Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി: മുംബൈ- മധ്യപ്രദേശ് കിരീടപ്പോര്

Published by

ബെംഗളൂരു: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പുതിയ ജേതാവിനെ അറിയാന്‍ മണിക്കൂറുകള്‍ മാത്രം. ഇന്ന് വൈകീട്ട് നാലരയ്‌ക്ക് ബെംഗളൂരുവിലെ പ്രസിദ്ധമായ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ മുന്‍ ജേതാക്കളായ മുംബൈയും മധ്യപ്രദേശും കിരീടത്തിനായി പോരടിക്കും.

ഭാരതത്തിലെ ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയുടെ ആറാം പതിപ്പാണിത്. നാലാം പതിപ്പില്‍ ആദ്യമായി കിരീടം ചൂടിയ ടീം ആണ് മുംബൈ. ഇക്കുറി വിജയത്തോടെ കിരീടം തിരിച്ചുപിടിക്കാനുള്ള കരുത്തോടെയാണ് ഫൈനല്‍ വരെ എത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ പഞ്ചാബ് ആണ് ജേതാക്കളായത്. ഇക്കുറി പഞ്ചാബ് ഗ്രൂപ്പ് ഘട്ടം പോലും കടന്നില്ല.

പേരും പെരുമയും വേണ്ടുവോളമുള്ള മുംബൈ ടീമിന്റെ ഇത്തവണത്തെ വജ്രായുധം ഭാരത ക്രിക്കറ്റിലെ മുന്‍ നായകന്‍ കൂടിയായ അജിങ്ക്യ രഹാനെയാണ്. ഫോമില്ലായ്മയെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നും വരെ തഴയപ്പെട്ട രഹാനെ സമീപ കാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടുന്നത് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മിക്കവാറും എല്ലാ മത്സരങ്ങളിലും രഹാനെ വെടിക്കെട്ട് പ്രടനവുമായി കളം നിറയുന്ന കാഴ്‌ച്ചയാണ് കണ്ടുവന്നത്. നോക്കൗട്ട് ഘട്ടങ്ങളിലെ രണ്ട് മത്സരങ്ങളിലും രഹാനെയുടെ ബാറ്റിങ് നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കം മുതലേ മുംബൈ നായകന്‍ ശ്രേയസ് അയ്യര്‍ ഫോമിലേക്കുയരാത്തത് വന്‍ വിമര്‍ശനത്തിന് ഇടവരുത്തിയിരുന്നു. ആ കുറവെല്ലാം പരിഹരിച്ചാണ് രഹാനെ ബാറ്റിങ് വിസ്മയം നടത്തിപോന്നത്.
മറുവശത്ത് രജത്ത് പട്ടീദാര്‍ എന്ന ഭാരതത്തിന്റെ യുവതുര്‍ക്കിയാണ് മധ്യപ്രദേശിന്റെ അമരം പിടിക്കുന്നത്. ടീം നായകന്‍ കൂടിയായ പട്ടീദാര്‍ മികച്ച ബാറ്റിങ് പ്രകടനമാണ് കാഴ്‌ച്ചവയ്‌ക്കുന്നത്. സെമിയില്‍ ദല്‍ഹിക്കെതിരെ താരം 29 പന്തുകളില്‍ നേടിയ 66 റണ്‍സ് ഏറെ വിലപ്പെട്ടതായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by