മഹാവികൃതിയും കുസൃതിക്കാരനുമായ കുട്ടി പില്‍ക്കാലത്ത് വിശ്വത്തെ വിസ്മയിപ്പിച്ച വാഗ്മിയും ചിന്തകനും വേദാന്ത പണ്ഡിതനുമാവുക. സ്വാമി വിവേകാനന്ദന്റെ പാത പിന്തുടര്‍ന്ന് അമ്പതിലധികം വിദേശ രാജ്യങ്ങളില്‍ ശ്രീരാമകൃഷ്ണ വചനാമൃതവും വേദാന്ത സന്ദേശവും എത്തിക്കുക. അങ്ങനെ ഭാരതത്തിന്റെ സാംസ്‌കാരിക സ്ഥാനപതിയായി സ്വയംമാറുക. ശ്രീരാമകൃഷ്ണ മിഷന്റെയും മഠത്തിന്റെയും പ്രസിഡന്റായിരുന്ന പൂജനീയ രംഗനാഥാനന്ദ സ്വാമിയുടെ ജീവിതകഥ ഇങ്ങനെ സംഗ്രഹിക്കാം. സ്വാമിജിയുടെ 117-ാം ജന്മദിനമാണ് ഇന്ന്.
തൃശ്ശൂര്‍ തൃക്കൂരില്‍ ചിങ്ങപുരത്തു വീട്ടില്‍ ലക്ഷ്മിക്കുട്ടി അമ്മയുടേയും ശ്രീനീലകണ്ഠ ശാസ്ത്രിയുടേയും മകനായി 1908 ഡിസംബര്‍ 15-ന് ജനനം. ശങ്കരന്‍ എന്നായിരുന്നു പൂര്‍വ്വാശ്രമനാമം. ആദിശങ്കരനെപ്പോലെ ബാലനായിരിക്കെത്തന്നെ ആത്മീയ വിഷയങ്ങളില്‍ അതീവതല്‍പരന്‍. പതിനാലാം വയസ്സില്‍ വായിച്ച ശ്രീരാമകൃഷ്ണ വചനാമൃതം ശങ്കരന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു. ആ പുസ്തകം പകര്‍ന്നേകിയ അനുഭൂതി അവാച്യമായിരുന്നു. പിന്നീട് ശങ്കരന്‍ വായിച്ചത് വിവേകാനന്ദ സാഹിത്യമായിരുന്നു. ജനലക്ഷങ്ങള്‍ ദാരിദ്ര്യത്തിലും അജ്ഞതയിലും കഴിയമ്പോള്‍ സ്വന്തം കാര്യത്തിനുമാത്രമായി ജീവിക്കുന്നതിന്റെ നിഷ്ഫലതയെക്കുറിച്ചുള്ള സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ ആ കൊച്ചുമനസ്സിനെ ആകെ ഉലച്ചു. ദിവസങ്ങള്‍നീണ്ട ആലോചനക്കൊടുവില്‍ സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച ശ്രീരാമകൃഷ്ണ മഠത്തില്‍ ചേര്‍ന്ന് സന്ന്യാസി ആകാന്‍ കൊച്ചുശങ്കരന്‍ ദൃഢനിശ്ചയമെടുത്തു.
സ്‌കൂള്‍ ഫൈനല്‍ പരീക്ഷ പൂര്‍ത്തിയാക്കി ശങ്കരന്‍ 1926 ജൂണ്‍ 25-ന് അമ്മയോടു പോലും പറയാതെ നാടുവിട്ടു. മൈസൂര്‍ ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ചുമതലയുള്ള സ്വാമി സിദ്ധേശ്വരാനന്ദക്ക് ഒപ്പമായിരുന്ന ശങ്കരന്റെ യാത്ര. ശ്രീരാമകൃഷ്ണദേവന്റെ ശിഷ്യനായ സ്വാമി ശിവാനന്ദ അന്ന് ഊട്ടിയിലുണ്ട്. യാത്രാമധ്യേ ഊട്ടിയിലറങ്ങിയ ശങ്കരന്‍ ഒരാഴ്ചയോളം സ്വാമി ശിവാനന്ദയോടൊപ്പം അവിടെ താമസിച്ചു. സ്വാമി ശിവാനന്ദയില്‍ നിന്നും മന്ത്രദീക്ഷ സ്വീകരിച്ച ശങ്കരന്‍ മൈസൂര്‍ ആശ്രമത്തിലേക്ക് തനിയെ യാത്രതിരിച്ചു.
സാമ്പത്തിക പരാധീനതകള്‍ക്കു നടുവിലായിരുന്നു അന്ന് മൈസൂര്‍ ആശ്രമം. അവിടെ അക്കാലം പാചകക്കാര്‍പോലും ഇല്ലായിരുന്നു. ആറ് വര്‍ഷത്തോളം പരാതികളും പരിഭവങ്ങളുമില്ലാതെ പാചകവൃത്തിയും ശുചീകരണവും തോട്ടപ്പണിയും എല്ലാം ശങ്കരന്‍ ഉത്സാഹപൂര്‍വ്വം ചെയ്തു. ആശ്രമത്തില്‍ അന്ന് വേദാന്ത ക്ലാസുകള്‍ പതിവായിരുന്നു. അരികഴുകി അടുപ്പത്ത് വച്ചശേഷം മറഞ്ഞുനിന്ന് വേദാന്തക്ലാസ്സുകള്‍ ശ്രദ്ധിച്ചു. ഭഗവദ്ഗീതയുടെ മനോഹരമായ വ്യാഖ്യാനം ശങ്കരന്‍ ആദ്യമായി കേള്‍ക്കുന്നത് ഈ ക്ലാസ്സുകളിലാണ്. അങ്ങനെ ഭഗവദ്ഗീത ശ്ലോക-അര്‍ത്ഥ-വ്യാഖ്യാന സഹിതം ഹൃദിസ്ഥമാക്കി.
1933-ല്‍ ബേലൂര്‍ മഠത്തില്‍ സ്വാമി ശിവാനന്ദ ശങ്കരന് സന്ന്യാസ ദീക്ഷ നല്കി. ലോകം ഏറെ ആദരവോടെ സ്മരിക്കുന്ന രംഗനാഥാനന്ദ എന്ന പേര് നല്കിയതും ശങ്കരന് ബ്രഹ്മചര്യ ദീക്ഷ കൊടുത്ത സ്വാമി ശിവാനന്ദ തന്നെ ആയിരുന്നു. അതോടെ സ്വാമിജിയുടെ പ്രഭാഷണങ്ങളും ആരംഭിച്ചു. മൈസൂര്‍ ജയിലിലും സമീപ വിദ്യാലയങ്ങളിലുമായിരുന്ന ഇതിന്റെ തുടക്കം. 1938-ല്‍ ബാംഗ്ലൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ നടത്തിയ പ്രഭാഷണം പ്രസംഗ കലയിലുള്ള സ്വാമിജിയുടെ വൈദഗ്ധ്യം വെളിവാക്കുന്നതായിരുന്നു. മുപ്പത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ചെറുപ്പക്കാരനായ സന്ന്യാസിയുടെ ഒരു മണിക്കൂര്‍ നീണ്ട പ്രഭാഷണം അത്ഭുതാദരങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്. ഇതോടെ പ്രഭാഷകന്‍ എന്ന നിലയില്‍ സ്വാമിജിക്കു തിരക്കേറി.
സ്വാമി വിവേകാനന്ദനു ശേഷം വേദാന്ത വിഷയത്തില്‍ ലോകത്തെ വിസ്മയിപ്പിച്ച വാഗ്മിയായി സ്വാമി രംഗനാഥാനന്ദ മാറി. അദ്ദേഹം പ്രസംഗിക്കുമ്പോള്‍ ആശയങ്ങളും വാക്കുകളും ഉപനിഷത് മന്ത്രങ്ങളും വിവേകാനന്ദ വചനങ്ങളുമെല്ലാം അനര്‍ഗ്ഗളമായി പ്രവഹിക്കും. പത്താം ക്ലാസ് വിദ്യാഭ്യാസം കഴിഞ്ഞ് സന്ന്യാസിയാകാന്‍ വീടുവിട്ടറങ്ങിയ സ്വാമിജിക്ക് ഔപചാരിക വിദ്യാഭ്യാസം തുടരാന്‍ പിന്നീട് കഴിഞ്ഞില്ല. എങ്കിലും മാതൃഭാഷ കൂടാതെ ഇംഗ്ലീഷ്, സംസ്‌കൃതം, ഹിന്ദി, ബംഗാളി, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലെല്ലാം അഗാധമായ പരിജ്ഞാനം ഉണ്ടായിരുന്നു. മുന്‍കൂര്‍ തയ്യാറെടുപ്പോ കുറിപ്പോ ഇല്ലാതെ പ്രസംഗിക്കുന്ന സ്വാമിജി സമൃദ്ധമായി സ്വാമി വിവേകാനന്ദനെ ഉദ്ധരിക്കുന്നത് പതിവായിരുന്നു. കുറഞ്ഞത് ഇരുപത്തിയഞ്ച് പ്രാവശ്യമെങ്കിലും വിവേകാനന്ദ സാഹിത്യം വായിച്ച സ്വാമിജിക്ക് അതു മുഴുവന്‍ മനഃപാഠമായിരുന്നു.
വേദാന്തത്തെ ആധുനിക ശാസ്ത്രവുമായി സമന്വയിപ്പിക്കാന്‍ കഴിഞ്ഞതാണ് സ്വാമി രംഗനാഥാനന്ദയുടെ വലിയ സവിശേഷത. ഓരോ മനുഷ്യനിലും അനന്തമായ സാധ്യതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഈ സാധ്യതകളെ കുറിച്ച് പഠിപ്പിക്കുന്ന ശാസ്ത്രമാണ് വേദാന്തം. വേദാന്തം അതിന്റെ ദര്‍ശനം വികസിപ്പിച്ചെടുത്തത് മനുഷ്യശാസ്ത്രമെന്ന നിലയ്‌ക്കും മനുഷ്യ സാധ്യതകളെക്കുറിച്ചുള്ള ശാസ്ത്രമെന്ന നിലയ്‌ക്കുമാണെന്ന് സ്വാമി പറയുന്നു. ഈ ശാസ്ത്രത്തിന്റെ അടിസ്ഥാനം ഉപനിഷത്തുക്കളാണ്.
‘തത്ത്വമസി’ എന്ന ഛാന്ദോഗ്യേപനിഷത്തിലെ ചെറിയ സൂക്തം മനുഷ്യന്റെ അത്യഗാധതയില്‍ വര്‍ത്തിക്കുന്ന ഗംഭീരമായ സത്യത്തെ വെളിപ്പെടുത്തുന്നതാണ്. ഓരോ മനുഷ്യനിലും അവന്റെ ശാരീരികവും മാനസികവുമായ തലത്തിനുപരി മഹത്തായൊരു ദിവ്യതലമുണ്ടെന്ന് ഈ മഹാവാക്യം സാക്ഷ്യപ്പെടുത്തുന്നു. ഭാരതത്തില്‍ ജീവിച്ചിട്ടും അത്ഭുതകരവും ശക്തിദായകവുമായ ഈ ദര്‍ശന സത്യത്തെ ബഹുഭൂരിപക്ഷവും അറിയുന്നില്ലെന്നും അതല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കുന്നില്ലെന്നും സ്വാമിജി പരിതപിക്കുന്നു. ക്ഷേത്രങ്ങളില്‍ പോകുന്നതും വഴിപാടുകള്‍ നടത്തുന്നതും പ്രസാദം സ്വീകരിച്ച് പുരോഹിതര്‍ക്ക് ദക്ഷിണ നല്‍കുന്നതും ചടങ്ങുകള്‍ നടത്തുന്നതും മാത്രമായി ബഹുഭൂരിപക്ഷത്തിന്റെയും മതജീവിതം ഒതുങ്ങുന്നു. ഇതിനെ നിര്‍ജ്ജീവ ഭക്തി എന്നാണ് സ്വാമി വിശേഷിപ്പിച്ചത്.
മതത്തെ ശാസ്ത്രീയവും ആദ്ധ്യാത്മീകവുമായി മനസ്സിലാക്കി സ്വീകരിച്ച് അനുഷ്ഠിക്കുകയാണ് ഇതിനുള്ള പരിഹാരം എന്ന് സ്വാമിജി പറയുന്നു. നാം പടിപടിയായി ഉയരുന്നതും നമ്മുടെ ഉള്ളില്‍ അന്തര്‍ലീനമായ ദിവ്യത്വം പ്രകാശിക്കുന്നതും അപ്പോള്‍ കാണാം. പരിശുദ്ധി, സ്‌നേഹം, സേവനമനോഭാവം തുടങ്ങിയ സദ്ഗുണങ്ങള്‍ അതുവഴി നമ്മില്‍ പ്രകാശിക്കും. മതം ഒരു ശാസ്ത്രമാകുന്നത് നാം അതിനെ ആത്മാര്‍ത്ഥമായി അന്വേഷിച്ച് അനുഷ്ഠിക്കുമ്പോഴാണ്. അപ്പോള്‍ മാത്രമാണ് ആദ്ധ്യാത്മിക പുരോഗതി സംജാതമാകുന്നതെന്നും സ്വാമിജി വ്യക്തമാക്കുന്നു.
ഭഗവദ്ഗീത വ്യാഖ്യാനവും ഇതരഗ്രന്ഥങ്ങളും
ഭഗവദ്ഗീതക്ക് സ്വാമിജിയുടെ ഉജ്വലമായൊരു വ്യഖ്യാനമുണ്ട്. ഹൈദരാബാദ് ആശ്രമത്തിന്റെ അദ്ധ്യക്ഷനായിരിക്കെ സ്വാമിജി അവിടെ സ്ഥിരമായി നടത്തിയ ഭഗവദ്ഗീത ക്ലാസ്സുകള്‍ ‘ഭഗവദ്ഗീതയുടെ വിശ്വജനീന സന്ദേശം’ എന്ന പേരില്‍ മൂന്ന് വാള്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗീതാ ദര്‍ശനത്തെ ആര്‍ക്കും നിത്യജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കഴിയുമെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ വ്യാഖ്യാനം.
മനുഷ്യന്റെ സര്‍വതോന്മുഖമായ വികാസം സാധ്യമാക്കാന്‍ കഴിയുന്ന മഹത്തായ ദര്‍ശനം ഉള്‍ക്കൊള്ളുന്ന ഭഗവദ്ഗീതയെ ഒരു പുണ്യഗ്രന്ഥം മാത്രമായാണ് നാം കാണുന്നത്. ഗീതയിലെ അതിവിശിഷ്ടമായ ധ്യാന ശ്ലോകത്തില്‍ ഉപനിഷത്തുക്കളാകുന്ന പശുവില്‍ നിന്നും കറന്നെടുക്കുന്ന പാലായി ഉപമിച്ചിട്ടുണ്ട്. ഉപനിഷത്തുക്കളാകുന്ന പശുവില്‍നിന്നും പാല്‍ കറന്നെടുക്കുന്ന കറവക്കാരന്‍ സാക്ഷാല്‍ ഭഗവാന്‍ കൃഷ്ണനാണ്. പാല്‍ സംപോഷണത്തിനായി നമുക്ക് പാനം ചെയ്യാനുള്ളതാണ്. എന്നാല്‍ നൂറ്റാണ്ടുകളായി ഈ പാല്‍ പാനം ചെയ്യുന്നതിനുപകരം പാല്‍ ചഷകത്തില്‍ വച്ച് പൂജിക്കുകയും വന്ദിക്കുകയും ചെയ്യുന്ന രീതിയാണ് നാം അവലംബിക്കുന്നത്. ഈ പാല്‍ കുടിക്കാതിരുന്നതിനാലാണ് നാം അശക്തരായതെന്നാണ് സ്വാമിയുടെ അഭിപ്രായം. ഗീതാ സന്ദേശം ജീവിതത്തില്‍ പ്രായോഗികമാക്കുക എന്നതാണ് വ്യക്തിയും സമൂഹവും രാഷ്‌ട്രവും നേരിടുന്ന വെല്ലുവിളികള്‍ക്കുള്ള ശരിയായ പരിഹാരം എന്നതാണ് സ്വാമിജിയുടെ സുചിന്തിതമായ അഭിപ്രായം.
രംഗനാഥാനന്ദയുടെ പ്രഭാഷണങ്ങള്‍ ‘മാറുന്ന സമൂഹത്തിന് അനിവാര്യമായ ശാശ്വത മൂല്യങ്ങള്‍’ എന്ന പേരില്‍ നാലു വാല്യമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാറുന്ന സമൂഹത്തില്‍ മാറാതെ നിലനിര്‍ത്തേണ്ട മൂല്യങ്ങളെക്കുറിച്ച് ഇവ വിശദമായി പ്രതിപാദിക്കുന്നു. ഉപനിഷ്ത് സന്ദേശം എന്ന പുസ്തകം ഈശം, കേനം, കഠം എന്ന ഉപനിഷത്തുക്കളുടെ വ്യഖ്യാനമാണ്.
2005 ഏപ്രില്‍ 25-ന് സ്വാമിജി സമാധിയായി. 1933-ല്‍ സന്ന്യാസി ആയതുമുതല്‍ 2005-ല്‍ സമാധി ആകുന്നതുവരെയുള്ള ഏഴു പതിറ്റാണ്ടിലേറെക്കാലം സനാതന ധര്‍മ്മ പ്രചാരണത്തിനു സ്വാമി അവിശ്രമം പ്രവര്‍ത്തിച്ചു. പാശ്ചാത്യ ദേശങ്ങളില്‍ സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ക്കും ക്ലാസ്സുകള്‍ക്കും വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.
പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കാന്‍ സ്വാമിജിയുടെ സമ്മതം വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നത ഉദ്യോഗസ്ഥരോട് ഈ ബഹുമതികള്‍ തനിക്ക് ആവശ്യമില്ലെന്നാണ് സ്‌നേഹപൂര്‍വ്വം അറിയിച്ചത്. സന്ന്യാസിമാര്‍ ഒരു ഉപഹാരവും സ്വീകരിക്കരുതെന്നായിരുന്നു നിലപാട്. എന്നാല്‍ 1987-ലെ ദേശീയോദ്ഗ്രഥത്തിനുള്ള പ്രഥമ ഇന്ദിരഗാന്ധി പുരസ്‌കാരവും 1982-ലെ രണ്ടാമത് ബിര്‍ള അവാര്‍ഡും സ്വീകരിച്ചു. ശ്രീരാമകൃഷ്ണ മിഷന്റെ നിര്‍ബന്ധത്താല്‍ വാങ്ങിയ ഈ പുരസ്‌കാരങ്ങളും പുരസ്‌കാര തുകയും ശ്രീരാമകൃഷ്ണ മിഷനുതന്നെ നല്‍കി.
തന്റെ ജീവിതവും സ്വഭാവവും രൂപീകരിച്ചതില്‍ വിവേകാനന്ദ സാഹിത്യത്തിന് വലിയ പങ്കുണ്ടെന്ന് സ്വാമിജി പറഞ്ഞിരുന്നു. ‘നിങ്ങളുടെ സ്വഭാവത്തില്‍ ഗൗരവവും ബാലസഹജമായ സരളതയും സമ്മേളിപ്പിക്കാമോ’ എന്ന വിവേകാനന്ദ മഹാവാക്യം അദ്ദേഹത്തെ ആഴത്തില്‍ സ്വാധീനിച്ചു. 72 വര്‍ഷം ലോകമെങ്ങും വേദാന്തം പ്രചരിപ്പിച്ച സ്വാമികളുടെ ജീവിതം ഇവ രണ്ടിന്റെയും സമന്വയമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: