Kerala

സെക്രട്ടേറിയറ്റിന് മുന്നിൽ റോഡ് കയ്യേറി സിപിഐ സംഘടനയുടെ രാപ്പകൽ സമരം; കണ്ടാലറിയാവുന്ന 100 പേർക്കെതിരെ കേസെടുത്ത് പോലീസ്

Published by

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വഴിയടച്ച് സമരപന്തൽ കെട്ടിയുള്ള് സിപിഐ സംഘടനയുടെ രാപ്പകൽ സത്യഗ്രഹ സമരത്തിനെതിരെ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 100 പേർക്കെതിരെയാണ് കേസെടുത്തത്. ജോയിൻ്റ് കൗൺസിലിന്റെ 36 മണിക്കൂർ നീളുന്ന സമരം ഇന്നലെ മുതലാണ് തുടങ്ങിയത്.

ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്നു, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന വാക്ക് പാലിച്ചില്ല, ജീവനക്കാരിൽ നിന്നും പെൻഷൻ വിഹിതം പിടിക്കുന്നത് അടിയന്തരമായി നിർത്തലാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ജോയിൻ്റ് കൗൺസിൽ മുന്നോട്ട് വെക്കുന്നത്.

കോടതി വിധികളും മാർഗനിർദേശങ്ങളും ലംഘിച്ച് സിപിഎം പാളയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചിയൂർ കോടതി സമുച്ചയത്തിന് മുന്നിലെ പ്രധാന റോഡിൽ വഴിതടഞ്ഞ് സമ്മേളനത്തിന് വേദിയൊരുക്കിയ സംഭവത്തെ കഴിഞ്ഞദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിപിഐയും വഴിയടച്ച് സമരവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

വഞ്ചിയൂരിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിൽ റോഡ് അടച്ചുകെട്ടി സമ്മേളന വേദി തയാറാക്കിയവർക്കെതിരെ പോലീസ് നടപടിയെടുക്കാത്തതിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. തുടർന്ന് ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബുവിന് പുറമേ 31 പ്രവർത്തകരേയും പ്രതി ചേർത്ത് പോലീസ് കേസെടുക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by