പ്രയാഗ്രാജ്: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില് 5500 കോടി രൂപയുടെ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. മഹാകുംഭം 2025 മുന്നോടിയായി നടന്ന ചടങ്ങില്‍ അദ്ദേഹം സംസ്കാരികവും ആത്മീയവുമായ പ്രാധാന്യങ്ങളിലൂടെ പ്രസിദ്ധമായ പ്രയാഗ്രാജിനെ ഭക്തിപൂര്‍വ്വം വണങ്ങി. മഹാകുംഭത്തിന് സഹകരിച്ച എല്ലാ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നന്ദി അറിയിച്ചു.
‘പ്രയാഗ്രാജ് ഭൂമിയില്‍ പുതിയൊരു ചരിത്രം രചിക്കപ്പെടുകയാണ്,’ പ്രധാനമന്ത്രി പ്രസ്താവിച്ചു. മഹാകുംഭം ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനങ്ങളിലൊന്നായി വളരുന്നതിനുള്ള നീക്കമാണ് ഈ പദ്ധതികളിലൂടെ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ ഐക്യവും ആത്മീയ അനുഭവങ്ങളും വിശ്വാസത്തിന്റെ ആഴവും മഹാകുംഭത്തിലൂടെ ലോകം തിരിച്ചറിയുമെന്നും മോദി പറഞ്ഞു.
മോദി പ്രയാഗ്രാജിന്റെ മതപരവും ചരിത്രപരവും ആത്മീയവുമായ പാരമ്പര്യത്തെ ഓര്‍ത്ത് നമിച്ചു. ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമം, അക്ഷയവട്, ഭരദ്വാജ് മുനിയുടെ തപോഭൂമി, ശുദ്ധാത്മാക്കളുടെ സാന്നിദ്ധ്യം എന്നിവയെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ഉണര്വുനിറഞ്ഞ വിവരണം ശ്രദ്ധയാകര്‍ഷിച്ചു. പുണ്യസ്നാനത്തിന്റെ ആത്മീയ പ്രത്യയങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
മഹാകുംഭം 2025 വിജയകരമാക്കാന്‍ വിവിധ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ശുചിത്വം ഉറപ്പാക്കുന്നതിനായി 15,000ത്തിലധികം ശുചിത്വ തൊഴിലാളികള്‍ നിയോഗിച്ചിട്ടുണ്ടെന്നും നമാമി ഗംഗേ പദ്ധതിയുടെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മഹാകുംഭം സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനം നല്‍കുമെന്നും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മോദി പറഞ്ഞു. കച്ചവട സജ്ജീകരണങ്ങള്‍, ഗതാഗതം, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവയില്‍ ഗവണ്മെന്റ് വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
സാങ്കേതിക വിദ്യ പ്രയാഗ്രാജിലെ തീര്‍ത്ഥാടകര്‍ക്കായി പുതിയ അനുഭവങ്ങള്‍ സൃഷ്ടിക്കുമെന്നും ‘കുംഭ് സഹായക്’ ചാറ്റ്ബോട്ട് ഉള്‍പ്പെടെ സ്മാര്‍ട്ട് ടെക്നോളജി പരിഹാരങ്ങള്‍ പ്രയോജനപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
വിശ്വസ്തതയും ഐക്യവും പ്രതിനിധീകരിക്കുന്ന മഹാകുംഭം ഇന്ത്യയുടെ ആത്മീയസാംസ്കാരിക പൈതൃകത്തെ കൂടുതല്‍ ഉയര്ത്തുന്നവേളയായി മാറുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഈ ഉത്സവം നവേന്ത്യയുടെ നിര്‍മ്മിതിക്ക് ഊര്‍ജം പകരുമെന്നും രാജ്യത്തിന്റെ നവോത്ഥാന ദിശാബോധത്തിനും മഹാകുംഭം സഹായകരമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: