ഡെറാഡൂണ്‍: പരമ്പരാഗത പാചകവിധി പ്രകാരം തയ്യാറാക്കിയ ആയുര്‍വേദ ഭക്ഷണ സാധനങ്ങള്‍ ഉടന്‍ വിപണിയിലേക്ക്. പോഷകാഹാരക്കുറവ്, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കാന്‍ ഇത് സഹായിക്കും. ആയുര്‍വേദ ആഹാരവും ലഘുഭക്ഷണവും ഉല്പാദിപ്പിക്കുന്നതിനും വിപണനം ചെയ്യുന്നതിനുമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി രൂപീകരിച്ച ഉന്നതതല സമിതിയിലെ അംഗങ്ങള്‍ ഡെറാഡൂണില്‍ നടക്കുന്ന പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ഡീംഡ് യൂണിവേഴ്സിറ്റി മുന്‍ പ്രൊ വൈസ് ചാന്‍സലര്‍ പ്രൊഫ. മിത കൊടെച്ച, ന്യൂദല്‍ഹിയിലെ ആള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ ഡയറക്ടര്‍ പ്രൊഫ. തനുജ നേസരി, ജയ്പൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദയിലെ പ്രൊഫ. അനുപം ശ്രീവാസ്തവ എന്നിവര്‍ സമിതിയില്‍ ഉള്‍പ്പെടുന്നു. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റിയുമായും (എഫ്എസ്എസ്എ) മറ്റ് ഏജന്‍സികളുമായും അടുത്ത ബന്ധത്തിലാണ് പാനല്‍ പ്രവര്‍ത്തിക്കുന്നത്.
ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പിന്തുടരുന്ന 700 പാചകവിധികള്‍ സംരംഭത്തിലുണ്ടാകും. ആയുര്‍വേദ മേഖലയിലെ ഭക്ഷണവൈവിധ്യം പുറത്തുകൊണ്ടുവരുന്ന ഇത് ഭക്ഷ്യമേഖലയില്‍ കോടിക്കണക്കിന് രൂപയുടെ ബിസിനസിനും അവസരമൊരുക്കും.
ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് സര്‍ക്കാരിനെ സഹായിക്കുന്നതിനൊപ്പം ദാരിദ്ര്യം, പോഷകാഹാരക്കുറവ്, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും ഈ സംരംഭം വലിയ പങ്ക് വഹിക്കുമെന്ന് പ്രൊഫ. മിത കൊടേച പറഞ്ഞു. വിപണിയിലെ അനാരോഗ്യകരമായ ജങ്ക് ഫുഡ് ഉള്‍പ്പെടെയുള്ള ഉല്പന്നങ്ങള്ക്ക് ബദലായി ഭാരതീയ പരമ്പരാഗത ഭക്ഷ്യവിഭവങ്ങളെ ഈ സംരംഭം പുനരുജ്ജീവിപ്പിക്കും. നിലവില്‍ വിപണിയില്‍ ലഭ്യമായ ആയുര്‍വേദ ഭക്ഷണ സാധനങ്ങളില്‍ മിക്കവയും ചേരുവകളുടെ പ്രക്രിയ, ഗുണനിലവാരം, അളവ് തുടങ്ങിയ കാര്യങ്ങളിലെ ആധികാരികത പരിശോധിക്കുന്നതില്‍ പരാജയപ്പെടുമെന്ന് പാനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.
ആയുര്‍വേദ ആഹാര്‍ റെഗുലേഷന്‍സ്-2022 പ്രകാരമാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതു സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നത് അവസാന ഘട്ടത്തിലാണ്. ന്യൂദല്‍ഹിയിലെ മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗ ഡയറക്ടര്‍ കഷ്മത് സമാഗന്ദി, പഞ്ച്കുളയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദയില്‍ നിന്നുള്ള ഡോ. അശ്വതി പി. എന്നിവര്‍ സെഷനിലെ മറ്റ് പ്രഭാഷകരായിരുന്നു.
പദ്ധതിയില്‍ പോഷകാഹാര, ആയുര്‍വേദ വിദഗ്ധരുടെ അഭിപ്രായം സ്വീകരിക്കുകയും അത്യാധുനിക ഭക്ഷ്യസാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും. പദ്ധതി പ്രകാരം തയ്യാറാക്കി വിപണനം ചെയ്യുന്ന ഭക്ഷണസാധനങ്ങള്‍ ആയുര്‍വേദ പാരമ്പര്യത്തിന്റെ പ്രാഥമിക തത്വങ്ങള്‍ നിലനിര്‍ത്തുന്നുവെന്ന് ഇത് ഉറപ്പുവരുത്തും. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്എംസിജി) രീതിയിലായിരിക്കും വിപണനം. ഡോര്‍ ഡെലിവറി നടത്തുന്ന ഭക്ഷണ വിതരണക്കാരെ പ്രയോജനപ്പെടുത്തുകയും സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ എല്ലാ ഭക്ഷണശാലകളിലും ഈ ഭക്ഷണ ഇനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: