World

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്തു

Published by

സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോലിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. 300 അംഗ പാര്‍ലമെന്റില്‍ 204 അംഗങ്ങള്‍ ഇംപീച്ച്‌മെന്റിന് അനുകൂലമായി വോട്ടു ചെയ്തു. ഭരണകക്ഷി അംഗങ്ങളും പ്രസിഡന്റിനെതിരെ വോട്ടു ചെയ്തു. പട്ടാള നിയമം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പാര്‍ലമെന്റിന്റെ നടപടി.

കഴിഞ്ഞയാഴ്ച നടന്ന ഇംപീച്ച്‌മെന്റ് ശ്രമത്തെ യൂന്‍ സുക് യോല്‍ അതിജീവിച്ചിരുന്നു. അന്ന് ഭരണകക്ഷി അംഗങ്ങള്‍ സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ചിരുന്നു. പ്രസിഡന്റിനെതിരെ തെരുവുകളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇംപീച്ച്‌മെന്റ്. ഈ മാസം മൂന്നിന് പട്ടാളനിയമം പ്രഖ്യാപിക്കുകയും ആറ് മണിക്കൂറിനകം പിന്‍വലിക്കുകയും ചെയ്തിരുന്നു.
പ്രതിപക്ഷം ഉത്തര കൊറിയയോട് ആഭിമുഖ്യം പുലര്‍ത്തുന്നതായും സമാന്തര സര്‍ക്കാര്‍ ഉണ്ടാക്കി ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഇതിനായി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതായും ആരോപിച്ചാണ് യൂന്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരുന്നത്. അടുത്ത ബജറ്റിനെച്ചൊല്ലി യൂനിന്റെ പവര്‍ പാര്‍ട്ടിയും ഭൂരിപക്ഷമുള്ള പ്രതിപക്ഷത്തെ ഡെമോക്രാറ്റിക് പാര്‍ട്ടിയും തമ്മില്‍ പാര്‍ലമെന്റില്‍ തുറന്ന പോര് നടക്കുന്നതിനിടെയാണ് യൂന്‍ അടിയന്തര പട്ടാളനിയമം പ്രഖ്യാപിച്ചത്.

ഇംപീച്ച് ചെയ്തതോടെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ റദ്ദായി. ഇംപീച്ച്‌മെന്റിനെതിരെ ഭരണഘടനാ കോടതിയെ സമീപിക്കാം. 9 അംഗങ്ങളുള്ള കോടതിയില്‍ ഏഴ് അംഗങ്ങള്‍ തീരുമാനം ശരിവച്ചാല്‍ പ്രസിഡന്റ് പുറത്താകും. മറിച്ചാണെങ്കില്‍ അധികാരത്തില്‍ തുടരാം. 180 ദിവസത്തിനുള്ളില്‍ കോടതി തീരുമാനമെടുക്കണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by