഒരു സംസ്കാരത്തിന്റെ തുടര്‍ച്ചയുടെ അനുസ്യൂതിയെക്കുറിച്ച് ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭാരതീയ സംസ്കൃതിയെന്നും വിളിക്കുന്ന, ആ സനാതനധര്‍മ്മ സംസ്കാരത്തിന് ഇക്കാലത്തും തുടര്‍ച്ചയുണ്ടാകുന്നുവെന്നതിലാണ് ആഹ്ലാദിക്കേണ്ടത്. അത് സ്വാഭാവിക പ്രതികരണമായി സംഭവിക്കേണ്ടിടത്ത് അങ്ങനെയും ബോധപൂര്‍വം പ്രകടിപ്പിക്കേണ്ടിടത്ത് അങ്ങനെയും തുടരുന്നു.
ലോക ചെസ് ചാമ്പ്യനായി ഗുകേഷ് ദൊമ്മരാജു അഭിഷിക്തനായ മുഹൂര്‍ത്തത്തില്‍ അദ്ദേഹത്തില്‍നിന്ന് സ്വാഭാവികമായുണ്ടായ ക്ഷണപ്രതികരണം ഈ ധര്‍മ്മത്തിന്റെ തുടര്‍ച്ച കാണിച്ചു. ഗുകേഷ് എന്നപേരിന് ധര്‍മ്മമെന്നും നന്മയെന്നും സൗശീല്യം എന്നും അര്‍ത്ഥം പറയാം. ദൊമ്മം ധര്‍മ്മംതന്നെയാണ്. അങ്ങനെയുള്ള ‘ധര്‍മ്മപുത്ര’ന്മാര്‍ക്ക് അത്തരം പ്രതികരണം സ്വാഭാവികമായിരിക്കുമല്ലോ.
സിങ്കപ്പൂരില്‍, ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന മത്സരത്തില്‍ അവസാന നീക്കത്തില്‍, ഗുകേഷ് ദൊമ്മരാജുവിനെ വിജയശ്രീ ലാളിച്ചപ്പോള്‍, ഗുകേഷ് അവിടെ എങ്ങനെ പ്രതികരിച്ചുവെന്നത് ആ വിജയംപോലെ മറ്റൊരു ചരിത്രമാവുകയാണ്. ചൈനയുടെ ഡിങ് ലിറനെ ‘മലര്‍ത്തിയടിച്ച’തിലുള്ള ആവേശത്തില്‍ ആര്‍ത്തട്ടഹസിച്ചില്ല. രണ്ടുവിരല്‍ വിടത്തി വിജയചിഹ്നം കാണിച്ച് ആനന്ദിച്ചില്ല. മേല്‍വസ്ത്രം ഊരി തലയ്ക്കു ചുറ്റും കറക്കി അര്‍മാദിച്ചില്ല. ഏറെക്കുറേ ഒരു സ്ഥിതപ്രജ്ഞനെപ്പോലെ തോന്നിപ്പിച്ച പെരുമാറ്റമായിരുന്നു ഗുകേഷിന്റേത്. ആത്മഹര്‍ഷമാണ് ആ കൗമാരക്കാരന് അനുഭവിച്ചത്, അതാണ് പ്രതികരണമായതും. ഇത്തരം വേളകളില്‍ പുഞ്ചിരിയും സര്‍വേശ്വരനോടുള്ള പ്രാര്‍ത്ഥനയും ഒരുപക്ഷേ പലരിലും കണ്ടിട്ടുള്ള സ്ഥിതിയാണ്. എന്നാല്‍, അതിനപ്പുറം ചെയ്ത വിശിഷ്ട പ്രവൃത്തിയാണ് ഗുകേഷ് ദൊമ്മാരാജുവിന്റെ ധര്‍മ്മബോധം വെളിപ്പെടുത്തിയത്. അതാണ് അശോക ചക്രവര്‍ത്തിയേയും ശ്രീബുദ്ധനേയും ഭഗവദ് ഗീതയേയും ഓര്‍മ്മിപ്പിക്കുന്ന തുടര്‍ സംസ്കൃതിയിലേക്ക് ഈ നിരീക്ഷണമെത്തിച്ചത്.
മത്സരത്തില്‍ വിജയിച്ചു. എതിരാളി ഡിങ് ലിറന് ഒഴിഞ്ഞു. ഒന്നു പുഞ്ചിരിക്കാന്‍ ചിത്രമെടുപ്പുകാര്‍ അതിന് മത്സരിക്കുന്നതിനിടെ അവരുടെ അഭ്യര്‍ത്ഥനയ്ക്ക് ഒരു നിമിഷം ചെവികൊടുത്ത ഗുകേഷ് മേല്‍പ്പോട്ടുനോക്കി പ്രാര്‍ത്ഥിച്ച്, പിന്നെ കൈകളിലേക്ക് മുഖം പൂഴ്ത്തി കണ്ണീര് പൊഴിക്കുകയായിരുന്നു; ആനന്ദക്കണ്ണീര്. അപ്പോള്‍ താനും രക്ഷിതാക്കളും ഈ നിമിഷംവരെ എത്തിയ, കാലത്തിലെ നാഴികക്കല്ലുകള്‍ പിന്നിട്ട നടത്തം ഓര്‍മ്മയില്‍ അതിവേഗം കടന്നുപോകുകയായിരുന്നിരിക്കണം; രക്ഷിതാക്കളെപ്പോലെ. കസേരയില്‍ തിരികെയിരുന്ന് മേശപ്പുറത്തെ ചെസ് ബോര്‍ഡിലെ കരുക്കള്‍ ഓരോന്നിനേയും തിരികെ അതത് സ്ഥാനങ്ങളില്‍ സ്ഥാപിച്ചു. അതില്‍ ഗുകേഷ് വെട്ടിവീഴ്ത്തിയ വെളുത്ത കുതിരകളും കാലാളുകളും ആനയും തേരും ഉണ്ടായിരുന്നു. ഡിങ് ലിറന് വെട്ടിയൊടുക്കിയ ഗുകേഷിന്റെ കറുത്ത ചതുരംഗ സേനയും. അവയെ കാരുണ്യത്തോടെ, സ്നേഹത്തോടെ അടുക്കിവെക്കുമ്പോള്‍ ഗുകേഷ് ഒരു സംസ്കാരം ജ്വലിപ്പിക്കുകയായിരുന്നു. കലിംഗയുദ്ധത്തില് രക്തച്ചൊരിച്ചിലില്‍ ഒരു ലക്ഷത്തിലേറെപ്പേര്‍ കൊല്ലപ്പെടുകയും ഒന്നര ലക്ഷത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതു കണ്ട അശോക ചക്രവര്‍ത്തിക്കുണ്ടായ ശോകമായിരുന്നില്ല, അതിനപ്പുറമായിരുന്നു ഗുകേഷ് പ്രകടിപ്പിച്ച മാനവീയത. അങ്ങനെ ആ ബോധമുണ്ടാകുവാന്‍ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും കരുണാമയനിരിക്കുന്നുവെന്ന കാഴ്ചപ്പാട് ഉള്ളിലുണ്ടാവുക തന്നെവേണം. അതെ, ”കറുപ്പും വെളുപ്പും കരുക്കള്‍ നീക്കി കാലം കളിച്ച കളി”യാണല്ലോ ആരുടെയും ജീവിതം. അവയോട് കാരുണ്യമുണ്ടായിരിക്കുന്ന വികാരത്തിന് അനാദിയായ ഒരു സംസ്കൃതി ഓര്‍മ്മിപ്പിക്കാനുണ്ടുതന്നെ.
വിജയ കിരീടമണിഞ്ഞ് സമ്മാനം വാങ്ങി വേദിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുകേഷ് ആ സമ്മാനം പിന്‍നിരയിലിരുന്ന അച്ഛന് കൈമാറിയതും അച്ഛന് ഡോ.രജനീകാന്ത് അത് ഗുകേഷിന്റെ അമ്മ ഡോ.പത്മകുമാരിക്ക് കൊടുത്തതും അമ്മ അതില്‍ മുത്തമിട്ട് മറ്റു കുടുംബാംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും കൈമാറിയതും ആ സംസ്കൃതിയുടെ അനുസ്യൂതിയായിരുന്നുവല്ലോ തെളിയിച്ചത്. ഇല്ല, കാലം മാറി, ജനറേഷനുകള്‍ മാറിയപ്പോള്‍ നമ്മുടെ സംസ്കാരം മാറി എന്നെല്ലാം ചില ചേഷ്ടകള്‍ മാത്രം കണ്ട് നമുക്ക് നിരാശപ്പെടാനായിട്ടില്ല, എന്നല്ല, ചില കാഴ്ചകളും അനുഭവങ്ങളും വഴി ആ പ്രത്യാശ വര്‍ദ്ധിക്കുകതന്നെയാണ്.
കൈക്കരുത്തും ആയുധക്കരുത്തും സംഘടിത വികാരവുംകൊണ്ട് എല്ലാം നേടാമെന്ന് കരുതുന്നവരുടെ കാലത്ത്, ഇച്ഛാശക്തിയും ധര്മ്മാധിഷ്ഠിത കര്‍മ്മവും ദൃഢനിശ്ചയവും അതിന് ആധാരമായി ധര്‍മ്മവുമുണ്ടെങ്കില്‍ മറ്റെല്ലാം സാധ്യമെന്ന് തെളിയിക്കുകകൂടിയാണ് ഗുകേഷ് ദൊമ്മരാജുവിന്റെ വിജയം. പലതും അടയാളപ്പെടുത്തി വെക്കാനുണ്ട്: ഏഴാം വയസ്സില്‍ ചെസ് കളിതുടങ്ങി, ആ കുട്ടിക്കാലത്തുതന്നെ ലോക ചെസ് ചാമ്പ്യന്‍പട്ടം സ്വപ്നം കണ്ട്, അതിനായി അതിതീവ്ര പരിശീലനം നടത്തിയ ഗുകേഷ്. അതിന് ഗുകേഷിന് സാഹചര്യം ഒരുക്കിയ, ആ ലക്ഷ്യം സാധിക്കാന്‍ ത്യാഗങ്ങള്‍ ഏറെ ചെയ്ത അച്ഛനമ്മമാര്‍, ഒപ്പം നിന്ന വിദ്യാലയം, കൂട്ടുകാര്‍, സാമ്പത്തിക സഹായങ്ങളുമായി താങ്ങായിമാറിയ കുടുംബ സുഹൃത്തുക്കള്‍… സര്‍വത്തിനും മേലേ വിശ്വാസവും. ”തിരു വേല് മുരുകന്റെ ഭസ്മംതൊട്ട പുലരികളാണ് ഉണര്‍വ്വായത്” എന്നു പറയാന്‍ മനസ്സുള്ള കുടുംബത്തിന്റെ സംസ്കാര ബോധവും അടിത്തറയും അത്ര ഉറപ്പുള്ളതായിരിക്കുമല്ലോ. അതുകൊണ്ടാണല്ലോ, ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രജ്ഞാനന്ദയുടെ നെറ്റിയിലെ ഭസ്മക്കുറിയെ അധിക്ഷേപിക്കുകയും ആക്ഷേപിക്കുകയും അയോഗ്യതയായി പരിഗണിക്കുകയും ചെയ്തത് കണ്ടിട്ടും തെല്ലും ചഞ്ചലപ്പെടാതെ ഗുകേഷും ഭസ്മവും ചന്ദനവും ചാര്‍ത്തിത്തന്നെ തുടര്‍ന്നത്.
അതാണ് ശരി. വിശ്വാസങ്ങള്‍ വേദിയുടെ സ്വഭാവം നോക്കി മറയ്ക്കാനും മറക്കാനും മനസ്സില്ലെന്ന നിലപാടെടുക്കാനുള്ള ആര്‍ജ്ജവം. വിശ്വാസം ഇതാണെന്ന് പറയാനും അതനുസരിച്ച് ജീവിക്കാനുമുള്ള ദൃഢതീരുമാനം; അതുണ്ടാവണം, ഏത് സാഹചര്യത്തിലും. മികച്ച ഡോക്ടര്‍ ആയിരിക്കെ സര്ജന് ജോലി രാജിവെച്ച് മകന്റെ ചെസ്സുകളി പ്രതിഭയ്ക്കൊപ്പം നില്‍ക്കാനുള്ള മനസ്സ്, അവനുവേണ്ടി കഷ്ടപ്പാടുകള്‍ അനുഭവിക്കാനുള്ള കരുത്ത്, അതാണ് ‘പേരന്റിങ്’ എന്നൊക്കെ ഇന്ന് വിശേഷിപ്പിക്കുന്ന രക്ഷിതാക്കളുടെ കടമ. ശരിയെന്ന് സ്ഥിരീകരിച്ച സ്വന്തം സ്വപ്നം സാക്ഷാത്കരിക്കാനുള്ള കഠിനമായ സാധനയും തപസ്സും മുടക്കാതെ തുടരാനുള്ള മകന്റെ നിഷ്ഠ, അതാണ് മക്കളുടെ കടമ. അതിന് വിദ്യാര്‍ത്ഥിക്ക് സാഹചര്യമൊരുക്കുന്ന വേലമ്മാള്‍ വിദ്യാലയം പോലുള്ള സ്കൂളുകളുടെ ഉത്തരവാദിത്വം. ഇതൊക്കെയായിരുന്നു ഒരുകാലത്ത് നമ്മുടെ നാടിന്റെ പൊതുരീതിയും ധര്‍മ്മവഴിയും.
പക്ഷേ, ചെസ്സിന്റെ പൂര്‍വരൂപം ചതുരംഗമാണെന്നും അത് യുദ്ധതന്ത്ര അഭ്യസനമാണെന്നും അതില്‍ ഒരു ധര്‍മ്മവും സംസ്കാരവുമുണ്ടെന്നും അറിയാത്തവര്‍ക്ക് അതുണ്ടോ തോന്നുന്നു. അവര്‍ക്ക് ചെസ്സും സമ്മാനം നേടാനുള്ള ഒരു മത്സര ഇനമായി മാറുന്നു. അതിന് അവര്‍ നടത്തുന്ന നീതിയുക്തമല്ലാത്ത പോരാട്ടത്തില്‍ ധര്‍മ്മപക്ഷം മറക്കുന്നു. അതുകൊണ്ടാണ് വിജയത്തെ കുറച്ചുകാട്ടുന്ന വികൃത പ്രസ്താവനകള്‍ ചിലര്‍ ഉയര്‍ത്തുന്നത്. അതും മറ്റൊരു സംസ്കാരത്തിന്റെ തുടര്‍ച്ചയാണ്; അനുസ്യൂതി. എതിരാളി തോറ്റുകൊടുത്തതുകൊണ്ടാണ് ഗുകേഷിന്റെ വിജയമെന്ന് നിസ്സാരവത്കരിക്കാന്‍ ചിലര്‍ ശ്രമിച്ചതും ലോക ചെസ് നിലവാരംതന്നെ തകര്‍ന്നുപോയി എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചതും അതിന്റെ ഭാഗമാണ്. എന്നാല്‍, വിജയിയായ ഗുകേഷ് തന്റെ മറുപടിപ്രസംഗത്തില്‍, കളിയിലെ എതിരാളിയായിരുന്ന ഡിങ് ലിറന്റെ പോരാട്ടത്തെ വാഴ്ത്തിയപ്പോള്‍ അത് രണ്ട് സംസ്കാരങ്ങളുടെ മാറ്റുരയ്ക്കലായി മാറുകയായിരുന്നുവല്ലോ.
പിന്കുറിപ്പ്:
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പലിശ രഹിത വായ്പ നല്കാന് തയാര്‍: കേന്ദ്ര സര്‍ക്കാര്‍; പക്ഷേ കേരളം വാങ്ങുന്നില്ല. ‘കണക്കില്ലാതെ’ തന്നാല്‍ രണ്ടുകൈയും മലര്‍ത്തി വാങ്ങാം, കണക്കു ചോദിക്കരുത്, കണക്കുബുക്കിനെക്കുറിച്ച് മിണ്ടിപ്പോകരുത് എന്ന് കേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: