29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തിൽ 67 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എം. മോഹൻ സംവിധാനം ചെയ്ത ‘രചന’, ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത ‘ചോഘ്’, സെന്റണിയൽ ട്രിബ്യൂട്ട് വിഭാഗത്തിൽ പി. ഭാസ്‌കരൻ സംവിധാനം ചെയ്ത ‘മൂലധനം’ എന്നിവ രണ്ടാം ദിനം പ്രദർശിപ്പിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളാണ്.
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച കിഷ്‌കിന്ധാ കാണ്ഡത്തിന്റെ പ്രദർശനം ഉച്ചതിരിഞ്ഞു മൂന്നിന് ന്യൂ തിയേറ്ററിൽ നടക്കും. പെരുമാൾ മുരുകന്റെ ചെറുകഥയെ ആധാരമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് അങ്കമ്മാൾ. വൈകിട്ട് ആറിനു കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രം നഗരഗ്രാമാന്തരങ്ങളിലെ കാഴ്‌ച്ചപ്പാടുകൾ തമ്മിലുള്ള അന്തരത്തെ ഒരു അമ്മയുടെയും മകന്റെയും ബന്ധത്തിലൂടെ ആവിഷ്‌കരിക്കുന്നു.
നോറ മാർട്ടിറോഷ്യൻ സംവിധാനം ചെയ്ത ഷുഡ് ദി വിൻഡ് ഡ്രോപ്പ് , കൺട്രി ഫോക്കസ് വിഭാഗത്തിൽ രാവിലെ 9:30ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. നഗോർണോ കരാബാക്കിലെ ഒരു വിമാനത്താവളം വീണ്ടും തുറക്കണോ വേണ്ടയോ എന്നു തീരുമാനമെടുക്കേണ്ട ഒരു എൻജിനിയറുടെ കഥ പറയുന്നതാണ് ഈ ചിത്രം. വൈകിട്ട് ആറിന് അജന്ത തിയേറ്ററിൽ ജാക്ക് ഓർഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസ് പ്രദർശിപ്പിക്കും. കുറ്റവാളികൾക്ക് നിയമരക്ഷ നേടിക്കൊടുക്കാൻ തല്പരയായ റീത്ത എന്ന അഭിഭാഷകക്ക് ഒരു അധോലോക നേതാവിന് വേണ്ടി ജോലി ചെയ്യാൻ അവസരം ലഭിക്കുന്ന താണ് കഥാപശ്ചാത്തലം.
ഫീമെയിൽ ഗെയ്‌സ് വിഭാഗത്തിൽ യോക്കോ യമനാക സംവിധാനം ചെയ്ത ഡെസേർട്ട് ഓഫ് നമീബിയ രാവിലെ 11:45ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. കാൻ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച ഈ ചിത്രം തന്റെ വിരസത നിറഞ്ഞ ടോക്കിയോ ജീവിതത്തോട് മല്ലിടുന്ന ഒരു പെൺകുട്ടിയുടെ കഥ പറയുന്നു. ഇതുകൂടാതെ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ ആൻ ഓസിലേറ്റിംഗ് ഷാഡോ, ദി ഹൈപ്പർബോറിയൻസ്, ബോഡി, അപ്പുറം, ലിൻഡ, എൽബോ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: