ചെസില്‍ പുത്തനുണര്‍വിന് വീണ്ടും സാക്ഷിയാകുകയാണ് ഭാരതം. വിശ്വനാഥന് ആനന്ദില്‍ ആരംഭിച്ച ചെസ് വിപ്ലവം, യുവതാരങ്ങളായ ഡി. ഗുകേഷ്, പ്രഗ്യാനന്ദ, ആര്യന് തരി എന്നിവരിലൂടെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. ഗുകേഷിന്റെ ഏറ്റവും പുതിയ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് വിജയം ഭാരത ചെസ്സ് ചരിത്രത്തിലെ മാറ്റത്തിന് നിര്‍ണായകമാണ്.
ഭാരതത്തിന്റെ ചെസ് പരമ്പരയുടെ ആധുനിക പിതാവായി വിശ്വനാഥന് ആനന്ദിനെ പ്രതിഷ്ഠിക്കാം. ആനന്ദിന്റെ അന്താരാഷ്ട്ര നേട്ടങ്ങള്‍ ചെസില്‍ രാജ്യാന്തര തലത്തില്‍ രാജ്യത്തിന്റെ നില ഉയര്‍ത്തി. അനവധി യുവ പ്രതിഭകള്‍ക്ക് പ്രചോദനമായ ആനന്ദിന്റെ വിജയങ്ങള്‍ ചെസിനെ ഒരു പ്രിയ മത്സര ഇനമാക്കിയെന്നതില് സംശയമില്ല.
ആനന്ദിന്റെ പാത പിന്തുടര്‍ന്നിറങ്ങിയ പ്രതിഭകള്‍ ഇന്ന് ആഗോള ചെസ് ലോകത്ത് ഭാരതത്തിന്റെ ശക്തി തെളിയിക്കുന്നു. പ്രഗ്യാനന്ദയുടെ ലോകകപ്പ് നേട്ടവും ഗുകേഷിന്റെ ചാമ്പ്യന്‍ഷിപ്പ് വിജയവും അക്ഷരാര്‍ത്ഥത്തില്‍ നടത്തിയ അഭിമാന പടയോട്ടമാണ്.
ഇന്റര്‍നെറ്റ് അധിഷ്ഠിത പരിശീലന കേന്ദ്രങ്ങളും മൊബൈല്‍ ആപ്പുകളും ചെസ് പരിചയം രാജ്യവ്യാപകമാക്കി. ശാസ്ത്രബോധവും, പ്രായം, മത്സരം, നിലപാട് തുടങ്ങി എല്ലാ കാര്യങ്ങളിലും കൃത്യതയും കൗശലവും പ്രകടിപ്പിക്കുന്ന കളിയാണ് ചെസ്സ്. കുട്ടികള്‍ക്ക് ലഭിക്കുന്ന മികച്ച പരിശീലന സംവിധാനം, ചതുരംഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനത്തിന്റെ വലിയ സംരംഭങ്ങള്‍, പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര മത്സരങ്ങളുടെ സാധ്യതകള്‍ ഇവയെല്ലാം ചേര്‍ന്ന് ചെസ് വളര്‍ച്ചക്ക് പുതിയ പാതകള്‍ തുറക്കുന്നു.
ചെസ് മാത്രമല്ല, ഇത് ഭാരത കായിക രംഗത്തിന്റെ വളര്‍ച്ചയെയും പ്രതിഭയുടെ പുതിയ ദിശയെയും പ്രതിനിധീകരിക്കുന്നു. ഭാരതത്തില്‍ ചെസ് കായികമൂല്യമായി മാറിയിരിക്കുന്നു. ഏറ്റവും ശക്തമായ രത്നങ്ങളായാണ് ഭാരത ചെസ് താരങ്ങള്‍ മാറുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇവരുടെ പ്രതിഭാപൂര്വ്വമായ പ്രകടനങ്ങള്‍ നമ്മുടെ ദേശീയ അഭിമാനത്തിന് ഒരുപാട് ഉന്നതി നല്കുന്നു.
ചെസ് പോലെയുള്ള മാനസിക താല്പര്യവൃദ്ധി മേഖലകളിലേക്കു കൂടി വിദ്യാഭ്യാസ രംഗം ശ്രദ്ധ നല്‍കേണ്ടത് അനിവാര്യമാണ്. ചില സംസ്ഥാനങ്ങളില്‍ ചെസ് പാഠ്യപദ്ധതിയിലെ ഒരു ഭാഗമാക്കുന്നത് മികച്ച തുടക്കമാണ്. സ്കൂളുകളില്‍ ചെസ് മത്സരങ്ങള്‍ സജീവമാക്കണം. ചെസ് അക്കാദമികള്‍ക്ക് സഹായവും പ്രോത്സാഹനവും നല്‍കണം.
കായിക മന്ത്രാലയത്തിന്റെ സഹായത്തോടെയും, പ്രത്യേക പദ്ധതികളുടെ പ്രചോദനത്തോടെയും, ചെസിനെ കൂടുതല്‍ ഉയരങ്ങളിലേക്കു എത്തിക്കാനാകും. സ്വകാര്യ സ്ഥാപനങ്ങളും ചെസ് അക്കാദമികളും സ്പോര്‍ട്സ് സ്പോണ്സര്ഷിപ്പുകള് നല്കി കൂടുതല്‍ ചെസ് താരങ്ങളെ പ്രോത്സാഹിപ്പിക്കണം.
ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയ ഗുകേഷിന്റെ നേട്ടം പുതിയ തലമുറയെ ചെസിലേക്ക് ആകര്‍ഷിക്കാനുള്ള മികച്ച പ്രചോദനമാകണം. ഭാരതം ആഗോള ചെസ് ശക്തിയായി ഉയരാന്‍ പ്രതിഭകളുടെ പിന്തുണയും സര്‍ക്കാരിന്റെ കര്‍ശന ഇടപെടലുകളും ആവശ്യമാണ്. രാജ്യത്തിന്റെ ചെസ് പ്രയാണം പുത്തന്‍ വിജയഗാഥകള്‍ കുറിക്കാന്‍ ആരംഭിച്ചിരിക്കുന്നു. ഗുഡ് മൂവ് ഗുകേഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: