കുരുക്ഷേത്ര (ഹരിയാന): മഹാഭാരതയുദ്ധത്തിനും ഗീതാപ്രവചനത്തിനും വേദിയായ കുരുക്ഷേത്രയില്‍ സ്ഥിതിചെയ്യുന്ന തീം പാര്‍ക്ക് ഇനി കേശവ് പാര്‍ക്ക് എന്നറിയപ്പെടും. ഗീതാജയന്തി ദിനത്തില്‍ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സെയ്നിയാണ് പ്രഖ്യാപനം നടത്തിയത്. കുരുക്ഷേത്രയുടെ സാംസ്കാരികവും ആത്മീയവുമായ പൈതൃകം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് അന്താരാഷ്ട്ര ഗീതാ മഹോത്സവത്തെ അഭിവാദ്യം ചെയ്ത് അദ്ദേഹം പറഞ്ഞു. 18,000 കുട്ടികള്‍ പങ്കെടുത്തു.
ഭഗവദ്ഗീതയിലെ ഓരോ ശ്ലോകവും ജീവിതത്തിന് പുതിയ കാഴ്ചപ്പാടും പ്രചോദനവും പകരുന്നതാണ്. ഭഗവദ്ഗീത അര്‍ജുനനും ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം മാത്രമല്ല, ഓരോ വ്യക്തിയും ജീവിതത്തില്‍ ഉന്നയിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം കൂടിയാണ്. എല്ലാവരും സ്വന്തം ധര്‍മവും കടമയും പാലിക്കണം എന്നതാണ് ഗീതയുടെ പ്രഥമവും പ്രധാനപ്പെട്ടതുമായ സന്ദേശമെന്ന് സെയ്നി പറഞ്ഞു.
ഓരോരുത്തരും കര്‍ത്തവ്യങ്ങള്‍ അര്‍പ്പണബോധത്തോടെ നിറവേറ്റിയാല്‍, അത് സമൂഹത്തില്‍ അച്ചടക്കവും സമരസതയും നിലനിര്‍ത്തും. സ്വാര്‍ത്ഥത വെടിഞ്ഞ് സമൂഹത്തോടും രാഷ്ട്രത്തോടുമുള്ള നമ്മുടെ കടമകള്‍ക്ക് മുന്‍ഗണന നല്കാന് ഗീത പഠിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗീതാ മഹോത്സവം മതപരമായ ചടങ്ങല്ലെന്നും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ജീവിതത്തിന്റെ അടിസ്ഥാന തത്വങ്ങളുടെയും ആഘോഷമാണെന്നും ടാന്‍സാനിയയിലെ ടൂറിസം മന്ത്രി പിണ്ടി ചാന പറഞ്ഞു. പരിപാടിയില്‍ കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്, ഹരിയാന കൃഷി മന്ത്രി ശ്യാം സിങ് റാണ, ഗീതാ പണ്ഡിതന് സ്വാമി ജ്ഞാനാനന്ദ് മഹാരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: