India

കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് മാറ്റി യുവാവ്

Published by

സൂറത്ത്: ബന്ധുവിന്റെ വജ്രവ്യാപാര സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ താല്‍പര്യമില്ലാത്ത യുവാവ് കൈവിരലുകള്‍ മുറിച്ചുമാറ്റി. ഗുജറാത്തിലെ സൂറത്തിലെ അമ്രോളി സ്വദേശിയായ മയൂര്‍ തരാപരയാണ് സ്വന്തം കൈയ്യില്‍ വിചിത്രമായ ഈ കൃത്യം നടത്തിയതെന്ന് പോലിസ് അറിയിച്ചു. ഇടം കൈയ്യിലെ നാലു വിരലുകള്‍ മുറിച്ചുമാറ്റി കാട്ടില്‍ കളയുകയും ചെയ്തു. ഇതില്‍ മൂന്നു വിരലുകള്‍ അഴുകിയ നിലയില്‍ കണ്ടെത്തി.

സൂറത്തിലെ വരാച്ച മിനി ബസാറില്‍ ബന്ധു നടത്തുന്ന അനഭ് ജെംസ് എന്ന സ്ഥാപനത്തില്‍ കംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ താല്‍പര്യമില്ലെന്ന് തുറന്നുപറയാനുള്ള മടിയാണ് ഈ വിചിത്ര പ്രവൃത്തിക്ക് കാരണമായത്. എന്നാല്‍, വാഹനാപകടത്തില്‍ വിരല്‍ നഷ്ടപ്പെട്ടെന്നാണ് ഇയാള്‍ പോലിസിനോട് പറഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രി ഒരു സുഹൃത്തിനെ കാണാന്‍ ബൈക്കോടിച്ച് പോവുമ്പോള്‍ തലകറങ്ങിയെന്നും ബൈക്ക് വീണുണ്ടായ അപകടത്തില്‍ വിരലുകള്‍ പോയെന്നുമാണ് പോലിസിനോട് പറഞ്ഞത്.

മൂര്‍ച്ചയുള്ള ആയുധം കൊണ്ടാണ് വിരലുകള്‍ മുറിച്ചതെന്നാണ് പോലിസിന് ഡോക്ടര്‍ റിപോര്‍ട്ട് നല്‍കിയത്. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി വിരല്‍ മുറിച്ചോ എന്നാണ് പോലിസ് ആദ്യം സംശയിച്ചത്. തുടര്‍ന്ന് വിശദമായി അന്വേഷണം നടത്തുകയായിരുന്നു. അപകടം നടന്നുവെന്ന് പറയുന്ന പ്രദേശത്തെ സിസിടിവി കാമറകളും പോലിസ് പരിശോധിച്ചു. അപകടം നടന്നതിന്റെ സൂചനകളൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് വീണ്ടും മയൂര്‍ തരാപരയെ വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.

സിംഗന്‍പൂരിലെ ഒരു കടയില്‍ നിന്നാണ് കത്തിവാങ്ങിയതെന്നും ശനിയാഴ്‌ച്ച രാത്രി പത്തുമണിയോടെ വിരലുകള്‍ മുറിച്ചെന്നും ഇയാള്‍ മൊഴി നല്‍കി. ചോര വാര്‍ന്നുമരിക്കാതിരിക്കാന്‍ കൈമുട്ടിന് താഴെ കയറുകൊണ്ട് കെട്ടിയാണ് സുഹൃത്തുക്കളെ ഫോണ്‍ ചെയ്ത് വിളിച്ചുവരുത്തിയത്. അതിനിടെ വിരലുകള്‍ കവറിലാക്കി കുറ്റിക്കാട്ടില്‍ ഉപേക്ഷിക്കുകയും ചെയ്തു. മൂന്നു വിരലുകളും കണ്ടെത്തിയതായി പോലിസ് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by