ഏഴിമല: 13-ാമത് അഡ്മിറല്‍സ് കപ്പ് സെയിലിംഗ് റെഗാട്ടയുടെ പതിമൂന്നാം പതിപ്പ് ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയിലെ എട്ടിക്കുളം ബീച്ചില്‍ സമാപിച്ചു. റഷ്യയെ പ്രതിനിധീകരിച്ച് ലഫ്റ്റനന്റ് ഗോര്‍ക്കുനോവ് പെട്ര്‌ലിച്ച്, കമാന്‍ഡര്‍ ലോഷിചിന പോളിന വഌഡിസ്ലാവോവ്‌ന എന്നിവര്‍ അഡ്മിറല്‍സ് കപ്പ് 24 നേടി. ടീം ഇറ്റലിയെ പ്രതിനിധീകരിച്ച് മിഡ്ഷിപ്പ്മാന്‍ കാര്‍ലോ ലിയോനാര്‍ഡോയും എന്‍സൈന്‍ കാമില ബെര്‍ണബെയും റണ്ണറപ്പായി, ടീം ഇന്ത്യ ഐഎന്‍എ ‘എ’ യെ പ്രതിനിധീകരിച്ച് എസ്.എല്‍.ടി ജാപ്പമാന്‍ അവതാറും കമാന്‍ഡര്‍ പി.കെ റെഡ്ഡിയും മൂന്നാം സ്ഥാനത്തെത്തി.
പുരുഷന്മാരുടെ വ്യക്തിഗത വിഭാഗത്തില്‍ റഷ്യയില്‍ നിന്നുള്ള ലഫ്റ്റനന്റ് ഗോര്‍ക്കുനോവ് പെട്ര്‌ലിച്ച് ഒന്നാം സ്ഥാനവും സിംഗപ്പൂരില്‍ നിന്നുള്ള 2 എല്‍ടി ഡാരിയസ് ലീ കെങ് വീ, ഗ്രീസില്‍ നിന്നുള്ള എന്‍സൈന്‍ പാപ്പാസ് വിസ്സാരിയോണ്‍ എച്ച്എന്‍ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. വനിതകളുടെ വ്യക്തിഗത വിഭാഗത്തില്‍ ഇറ്റലിയുടെ എന്‍സൈന്‍ കാമില ബെര്‍ണാബെ ഒന്നാം സ്ഥാനവും റഷ്യയുടെ ലോഷിചിന പോളിന വ്‌ലാഡിസ്ലാവോവ്‌ന രണ്ടാം സ്ഥാനവും ഇന്ത്യയുടെ ഇഷ ഷാ മൂന്നാം സ്ഥാനവും നേടി.
സമാപന ചടങ്ങില്‍ മുഖ്യാതിഥിയായ ഐഎന്‍എ കമാന്‍ഡന്റ് വൈസ് അഡ്മിറല്‍ സി.ആര്‍. പ്രവീണ്‍ നായര്‍ വിജയികള്‍ക്ക് അഡ്മിറല്‍സ് കപ്പ്, റണ്ണേര്‍സ് അപ്പ് ട്രോഫി, വ്യക്തിഗത സമ്മാനങ്ങള്‍ എന്നിവ സമ്മാനിച്ചു. അഡ്മിറല്‍സ് കപ്പില്‍ ഇത്തവണ 25 രാജ്യങ്ങളില്‍ നിന്നുള്ളവരും ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമി, ഖഡക്വാസ്ലയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമി എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ ടീമുകളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക