കൊച്ചി: ശബരിമലയിൽ നടൻ ദിലീപിന്റെ വിഐപി ദർശനം ഗൗരവതരമെന്ന് ആവർത്തിച്ച് ഹൈക്കോടതി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരത്തിലുള്ളവർക്കെന്നും കോടതി ആരാഞ്ഞു. ദിലീപിനായി ഒന്നാം നിരയിലെ ആളുകളെ തടഞ്ഞുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ദിലീപ് ശബരിമലയിൽ ദർശനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ പരാമർശങ്ങൾ.
തുറന്ന കോടതിയിലായിരുന്നു ദൃശ്യങ്ങൾ പരിശോധിച്ചത്. ദിലീപിന് സൗകര്യം ഒരുക്കിയതിലൂടെ മറ്റ് ഭക്തർക്ക് തടസം നേരിട്ടുവെന്ന് ദൃശ്യങ്ങളിലൂടെ മനസിലാക്കി. ദേവസ്വം ഉദ്യോഗസ്ഥരടക്കമുള്ളവർ ദിലീപിന് സൗകര്യങ്ങൾ ചെയ്തുകൊടുത്തു. മുൻ നിരയിലുണ്ടായിരുന്ന ആളുകളെ മുഴുവൻ മാറ്റിക്കൊണ്ടാണ് ഈ സഹായം ചെയ്തുകൊടുത്തതെന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മറ്റ് ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരം സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ ഒരു ഉദ്യോഗസ്ഥനും അധികാരമില്ല. ഈ വിഷയത്തിൽ എന്ത് നടപടിയാണ് നിങ്ങൾ സ്വീകരിച്ചിട്ടുള്ളതെന്നും കോടതി ചോദിച്ചു. ഹരിവരാസനം പാടി നട അടയ്ക്കുന്ന സമയത്ത് നടൻ ദിലീപും അദ്ദേഹത്തിന്റെ സഹോദരനും സന്നിധാനത്ത് ഉണ്ടായിരുന്നു. ഈ സമയത്ത് ഇവർക്ക് ദർശന സൗകര്യം ഒരുക്കിയതാണ് പരാതിക്ക് ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: