കൊല്ലം: ജില്ലയിലെ സിപിഎം നേതാക്കള്‍ക്കെതിരെ തനിക്ക് ലഭിച്ച പരാതികളിലെല്ലാം നടപടി സ്വീകരിക്കാന്‍ തുടങ്ങിയാല്‍ കൊല്ലത്തെ പാര്‍ട്ടിയില്‍ പിന്നെ നേതാക്കളാരും ഉണ്ടാകില്ലെന്ന് ജില്ലാ സമ്മേളനത്തിന്റെ സമാപന ദിവസം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മുന്നറിയിപ്പ്. സംഘടനാ റിപ്പോര്ട്ടിന്മേല് നടന്ന ചര്‍ച്ചയ്ക്ക് ഇന്നലെ രാവിലെ നല്കിയ മറുപടിയിലാണ് ജില്ലയിലെ സിപിഎം നേതൃത്വത്തെ ഒന്നാകെ എം.വി ഗോവിന്ദന് സംശയമുനയില്‍ നിര്‍ത്തിയത്.
അഴിമതി ആരോപണം നേരിടാത്ത വിരലില്‍ എണ്ണാവുന്ന നേതാക്കള്‍ മാത്രമേ ജില്ലാ കമ്മിറ്റിയില്‍ ഉള്ളൂ. എല്ലാവര്‍ക്കുമെതിരെ തെളിവുകള്‍ സഹിതമാണ് തനിക്ക് പരാതി ലഭിച്ചത്. അതെല്ലാം ഒന്നിന് പിറകെ ഒന്നായി ചര്‍ച്ചയ്ക്കെടുത്താല്‍ ജില്ലാ സമ്മേളനം പൂര്‍ത്തീകരിക്കാന്‍ കഴിയില്ല.
ആരോപണങ്ങളുടെ ആഴത്തെ കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും പരിഗണിച്ചില്ല. ഇവിടെ ഇങ്ങനെയേ നടക്കൂ എന്ന മട്ടിലാണ് നേതാക്കള്‍ ഇടപെടുന്നത്. തൊടുന്നതിലെല്ലാം കമ്മീഷന് പറ്റാന്‍ നിന്നാല്‍ ജനങ്ങള്‍ പാര്‍ട്ടിയെ കൈവിടും. തിരുത്തലുകള്‍ക്ക് തയ്യാറായില്ലെങ്കില്‍, തിരുത്തിക്കാന്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങുമെന്നും ഗോവിന്ദന് പറഞ്ഞു.
വിഭാഗീയതയില്‍ മുങ്ങിക്കുളിച്ച കരുനാഗപ്പള്ളിയില്‍ നിന്നുള്ള പി.ആര് വസന്തന്, പി.കെ ബാലചന്ദ്രന്, സി.രാധാമണി, ബി.ഗോപന് എന്നിവരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. കെ.എന്‍ ബാലഗോപാലിന്റെ അനിഷ്ടം നേരിട്ട ഐഷ പോറ്റിയും പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: