Samskriti

ശനി; മന്ദഗതിയുള്ള കരുത്തന്‍

Published by

റ്റവും ശക്തനായ ഗ്രഹമായാണ് ജ്യോതിഷത്തില്‍ ശനിയെ പറയുന്നത്. ഫലദാന വിഷയത്തിലും സ്വാധീനശക്തി ശനിക്കു തന്നെ. കര്‍മ്മം, കഠിനാധ്വാനം, ക്ഷമാശീലം, അച്ചടക്കം, ആഗ്രഹങ്ങള്‍, ആയുസ്സ്, തടസ്സങ്ങള്‍ എന്നിവയൊക്കെ ശനിയെക്കൊണ്ടാണു ചിന്തിക്കേണ്ടത്. ഏറ്റവും മന്ദമായി സഞ്ചരിക്കുന്ന ഗ്രഹമാകയാല്‍ ശനിക്ക് മന്ദനെന്നും പേരുണ്ട്. തണുത്തുറഞ്ഞതും ഊഷരവുമാണ് ശനിയുടെ ഉപരിതലം. ഗ്രഹചാര ഫലങ്ങളില്‍ മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് ശക്തവും കൂടുതല്‍ കാലവും നീണ്ടു നില്‍ക്കുന്നതുമാണ് ശനിയുടെ ഫലങ്ങള്‍. ഇപ്രകാരം ശനിയുടെ സഞ്ചാര സ്വാധീനശക്തിയില്‍ വന്നുചേരുന്ന പ്രവചനാതീതവും തീവ്രവുമായ അനുഭവ കാലഘട്ടങ്ങളാണ് ഏഴരശനി, അഷ്ടമശനി, കണ്ടകശനി തുടങ്ങിയവ. ഈ സമയങ്ങള്‍ പ്രതികൂലവുമെങ്കിലും ശനിമഹാദശയില്‍ ജാതകര്‍ക്ക് അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ ലഭിക്കാം.

അനുകൂലനെങ്കില്‍ വ്യാഴത്തേക്കാളും ശുക്രനേക്കാളും ശുഭഫലങ്ങള്‍ നല്‍കും. ശുക്രന്റെ സ്വക്ഷേത്രങ്ങളായ ഇടവവും തുലാമും ലഗ്‌നമായി ജനിക്കുന്നവര്‍ക്ക് ശനിയില്‍ അനുകൂലഫലങ്ങള്‍ ഏറെ ലഭിക്കും. ഗ്രഹങ്ങളിലെ ന്യായാധിപനായ ശനി ഒരിക്കലും അന്യായത്തെ അനുകൂലിക്കില്ല. അനുകൂലമെങ്കിലും ശനി ദശയുടെ എല്ലാ സമയത്തും ജാതകര്‍ക്ക് ജീവിതത്തിന്റെ എല്ലാ തുറകളിലും വെല്ലുവിളികള്‍ നേരിടേണ്ടി വരുമെന്നുമറിയണം.

പ്രതികൂലമെങ്കില്‍ ജീവിതത്തില്‍ അങ്ങേയറ്റം കഠിനാദ്ധ്വാനം ചെയ്യേണ്ടിവരും. പക്ഷേ അദ്ധ്വാനഫലം മന്ദഗതിയിലേ ലഭിക്കൂ. അര്‍ഹരായവര്‍ക്ക് മാത്രമേ ശനി ഗുണഫലങ്ങള്‍ നല്‍കൂ. ശനി ദശയില്‍ പരുഷയാഥാര്‍ത്ഥ്യങ്ങളെ അഭിമുഖീകരിച്ചേ വിജയം കൈവരിക്കുവാന്‍ കഴിയൂ. ശനിദശ ജീവിതത്തില്‍ അച്ചടക്കം വളര്‍ത്തിയെടുക്കുകയും ഉത്തരവാദിത്തങ്ങള്‍ ഫലപ്രാപ്തിയില്‍ എത്തിക്കുവാന്‍ നമ്മെ ശക്തരാക്കുകയും ചെയ്യും. ശനിദശയില്‍ വിജ്ഞാനം വര്‍ദ്ധിക്കുകയും ദൈവവിശ്വാസം ദൃഢമാവുകയും നാം എളിമയുള്ളവരായി മാറുകയും ചെയ്യും. ശനി അനുകൂലമെങ്കില്‍ പേരും പ്രശസ്തിയും ലഭിക്കും.

അനുകൂലനായാല്‍

സ്വഭാവവും ഭാവിയും രൂപപ്പെടുത്തുന്നതില്‍ ശനിദശാ ഫലങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. അനുകൂലഫലങ്ങളില്‍ അപാരമായ സമ്പത്ത്, വിജയം, സാമൂഹിക പദവിയില്‍ ഉയര്‍ച്ച എന്നിവയും ഉണ്ടാവും. ചിലപ്പോള്‍ കഠിനാധ്വാനമില്ലാതെയും വിജയം എളുപ്പത്തില്‍ വന്നുചേരും. ഇതെല്ലാം ജാതകത്തില്‍ ശനി എവിടെ നില്‍ക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

ശനി ദശയില്‍ കൂടുതല്‍ അറിവ്, ആത്മീയത, ദീര്‍ഘായുസ്സ്, സ്വാധീനമുള്ള സുഹൃത്തുക്കള്‍, സാമൂഹികപദവി തുടങ്ങിയവയും കൈവരും. കര്‍മ്മം, കഠിനാധ്വാനം, സത്യം, വിധി എന്നിവയെ ശനി പ്രതിനിധീകരിക്കുന്നതിനാല്‍, ദശാകാലത്ത് ജീവിതം ഈ ഘടകങ്ങളുമായി ബന്ധപ്പെടാം. ശനിദശ ആത്മശക്തിയും മനശക്തിയും നല്‍കുമെന്നതിനാല്‍ എല്ലാ വെല്ലുവിളികളെയും പ്രതിബന്ധങ്ങളെയും നേരിടാനും മറികടക്കാനും കഴിയും. വിജയത്തിലേക്കുള്ള വഴി ബുദ്ധിമുട്ടേറിയതും വെല്ലുവിളി നിറഞ്ഞതുമാണ്. ദശാകാലത്ത് അന്യായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ ശനിയുടെ ക്രോധത്തിനും തദ്വാരാ ശിക്ഷയ്‌ക്കും വിധേയമാകും. അതിനാല്‍ ശനദശയില്‍ ശരിയായതുമായ പ്രവൃത്തികള്‍ മാത്രം ചെയ്തു മനസ്സ് നിര്‍മ്മലമായി നിലനിര്‍ത്തണം.

പ്രതികൂലമായാല്‍

ജാതകത്തില്‍ ശനി ദുഃസ്ഥാനത്താണെങ്കില്‍ ദശാകാലത്ത് അസ്വസ്ഥത, ആരോഗ്യപ്രശ്നങ്ങള്‍, ദുഃഖം, ബന്ധുജന വേര്‍പാട്, ധനനഷ്ടം, വരുമാന സ്രോതസ്സുകള്‍ നിലയ്‌ക്കുമോ എന്ന ഭീതി തുടങ്ങിയ പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാം. പുതിയ പദ്ധതികള്‍ തുടങ്ങുന്നതിനും അതില്‍ നിന്നു നേട്ടം ലഭിക്കുന്നതിനും കാലവിളംബം നേരിടും. തൊഴില്‍ മേഖലയിലും വ്യക്തിപരമായ കാര്യങ്ങളിലും തുടങ്ങി ജീവിതത്തിന്റെ സമസ്ത മേഖലകളിലും വെല്ലുവിളി നേരിടേണ്ടി വരും.

ശനി പ്രതികൂലമെങ്കില്‍ ദശാകാലം ആകെ മന്ദത ആയിരിക്കും. തന്മൂലമുള്ള അലസത ലക്ഷ്യപ്രാപ്തിക്കു വിഘാതം സൃഷ്ടിക്കും. ബിസിനസ്സില്‍ വലിയ നഷ്ടങ്ങള്‍ വരാം. ശനിദശ ജാതകനെ തെറ്റായ പാതയിലോ മോശം കൂട്ടുകെട്ടിലോ എത്തിച്ചേക്കാം. ശനിദശയില്‍ പ്രിയപ്പെട്ടവര്‍ അകാരണമായി അകന്നാലും അത്ഭുതപ്പെടേണ്ടതില്ല.

പരിഹാരങ്ങള്‍

മന്ത്രോപാസന, താന്ത്രിക കര്‍മ്മങ്ങള്‍, ദാനധര്‍മ്മം എന്നിവയാല്‍ ശനിദശയിലെ പ്രതികൂല ഫലങ്ങളുടെ കാഠിന്യം കുറയ്‌ക്കാനോ ഒരു പരിധി വരെ ഇല്ലാതാക്കുവാനോ സാധിക്കും. ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി എന്നിവയുടെ പ്രതികൂല ഫലങ്ങളെ ഹനുമാന്‍ ചാലിസ ജപത്തിലൂടെ വലിയൊരളവോളം സാധിക്കും. ശനി, ചൊവ്വ ദിവസങ്ങളിലെ ഹനുമാന്‍ ചാലിസ ജപം ഏറെ ശ്രേഷ്്ഠമാണ്.

ശ്രീധര്‍മ്മ ശാസ്താവിനേയോ അയ്യപ്പസ്വാമിയെയോ ഭജിക്കുന്നതും ശനിയാഴ്ചകളില്‍ ക്ഷേത്രദര്‍ശനവും നീരാജനവും നടത്തുന്നത് ദോഷകാഠിന്യം കുറയ്‌ക്കും. മണ്ഡലവ്രതത്തോടെയുള്ള ശബരിമല തീര്‍ത്ഥാടനവും നല്ലതാണ്. കറുത്തതും കടുംനീലയുമായ വസ്ത്രങ്ങള്‍ ധരിക്കുന്നതും ശുഭഫലപ്രദമാണ്.

ശനിദശയിലും ഏഴര, കണ്ടക ശനി സമയത്തെയും ദോഷഫലങ്ങള്‍ പൂര്‍വ്വജന്മ ദുഷ്‌കര്‍മ്മ ഫലമാണ്. ദാന ധര്‍മ്മങ്ങളിലൂടെ ഇതിന്റെ കാഠിന്യം കുറയ്‌ക്കാം. കടുക്, കടുകെണ്ണ, കറുത്ത തുണി എന്നിവ ദാനം ചെയ്യുന്നത് ഉത്തമം. ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുന്നതും വിപരീത ഫലങ്ങള്‍ കുറയ്‌ക്കാന്‍ സഹായിക്കും. എന്നാല്‍ ദാനങ്ങളൊന്നും അഹന്തയോടെ ആവരുത്.

ശനി പ്രതികൂലമായിരിക്കുമ്പോള്‍ ശരീരത്തെ വിഷവിമുക്തമാക്കണം. പുകവലി, മദ്യം, മയക്കുമരുന്ന് എന്നിവ ശരീരത്തില്‍ വിഷം നിറയ്‌ക്കും. ഇത് ശനിയുടെ കോപത്തിനു തദ്വാരാ കൂടുതല്‍ ദോഷങ്ങള്‍ക്കും വഴിവെക്കും. വിധിപ്രകാരമുള്ള ശനിശ്വര സ്‌ത്രോത്ര ജപവും ദോഷകാഠിന്യം കുറയ്‌ക്കും. ശനി ഗായത്രി നിത്യം ജപിക്കുന്നതും ഗുണകരമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by