Special Article

ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ ബലിദാനത്തിന് 101 വയസ്

Published by

തിരുവല്ല: കേരള ചരിത്രത്തിലെ ആദ്യ രാഷ്‌ട്രീയ ബലിദാനിയായ ചിറ്റേടത്തു ശങ്കുപ്പിള്ളയുടെ രക്തസാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട്. 1924 ഡിസംബര്‍ 13ന് ആണ് വൈക്കം സത്യഗ്രഹത്തിലെ ഉദയതാരമായ ചിറ്റേടത്തിന്റെ മരണം. വൈക്കം സത്യഗ്രഹത്തെ തകര്‍ക്കാനിറങ്ങിയ ഗുണ്ടകള്‍ 1924 ഒക്ടോബറില്‍ നടത്തിയ ആക്രമണത്തിലാണ് ചിറ്റേടത്തിന് പരിക്കേറ്റത്. ആറടിയിലേറെ ഉയരവും അടിതട അഭ്യാസമുറകളും വശമുണ്ടായിരുന്ന, ആനക്കൊമ്പു കെട്ടിയ കഠാര എപ്പോഴും ഒപ്പം സൂക്ഷിച്ചിരുന്ന ശങ്കുപ്പിള്ള സഹന സമരഭടന്‍ എന്ന രീതിയില്‍ പ്രത്യാക്രണത്തിന് തയാറാകാതെ കൊടിയ മര്‍ദനം ഏറ്റുവാങ്ങുകയായിരുന്നു.

ഇണ്ടംതുരുത്തി മനയുമായി ബന്ധമുള്ളവരെന്നു കരുതുന്ന ഗുണ്ടകള്‍ക്കൊപ്പം തിരുവിതാംകൂര്‍ പോലീസും ഉണ്ടായിരുന്നു. മര്‍ദനമേറ്റിട്ടും സമര രംഗത്ത് തുടര്‍ന്ന അദ്ദേഹത്തിന്റെ ആരോഗ്യം പെട്ടന്നു വഷളായി. ആരോഗ്യസ്ഥിതിവഷളായതിനാല്‍ മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തേക്കു നടത്തിയ സവര്‍ണ ജാഥയില്‍ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല. ഡിസംബര്‍ രണ്ടാം വാരത്തിന്റെ തുടക്കത്തില്‍ ന്യൂമോണിയ കലശലായി. ഒടുവില്‍ 38-ാം വയസ്സില്‍, 1924 ഡിസംബര്‍ 13ന് മരണത്തിനു കീഴടങ്ങി.

1920ല്‍ ചെങ്ങന്നൂരില്‍ അയിത്തോച്ചാടന, ക്ഷേത്രപ്രവശനത്തിലൂടെയായിരുന്നു ചിറ്റേടത്തിന്റെ പൊതുജീവിതം തുടങ്ങിയത്. 1923 കാക്കിനഡ സമ്മേളനത്തില്‍ കോണ്‍ഗ്രസ് അയിത്തോച്ചാടനം അജന്‍ഡയാക്കിയത് ടി.കെ. മാധവന്റെയും ചിറ്റേടത്തിന്റെയും ഇടപെടലില്‍ ആയിരുന്നു. ശങ്കുപ്പിള്ള വൈക്കത്തെത്തി സമരഭടന്മാരുടെ ക്യാപ്റ്റന്‍ സ്ഥാനവും ക്യാമ്പിലേക്ക് ആഹാരം എത്തിക്കുന്ന ചുമതലയും ഏറ്റത് ടി.കെ. മാധവന്റെ ക്ഷണപ്രകാരമാണ്. തെള്ളിയൂരില്‍ നിന്ന് കാര്‍ഷികവിഭവങ്ങള്‍ സംഭരിച്ച് മണിമല കോമളം കടവിലൂടെ ചങ്ങനാശേരിയില്‍ മന്നത്ത് പത്മനാഭന്‍ ഒരുക്കിയ സംഭരണശാലയില്‍ എത്തിക്കുകയായിരുന്നു പ്രവര്‍ത്തനം.

ഇരുപതാം വയസില്‍ കാശി യാത്രയാണ് ഭാരതത്തെ അറിയാന്‍ പ്രേരണ നല്കിയത്. കേരളത്തില്‍ നിന്ന് ഗാന്ധിജിയെ കാണാന്‍ സബര്‍മതിയിലേക്ക് എത്തിയ ആദ്യ സേവകനും അദ്ദേഹമായിരുന്നു. മടങ്ങുമ്പോള്‍ ഗാന്ധിജി സമ്മാനിച്ച മൂന്ന് ചര്‍ക്കകള്‍ കൊണ്ട് ഖാദി പ്രസ്ഥാനത്തിനു ഊടുംപാവും നെയ്തതും ഖദര്‍ ഈ നാടിന്റെ മേലങ്കിയാക്കിമാറ്റിയതും ചിറ്റേടത്തു ശങ്കുപ്പിള്ള ആയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts