ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന് 23 വര്‍ഷം തികഞ്ഞ പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ഇന്ന് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തില്‍ സുരക്ഷ ഉദ്യോഗസ്ഥരടക്കം ഒന്‍പത് പേരാണ് കൊല്ലപ്പെട്ടത്.
ഭീകര ശക്തികള്‍ക്കെതിരെ രാജ്യം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് രാഷ്‌ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി പ്രധാന നേതാക്കളെല്ലാം ചടങ്ങില്‍ പങ്കെടുത്തു.
2001 ഡിസംബര്‍ 13നാണ് രാജ്യത്തെ ഞെട്ടിച്ച പാർലമെൻ്റ് ആക്രമണം നടന്നത്. ശീതകാല സമ്മേളനം നടക്കുന്നതിനാല്‍ സംഭവദിവസം നിരവധി രാഷ്‌ട്രീയ പ്രമുഖർ മന്ദിരത്തിനുള്ളിൽ ഉണ്ടായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ വ്യാജ സ്റ്റിക്കര്‍ പതിച്ച ഡിഎല്‍ 3 സിജെ 1527 നമ്പര്‍ അംബാസിഡര്‍ കാര്‍ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് പ്രവേശിക്കുകയും സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥന്‍ കാര്‍ തടയുകയുമായിരുന്നു. ഇതോടെ കാറിൽ നിന്ന് എ.കെ. 47 തോക്കുകളുമായി അഞ്ച് ലഷ്‌കര്‍ ഇ-ത്വയ്ബ, ജയ്ഷെ-ഇ-മുഹമ്മദ് ഭീകരർ പുറത്തേക്കിറങ്ങുകയും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടാകുകയും ചെയ്തു. പോരാട്ടത്തിനൊടുവില്‍ അഞ്ച് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒൻപത് പേര്‍ക്ക് ആക്രമണത്തില്‍ ജീവന്‍ നഷ്ടമായി.
ഇന്ത്യയുടെ സ്വതന്ത്ര പരാമാധികാരത്തിനെതിരെ നടന്ന ഏറ്റവും വലിയ ആക്രമണമായാണ് സംഭവം വിശേഷിക്കപ്പെടുന്നത്. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ അഫ്‌സല്‍ ഗുരു, അഫ്‌സാന്‍ ഗുരു, ഷൗക്കത്ത് ഹുസൈന്‍ ഗുരു, എസ്എആര്‍ ഗീലാനി എന്നിവരാണ് അറസ്റ്റിലായത്. 2013 ഫെബ്രുവരി മൂന്നിന് സംഭവത്തിന്റെ ആസൂത്രകനെന്ന് കരുതപ്പെട്ട അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: