ന്യൂദൽഹി : ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇഇസി) നടപ്പാക്കുന്നതിനെ കുറിച്ച് ഇന്ത്യയും യുഎഇയും തമ്മിൽ വെള്ളിയാഴ്ച ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമാണ് 15-ാമത് ഇന്ത്യ-യുഎഇ സംയുക്ത കമ്മീഷൻ യോഗത്തിൽ പങ്കെടുത്തത്. ന്യൂദൽഹിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ചയും യോഗവും നടന്നത്.
ഊർജം, കണക്റ്റിവിറ്റി, വ്യാപാരം എന്നീ മേഖലകളിൽ ഉഭയകക്ഷി ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും യോഗത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ധാരണയായി. ഇന്ത്യ-യുഎഇ സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം ഒരു മാതൃക ബന്ധമാണെന്നും സാമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങൾ വളരെ ശക്തമാണെന്ന് മാത്രമല്ല വർദ്ധിച്ചുവരുന്നതാണെന്നും യോഗത്തിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ജയശങ്കർ വിശേഷിപ്പിച്ചു.
2022 മെയ് മാസത്തിൽ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി (സിഇപിഎ) പ്രാബല്യത്തിൽ വന്നതിനുശേഷം വ്യാപാരം ക്രമാനുഗതമായി വളർന്നുവെന്നും ഇപ്പോൾ അത് 85 ബില്യൺ യുഎസ് ഡോളറിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം, വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, ആണവോർജം, ധ്രുവ ഗവേഷണം, നിർണായക ധാതുക്കൾ, പുനരുപയോഗ ഊർജം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം വിപുലീകരിക്കുന്നതിനെ കുറിച്ചും ഇന്നലെ രാത്രി നടന്ന യോഗത്തിൽ ഇരുവിദേശകാര്യ മന്ത്രിമാരും ചർച്ച ചെയ്തു.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) വഴി യുഎഇയും ഇന്ത്യയും തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധം കൂടുതൽ മെച്ചപ്പെടുത്തിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക