ഇരിട്ടി: തറവാട്ട് വീട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് വൈദ്യുതി ബില്‍ കുടിശ്ശിക വരുത്തി എന്നാരോപിച്ച് പുതുതായി വീടുവെച്ചു താമസിക്കുന്ന കോളനിയിലെ വീട്ടുകാര്‍ക്ക് മുഴുവന്‍ വൈദ്യുതി കണക്ഷന്‍ നല്‍കാതെ കെഎസ്ഇബി. അയ്യന്‍കുന്ന് ഉരുപ്പുംകുറ്റി പട്ടികവര്‍ഗ ഊരിലെ 19 കുടുംബങ്ങള്‍ക്കാണ് രണ്ടു വര്‍ഷത്തിലേറെയായി വൈദ്യുതി നിഷേധിച്ചിരിക്കുന്നത്.
ഊരിലെ ശ്രീധരനും ഭാര്യയും മൂന്ന് മക്കളും അടങ്ങിയ കുടുംബത്തിന് ലൈഫ് പദ്ധതിയില്‍ വീട് ലഭിച്ചിട്ട് രണ്ട് വര്‍ഷമായി. വൈദ്യുതി കണക്ഷന് വേണ്ടിയുള്ള വയറിംഗ് ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തികളും നടത്തിയിട്ടും വീട്ടിന് മുന്നില്‍ തന്നെ അഞ്ചുമീറ്റര്‍ അകലെയായി ത്രീഫെയിസ് ലൈന്‍ കടന്നുപോകുന്നുണ്ടെങ്കിലും കുടിശ്ശിക പ്രശ്‌നംപറഞ്ഞ് കണക്ഷന്‍ നിഷേധിക്കുകയാണ്. ഇവര്‍ക്ക് വൈദ്യുതി നിഷേധത്തിനിടയാക്കിയത് അച്ഛന്റെ തറവാട്ടില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് അടയ്‌ക്കാനുളള വൈദ്യുതി കുടിശ്ശികയാണ്. സ്വന്തം തറവാട്ടില്‍ നിന്നും ഉപ കുടുംബമായി ശ്രീധനും ഭാര്യയും മക്കളും പുതിയ വീട്ടിലേക്ക് മാറിയെങ്കിലും തറവാട് വീട്ടിലെ കുടിശ്ശികയുടെ പാവഭാരം ഇവര്‍ ചുമക്കുകയാണ്. കുടിശ്ശികയുടെ പേരില്‍ ഊരിലെ പുതിയ അപേക്ഷകര്‍ക്ക് പോലും രണ്ട് വര്‍ഷമായി കെഎസ്ഇബി പുതിയ കണക്ഷന്‍ അനുവദിക്കുന്നില്ല.
20 കുടുംബങ്ങളാണ് ഇവിടെയുള്ളതെങ്കിലും 19 കുടുംബങ്ങള്‍ക്കും വൈദ്യുതിയില്ല. ലൈഫ് പദ്ധതിയില്‍ രണ്ട് വര്‍ഷത്തിനിടയില്‍ ഊരില്‍ ഒമ്പത് വീടുകളാണ് പുതുതായി പണിതത്. എല്ലാ വീട്ടുകാരും വൈദ്യുതീകരണ പ്രവ്യത്തികളൊക്കെ പൂര്‍ത്തിയാക്കി സ്വിച്ചും ബോര്‍ഡും സ്ഥാപിച്ച് കണക്ഷന് കെ എസ്ഇബിയുടെ എടൂര്‍ സെക്ഷനില്‍ അപേക്ഷ നല്‍കിയെങ്കിലും സ്ഥല പരിശോധന നടത്തി പോകുന്നതല്ലാതെ കണക്ഷന്‍ അനുവദിക്കുന്നില്ലെന്നാണ് ഇവര്‍ പരാതി പറയുന്നത്.
വര്‍ഷങ്ങളായുള്ള കുടിശ്ശിക അടക്കാതെ കിടക്കുന്നതിനാലാണ് കണക്ഷന്‍ അനുവദിക്കാത്തതെന്നാണ് കെഎസ്ഇബി എടൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പറയുന്നത്. അപേക്ഷകരില്‍ പലരും ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. വാര്‍ഡ് അംഗത്തിന്റെ സഹായത്തോടെ കൊടുക്കാന്‍ പറ്റാവുന്ന കുടുംബങ്ങള്‍ക്ക് കണക്ഷന്‍ കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: