Main Article

സോണിയാ കോണ്‍ഗ്രസ് സോറോസിന്റെ സ്വന്തം

Published by

നെഹ്റു കുടുംബത്തിലെ ഒരാളെക്കൂടി ലോക്സഭയിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ പേരിലുള്ള ആഘോഷം ഇത്രവേഗം അവസാനിപ്പിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് വിചാരിച്ചതല്ല. മുസ്ലിം ലീഗിന്റെ ചെലവിലാണ് പ്രിയങ്ക വാദ്ര വയനാട് മണ്ഡലത്തില്‍നിന്ന് ജയിച്ചതെങ്കിലും തങ്ങളുടെ മഹത്തായ നേട്ടമായി കോണ്‍ഗ്രസ് അതിനെ ചിത്രീകരിക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് സഖ്യം നേടിയ വിജയം അവിടത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണതും, ഝാര്‍ഖണ്ഡിലും ജമ്മു കശ്മീരിലും പരാജയത്തോട് അടുത്തുനില്‍ക്കുന്ന നാമമാത്രമായ വിജയവും, വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ കനത്ത തിരിച്ചടിയും മറച്ചുപിടിക്കാന്‍ കൂടിയായിരുന്നു പ്രിയങ്കയുടെ വയനാട് വിജയം ആഘോഷിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

അടിയന്തരാവസ്ഥയുടെ തിരിച്ചടിക്കുശേഷം 1978 ല്‍ കര്‍ണാടകയിലെ ചിക്കമംഗ്ലൂരില്‍ നിന്ന് ഇന്ദിരാ ഗാന്ധി തെരഞ്ഞെടുക്കപ്പെടുകയുണ്ടായല്ലോ. ഇതുപോലത്തെ ചരിത്ര പ്രാധാന്യം പ്രിയങ്കയുടെ വയനാട് വിജയത്തിനുമുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്. ഇതിന്റെ ഭാഗമായിരുന്നു ഇന്ദിരയുടെ മൂക്കും മുഖവുമൊക്കെയുണ്ടെന്ന് മാധ്യമങ്ങളെക്കൊണ്ട് പറയിപ്പിച്ചുകൊണ്ടിരിക്കുന്ന പ്രിയങ്കയെ, മലയാളി മങ്കയുടെ വേഷംകെട്ടിച്ച് ലോക്സഭയില്‍ സത്യപ്രതിജ്ഞക്കെത്തിച്ചത്. ഇതൊന്നും പക്ഷേ ഉദ്ദേശിച്ചപോലെ ഫലം കണ്ടില്ല.

നെഹ്റു കുടുംബത്തില്‍പ്പെട്ടവര്‍ രാജ്യദ്രോഹം പ്രവര്‍ത്തിക്കുന്നു എന്ന ആക്ഷേപത്തെ പിന്തുണയ്‌ക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. രാജ്യസഭയില്‍ ബിജെപി എംപി സാംബിത് പാത്ര ലോകകോടീശ്വരനും കടുത്ത ഭാരതവിരുദ്ധനുമായ ജോര്‍ജ് സോറോസുമായി രാഹുലിനുള്ള ബന്ധം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ കടുത്ത ആക്രമണമാണ് നടത്തിയത്. സോറോസ് ഫണ്ടു ചെയ്യുന്ന ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) എന്ന അന്വേഷണാത്മക മാധ്യമസ്ഥാപനം ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ നടത്തുന്ന ‘വെളിപ്പെടുത്തലുകള്‍’ അതേപടി ഏറ്റെടുത്ത് രാഹുല്‍ പാര്‍ലമെന്റിനകത്തും പുറത്തും ഉന്നയിച്ചുപോരുകയായിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തി രാജ്യത്തെ ‘വന്‍ ഒറ്റുകാരന്‍’ എന്നാണ് സാംബിത് പാത്ര രാഹുലിനെ വിശേഷിപ്പിച്ചത്. മെഡിക്കല്‍ ഡോക്ടറായ പാത്ര ഒരു സര്‍ജിക്കല്‍ സ്ട്രൈക്കു തന്നെയാണ് കോണ്‍ഗ്രസിനെതിരെ രാജ്യസഭയില്‍ നടത്തിയത്.

ലോക്സഭയില്‍ ഇതേ പ്രശ്നം ഉന്നയിച്ച് ബിജെപി എംപി നിഷികാന്ത് ദുബെയും രാഹുലിനെ തുറന്നുകാട്ടി. ഒസിസിആര്‍പിയുമായും സോറോസുമായുള്ള ബന്ധത്തെക്കുറിച്ച് താന്‍ പത്ത് ചോദ്യങ്ങളുന്നയിക്കാമെന്നും, രാഹുല്‍ അതിന് മറുപടി നല്‍കണമെന്നും ദുബെ പറഞ്ഞതോടെ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലായി. റിപ്പബ്ലിക് ചാനല്‍ ഇത് ഏറ്റെടുത്തു.

സോണിയാ ഭക്തരായ മലയാളം ചാനലുകള്‍ പതിവുപോലെ മൗനം പാലിച്ചു. പ്രതിപക്ഷത്തെ നേതാക്കളുമായി ചേര്‍ന്ന് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താനും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീര്‍ത്തിപ്പെടുത്താനുമാണ് ഡീപ്പ് സ്റ്റേറ്റിന്റെ പ്രധാന കണ്ണിയായ ജോര്‍ജ് സോറോസ് ശ്രമിക്കുന്നതെന്ന ദുബെയുടെ വിമര്‍ശനത്തിനു മറുപടി പറയാന്‍ കോണ്‍ഗ്രസിതര പ്രതിപക്ഷ പാര്‍ട്ടികള്‍ തയ്യാറായതുമില്ല. ഈ ഒറ്റപ്പെടലില്‍നിന്ന് രക്ഷപ്പെടാനാണ് രാജ്യസഭാ അധ്യക്ഷന്‍ ജഗദീഷ് ധന്‍കറെ മാറ്റാന്‍ പ്രമേയം കൊണ്ടുവരുമെന്നും, മറ്റു പാര്‍ട്ടികള്‍ പിന്തുണയ്‌ക്കുമെന്നും കോണ്‍ഗ്രസ് വീരവാദം മുഴക്കിയത്.

അടുത്ത ഊഴം ബിജെപിയുടെ രാജ്യസഭാ എംപിയും പാര്‍ട്ടി വക്താവുമായ സുധാംശു ചതുര്‍വേദിയുടേതായിരുന്നു. രാജ്യവിരുദ്ധ ശക്തികളുമായി സോണിയയ്‌ക്കുള്ള ബന്ധമാണ് ചതുര്‍വേദി വെളിപ്പെടുത്തിയത്. ജോര്‍ജ് സോറോസ് ഫണ്ടു ചെയ്യുന്ന ഫോറം ഓഫ് ഡമ്രോക്രാറ്റിക് ലീഡേഴ്സ്-ഏഷ്യ പെസഫിക് (എഫ്ഡിഎല്‍-എപി) എന്ന സംഘടനയുമായി സോണിയക്ക് ബന്ധമുണ്ട്. സോണിയ ഉപാധ്യക്ഷ പദവി വഹിക്കുന്ന ഈ സംഘടന ജമ്മു കശ്മീര്‍ പ്രത്യേക രാഷ്‌ട്രമാണെന്ന് വാദിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെയൊരു സംഘടനയുടെ പദവി വഹിച്ചു എന്നു വ്യക്തമാക്കാന്‍ സോണിയയോട് ത്രിവേദി ആവശ്യപ്പെട്ടെങ്കിലും ഒരു കോണ്‍ഗ്രസ് നേതാവും പ്രതികരിച്ചില്ല. രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ അധ്യക്ഷയെന്ന നിലയ്‌ക്കാണത്രേ സോണിയ സോറോസിന്റെ സംഘടനയുടെ ഭാരവാഹിത്വം ഏറ്റെടുത്തത്. രാജീവ് ഗാന്ധി ഫൗണ്ടേഷനും സോറോസില്‍നിന്ന് പണം വാങ്ങിയതായി ആരോപണമുണ്ട്. കശ്മീരിന്റെ കാര്യത്തില്‍ പാകിസ്ഥാനും വിഘടനവാദികള്‍ക്കും അനുകൂലമായിരുന്ന ആര്‍ട്ടിക്കിള്‍ 370 മോദി സര്‍ക്കാര്‍ റദ്ദാക്കിയതിനെ കോണ്‍ഗ്രസ് എന്തുകൊണ്ട് എതിര്‍ക്കുന്നു എന്നതിന്റെ ഉത്തരം സോണിയ-സോറോസ് ബന്ധത്തില്‍നിന്ന് ലഭിക്കുന്നുണ്ട്.

മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ഒരു ബില്യണ്‍ ഡോളര്‍ നീക്കിവച്ചിട്ടുണ്ടെന്ന് പരസ്യപ്രസ്താവന നടത്തിയിട്ടുള്ള സോറോസുമായി കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബഹളം വയ്‌ക്കുകയായിരുന്നു. രാഹുലിനെ രക്ഷിക്കാന്‍ രാജ്യസഭയില്‍ ശ്രമിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സെല്‍ഫ് ഗോളടിക്കുകയും ചെയ്തു. കോണ്‍ഗ്രസും ജോര്‍ജ് സോറോസും തമ്മിലെ ബന്ധം ജെഡിയു എംപി സഞ്ജയ് കുമാര്‍ ഝാ ഉന്നയിച്ചതിനെ ഖാര്‍ഗെ എതിര്‍ത്തു. സഭയില്‍ ഇല്ലാത്ത ഒരു കോണ്‍ഗ്രസ് നേതാവിനെ അപകീര്‍ത്തിപ്പെടുത്താന്‍ പാടില്ലെന്ന് ഖാര്‍ഗെ പറഞ്ഞപ്പോള്‍ ആരാണ് ആ കോണ്‍ഗ്രസ് നേതാവെന്ന് അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ ആവര്‍ത്തിച്ച് ചോദിച്ചതോടെ ഖാര്‍ഗെയ്‌ക്ക് ഉത്തരംമുട്ടി. സഭയുടെ നടപടി ക്രമങ്ങളെക്കുറിച്ച് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു ഖാര്‍ഗെ. ഒരു കോണ്‍ഗ്രസ് നേതാവിന്റെയും പേര് സഞ്ജയ്കുമാര്‍ ഝാ പരാമര്‍ശിച്ചിരുന്നില്ല. നെഹ്റു കുടുംബത്തിന് വിടുപണി ചെയ്യുന്നതിനാണ് ഖാര്‍ഗെയെ സോണിയ പാര്‍ട്ടി അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമാക്കിയിരിക്കുന്നത്. സോറോസ് തന്റെ പഴയ സുഹൃത്താണെന്ന് കോണ്‍ഗ്രസ് എംപി ശശിതരൂര്‍ നടത്തിയ പ്രതികരണത്തിന് ഇരുതലമൂര്‍ച്ചയുണ്ട്.

തങ്ങള്‍ക്കെതിരായ ഗുരുതരവും രാജ്യദ്രോഹപരവുമായ ആരോപണങ്ങളോട് പാര്‍ലമെന്റിനകത്തോ പുറത്തോ പ്രതികരിക്കാന്‍ സോണിയയോ രാഹുലോ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. പ്രതികരിച്ചാല്‍ കൂടുതല്‍ കുടുങ്ങും എന്നതുകൊണ്ടാവാം. ഇതിനു പകരം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഖാര്‍ഗെയെ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ വേഷംകെട്ടിച്ച് കോമാളിയാക്കുകയാണ് രാഹുല്‍ ചെയ്തത്. രാജ്യസഭയില്‍ തന്റെ പേര് പറയാതെ പറഞ്ഞതിന് ഖാര്‍ഗെയെ ഒരു പാഠം പഠിപ്പിച്ചതുമാവാം.

ഭാരതവിരുദ്ധ ശക്തികളുമായുള്ള കോണ്‍ഗ്രസിന്റെ ബന്ധം വ്യക്തമായതോടെ, ഒസിസിആര്‍പിയെക്കുറിച്ച് തങ്ങള്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ആരുടെയും പേരുകള്‍ പറഞ്ഞിട്ടില്ലെന്ന വാദവുമായി ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ട് രംഗത്തുവന്നതില്‍ കാര്യമൊന്നുമില്ല. നേതാക്കള്‍ ആരെന്ന് ഊഹിക്കാവുന്ന വിധത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചുവെന്നാണ് ഈ മാധ്യമം പറയുന്നത്. മീഡിയ പാര്‍ട്ടിന്റെ ദീര്‍ഘമായ ലേഖനത്തില്‍ ഒസിസിആര്‍പിക്ക് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സ് ഫണ്ട് ചെയ്യുന്നതായി എടുത്തു പറയുന്നുണ്ട്. ഈ സ്ഥാപനം ഉന്നയിച്ച ആരോപണങ്ങളാണ് രാഹുലും കോണ്‍ഗ്രസും അദാനി ഗ്രൂപ്പിനെതിരെ നിരന്തരം ഉന്നയിക്കുന്നത്. മീഡിയാ പാര്‍ട്ടിന്റെ പുതിയ പ്രസ്താവനയ്‌ക്കു പിന്നില്‍ കോണ്‍ഗ്രസിനെയും നേതാക്കളെയും രക്ഷിക്കാന്‍ ജോര്‍ജ് സോറോസ് തന്നെ രംഗത്തിറങ്ങിയതാവാം. മീഡിയ പാര്‍ട്ടിനെ സ്വാധീനിക്കാനോ വിലയ്‌ക്കെടുക്കാനോ സോറോസിന് വലിയ പ്രയാസമൊന്നുമുണ്ടാവില്ല. സോറോസും രാഹുലുമായുള്ള ബന്ധം ഭാരത് ജോഡോ യാത്രയില്‍ വ്യക്തമായതാണ്. സോറോസിന്റെ സംഘടനാ നേതാവ് രാഹുലിന്റെ സഹയാത്രികനായിരുന്നു.

കോണ്‍ഗ്രസിന് ഗാന്ധി കുടുംബം ബാധ്യതയാവുന്നു എന്നാണ് പറയാറുള്ളത്. എന്നാല്‍ അഴിമതിയും രാജ്യദ്രോഹവും ഗാന്ധിമാര്‍ക്ക് ചേര്‍ന്നതല്ല. കോണ്‍ഗ്രസിലെ നെഹ്റു കുടുംബമാണ് പ്രശ്നക്കാര്‍. ജവഹര്‍ലാല്‍ നെഹ്റുവിന്റെയും ഇന്ദിരയുടെയും രാജീവിന്റെയും കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ സോവിയറ്റ് യൂണിയന്റെ കളിപ്പാവകളായി രാജ്യതാല്‍പ്പര്യം ബലികഴിക്കുകയായിരുന്നുവെങ്കില്‍, കോണ്‍ഗ്രസ് ഭരണകാലത്ത് സോണിയയും രാഹുലും ചൈനയുടെയും പാകിസ്ഥാന്റെയും പിണിയാളുകളായി രാജ്യസുരക്ഷ അപകടത്തിലാക്കുകയാണുണ്ടായത്. ഇതിന്റെ തുടര്‍ച്ചയാണ് കോണ്‍ഗ്രസ്-സോറോസ് ബന്ധം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക