Social Trend

ചെസ്സ് പാപികള്‍ മാത്രം കളിക്കുന്ന കളി: അള്ളാഹുവിന്റെ കോപം നേരിടേണ്ടി വരും: സര്‍ക്കാര്‍ ഡോക്ടറുടെ കുറിപ്പ്

Published by

തിരുവനന്തപുരം‘:ഗുകേഷിന്റെ ലോക ചെസ്സ് ചാമ്പ്യന്‍ഷിപ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ യുവ ഡോക്ടര്‍ എഴുതിയ കുറിപ്പ് വിവാദമായി. ഇസ്‌ലാം വളരെയധികം വിമര്‍ശനാത്മക രീതിയിലാണ് ചെസ്സിനെ നോക്കി കാണുന്നതെന്നും കളിക്കാര്‍ അള്ളാഹുവിന്റെ കോപം നേരിടേണ്ടി വരുമെന്നുമാണ് കട്ടപ്പന താലൂക്ക് ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ജാഹര്‍ ഷാഹൂല്‍ പറയുന്നത്.

ചെസ്സ് കളിക്കുന്നത് തീര്‍ത്തും നിഷിദ്ധമാണെന്നും അത് ചൂതാട്ടത്തിന് സമമാണ് എന്നും ഹറാം ആയിട്ടാണ് കാണുന്നത് എന്നും ഒക്കെ വിവിധ ഇസ്‌ളാം പണ്ഡിതരെ ഉദ്ധരിച്ച് ഡോ. ജാഹര്‍ എഴുതുന്നു. ഗുകേഷിന്റെ ചിത്രം വികൃതമായി കുറിപ്പിനൊപ്പം നല്‍കിയിച്ചുമുണ്ട്.

മുസ് ളീം,ഡോക്ടര്‍, ഇടതുപക്ഷം, വായനക്കാരന്‍, എഴുത്തുകാരന്‍…. എന്നതൊക്കെയാണ് ഫേസ് ബുക്കില്‍ ജാഹര്‍ ഷാഹൂല്‍ സ്വയം വിശേഷിപ്പിക്കുന്നത്‌

ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ചെസ് എന്ന സാമൂഹിക വിപത്തിനെ ഇസ്‌ലാം എന്നേ തിരിച്ചറിഞ്ഞു!
എല്ലാവരും ഗുകേഷിന്റെയും ഇന്ത്യയുടെയും ലോക ചെസ്സ് ചാമ്പ്യന്‍ഷിപ് വിജയത്തിന്റെ ആഹ്ലാദത്തിലാണ്. തലങ്ങും വിലങ്ങും അഭിനന്ദനങ്ങളും അനുമോദനങ്ങളുടെയും ഇടയിലും തിരക്കിലും.
എല്ലാം സമ്മതിച്ചു, പക്ഷെ ഇനിയെന്ത്?
അള്ളാഹുവിന്റെ അനുഗ്രഹമുണ്ടോ?
മരണ ശേഷം അള്ളാഹുവിന്റെ മുമ്പില്‍ വിചാരണയ്‌ക്ക് നില്‍ക്കുമ്പോള്‍ ചെസ്സ് കളിച്ചതോണ്ട് ഇളവുകള്‍ ലഭിക്കുമോ?
ഇല്ല എന്നതാണ് ഉത്തരം. പകരം അള്ളാഹുവിന്റെ കോപം നേരിടേണ്ടി വരികയും ചെയ്യും.
ഇസ്‌ലാം വളരെയധികം വിമര്‍ശനാത്മക രീതിയിലാണ് ചെസ്സിനെ നോക്കി കാണുന്നത്.
ഒരിക്കല്‍ ഖലീഫ അലി (റ) ചെസ്സ് കളിക്കുന്ന ചിലരെ കണ്ടപ്പോള്‍ അവരോട് അതിനെ പറ്റി ചോദിച്ചു. ശേഷം കളിക്കാന്‍ ഉപയോഗിക്കുന്ന കരുക്കളെ വിഗ്രഹങ്ങളോട് താരതമ്യം ചെയ്യുകയും ചെയ്തു. ചെസ്സിനെ പറ്റി അലി പറഞ്ഞതാണ് ഏറ്റവും പ്രബലമായ അഭിപ്രായം എന്നാണ് ഇമാം അഹ്മദ് പറയുന്നത്.
സ്വഹാബിയായ അബ്ദുള്ള ഇബ്ന്‍ ഉമര്‍ (റ) പറഞ്ഞത് ചൂതാട്ടത്തെക്കാള്‍ മോശമായ ഒന്നാണ് ചെസ്സ് കളി.
മറ്റൊരു സ്വഹാബിയായ അബു മൂസ അല്‍–അഷ്’അരി ചെസ്സിനെ പറ്റി പറഞ്ഞത് ഇപ്രകരമാണ്: പാപികള്‍ മാത്രം കളിക്കുന്ന കളിയാണ് ചെസ്സ്.
ചൂതാട്ടം ഹറാമാണ് എന്നതില്‍ സംശയമില്ല.
അത് കളിക്കുന്നവര്‍ അള്ളാഹുവിനെയും അദ്ദേഹത്തിന്റെ റസൂലിനെയും ധിക്കരിച്ചിരിക്കിന്നു എന്നും അത് കളിക്കുന്നവന്‍ അള്ളാഹു നിഷിദ്ധമാക്കിയ പന്നി ഇറച്ചി കഴിച്ചവനെ പോലെയാണെന്നും എന്നൊക്കെയുള്ള സ്വഹീഹായ ഹദീസുകള്‍ ഉള്ളപ്പോള്‍ അതിലും വൃത്തികെട്ട കളിയായ ചെസ്സിനെ പ്പറ്റി പ്രത്യേകം പറയേണ്ടതുണ്ടോ?
മദ്ഹബിന്റെ പണ്ഡിതന്മാരായ ഇമാം അബു ഹനീഫ, ഇമാം മാലിക്ക്, ഇമാം അഹ്മദ് എന്നിവരെല്ലാം ചെസ്സിനെ ഹറാം ആയിട്ടാണ് കാണുന്നത്.
ഇമാം ഇബ്ന്‍ ഖുധാമ മുഘ്‌നിയിലും,
ഇമാം ഇബ്ന്‍ ഖയ്യിം അല്‍ ഫുരൂസിയയിലും ഇമാം അദ്ദഹാബി അല്‍–കബൈറിലും ചെസ്സിനെ ഹറാമായിട്ടാണ് കാണുന്നത്.
സാമ്പത്തിക നേട്ടത്തിന് വേണ്ടി ചെസ്സ് കളിക്കുന്നത് തീര്‍ത്തും നിഷിദ്ധമാണെന്നും അത് ചൂതാട്ടത്തിന് സമമാണ് എന്നാണ് ഇമാം ഇബ്ന്‍ അബ്ദുല്‍ ബര്‍ പറയുന്നത്.
ചെസിനെതിരെ ഇസ്‌ലാമില്‍ ഇനിയുമൊരുപാട് തെളിവുകളുണ്ട്.
ലോകം ഇത്രയും അധഃപതിച്ചല്ലോ!
നഊസൂ ബില്ല!
അള്ളാഹു എല്ലാവരെയും രക്ഷിക്കുമാറാകട്ടെ!

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: Chess

Recent Posts