തിരുവനന്തപുരം: നാടകത്തോടെ വാര്‍ഷികാഘോഷം എന്ന പതിവ് മുത്തശ്ശി വായനശാല ഇത്തവണയും തെറ്റിച്ചില്ല. നഗരത്തിലെ ഏറ്റവും പ്രാചീന വായനശാലയായ വഞ്ചിയൂര്‍ ശ്രീചിത്തിരതിരുനാള്‍ ഗ്രന്ഥശാല യുടെ 110-ാം വാര്‍ഷികത്തിലും നാടകം അവതരിപ്പിക്കപ്പെട്ടു. പ്രൊഫ.ജി.ഗോപാലകൃഷ്ണന്‍ രചിച്ച് ഡോ.രാജാ വാര്യര്‍ സംവിധാനം ചെയ്ത ‘വിദ്യാധിരാജന്‍’ നാടകമാണ് ഇത്തവണ ഗ്രന്ഥശാലയുടെ അരങ്ങിലെത്തിയത്.
ചട്ടമ്പിസ്വാമിയുടെ കഥ പറയുന്ന നാടകത്തില്‍ സുഷമ, ഗിരിജ സുരേന്ദ്രന്‍, ഗിരീഷ് സോപാനം, പ്രവീണ്‍കുമാര്‍.കെ.എസ്, ഉണ്ണി മഠത്തില്‍, പ്രൊഫ.ജി.ഗോപാലകൃഷ്ണന്‍, ഫിത്തു, ഡോ.ആരോപമല്‍.ടി, ഹിരിധര്‍ പൈ, അഡ്വ.നരേന്ദ്രമോഹന്‍ എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കി. ഡോ.ഉഷാ രാജാ വാര്യരുടെ ഗാനങ്ങള്‍ക്ക് അനില്‍റാമാണ് ഈണം പകര്‍ന്നത്. സംഗീതനിര്‍വഹണം സതീഷ് കെ.നാരായണനും രംഗവിതാനം രംഗവിതാനം ഫൈലേഷും ഒരുക്കി. ഒരുമാസത്തെ പരിശീനത്തിന് ശേഷമുള്ള മികവുറ്റ അവതരണം നിറഞ്ഞ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
വീടുകളില്‍ നിന്ന് പുസ്തകങ്ങള്‍ യാചിച്ച് വാങ്ങിയാണ് ‘വായനശാല കേശവപിള്ള’ എന്നറിയപ്പെട്ട കേശവപിള്ള 1914 ല്‍ ഇരുപതോളം പുസ്തകങ്ങളുമായി വായനശാല തുടങ്ങിയത്. സ്വന്തം വീട്ടിലാരംഭിച്ച വായനശാല ആദ്യം പാല്‍ക്കുളങ്ങരയിലും പിന്നീട് കൈതമുക്കിലേക്കും മാറ്റി. ഒടുവില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍ നിന്ന് വഞ്ചിയൂരില്‍ 10 സെന്റ് സ്ഥലം ലൈബ്രറിക്ക് വിട്ടുകൊടുത്തു. കേശവപിള്ള തിരുവിതാംകൂര്‍ രാജാവ് ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ്മയുടെ പേരില്‍ ഗ്രന്ഥശാല ആരംഭിച്ചത് രാജാവിന് രണ്ട് വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു. ഇപ്പോള്‍ ഒരു ലക്ഷത്തിലധികം പുസ്തകങ്ങള്‍ ലൈബ്രറിയുടെ കൈവശമുണ്ട്.
സംസ്ഥാനത്തെ നാടകവേദിയുടെ പരിണാമത്തില്‍ ലൈബ്രറി വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. നാലാം വാര്‍ഷികം മുതല്‍ നാടക കലാകാരന്മാരെയും പ്രവര്‍ത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങളില്‍ വായനശാല മുന്‍തൂക്കം നല്‍കി.’മാര്‍ത്താണ്ഡവര്‍മ’, ‘രാജാ കേശവദാസന്‍’, ‘ഇന്ദുലേഖ’ തുടങ്ങിയ ചരിത്ര പ്രാധാന്യമുള്ള പല നാടകങ്ങളും ഇവിടെ അരങ്ങേറി. സി.വി.രാമന്‍പിള്ള, ഇ.വി.കൃഷ്ണപിള്ള, ജി.ശങ്കരപ്പിള്ള തുടങ്ങി നാടകരംഗത്തെ ഒട്ടുമിക്ക പ്രമുഖരും ഗ്രന്ഥശാലയുടെ പ്രവര്‍ത്തനങ്ങളിലൂടെ പരിപോഷിപ്പിക്കപ്പെട്ടു. അക്കാലത്ത് നാടക രംഗത്തേക്ക് അന്ന ചാണ്ടി, ഓമന കുഞ്ഞമ്മ, രാധാദേവി, രുഗ്മിണി അമ്മ തുടങ്ങിയ വനിതാ അഭിനേതാക്കളെ കൊണ്ടുവന്നതും പ്രത്യേകം എടുത്തപറയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: