ന്യൂദൽഹി: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി ദിനത്തിലെ ഉദയാസ്തമന പൂജകൾ മാറ്റിയ നടപടിയിൽ ദേവസ്വം ഭരണസമിതിക്ക് നോട്ടീസയച്ച് സുപ്രീംകോടതി. ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്ന് നിരീക്ഷിച്ച സുപ്രീംകോടതി പൂജാ പട്ടിക അതേപടി തുടരണമെന്നും നിർദേശിച്ചു.
വൃശ്ചികമാസത്തിലെ ഏകാദശിക്കാണ് ഉദയാസ്തമന പൂജകൾ നടക്കാറുള്ളത്. അത് തുലാമാസത്തിലേക്ക് ദേവസ്വം ഭരണസമിതി മാറ്റിയിരുന്നു. ഇത് ആചാരങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തന്ത്രികുടുംബം സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. വർഷങ്ങളായി തുടരുന്ന ആചാരങ്ങൾ അതേപടി തുടരേണ്ടതായിരുന്നുവെന്നും ഗുരുവായൂർ ക്ഷേത്ര വെബ്സൈറ്റിൽ പ്രസിദ്ധികരിച്ചിരിക്കുന്ന പൂജാ പട്ടിക അതേപടി തുടരണമെന്നും ജസ്റ്റിസ് ജെ. കെ മഹേശ്വരി അധ്യക്ഷയായ ബെഞ്ച് നിർദേശിക്കുകയായിരുന്നു.
ഇന്നാണ് ഗുരുവായൂർ ക്ഷേത്രത്തിലെ വൃശ്ചികമാസ ഏകാദശി. അതിനാൽ ഹർജി അടിയന്തിരമായി കേൾക്കണമെന്ന് കഴിഞ്ഞദിവസം ഹർജിക്കാർ സുപ്രീം കോടതി രജിസ്ട്രിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വെള്ളിയാഴ്ച മാത്രമേ ഹർജി പരിഗണിക്കാൻ കഴിയുകയുള്ളുവെന്ന് രജിസ്ട്രി അറിയിക്കുകയായിരുന്നു. ആചാരങ്ങൾ മാറ്റുന്നത് ദേവഹിതത്തിനെതിരാകുമെന്ന് ചൂണ്ടിക്കാട്ടി പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഉദയാസ്തമന പൂജ മാറ്റുന്നത് ക്ഷേത്രത്തിന്റെ ചൈതന്യത്തെ ബാധിക്കുമെന്നും അഭിഭാഷകൻ എ കാർത്തിക് മുഖേനെ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി.
പൂജ മാറ്റണമെങ്കിൽ അഷ്ടമംഗല്യ പ്രശ്‌നം വയ്‌ക്കണമെന്നും ഹർജിക്കാർ ആവശ്യപെടുന്നു. ഏകാദശി ദിവസം വ്രതം നോറ്റ് പതിനായിരക്കണക്കിന് പേരാണ് ഗുരുവായൂരിൽ ദർശനത്തിനെത്തുന്നത്. ഉദയാസ്തമന പൂജ നടന്നാൽ അന്ന് പലതവണ നട അടയ്‌ക്കേണ്ടി വരും. അത് ഭക്തർക്ക് അസൗകര്യം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൃശ്ചിക മാസത്തിലെ ഏകാദശി നാളിലെ ഉദയാസ്തമന പൂജ തുലാം മാസത്തിലെ ഏകാദശി നാളിൽ നടത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. പൂജ ആചാരമല്ല വഴിപാട് മാത്രമാണ്. അതുകൊണ്ടു തന്നെ ആചാര ലംഘനം നടക്കുന്നില്ലെന്നാണ് ഭരണസമിതിയുടെ നിലപാട്.
ഗുരുവായൂർ ദേവസ്വം ഭരണസമിതി തീരുമാനം കേരള ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതിനെതിരെയാണ് സുപ്രീം കോടതിയിൽ ഹർജിയുമായി തന്ത്രികുടുംബം എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: