കൊച്ചി: പയ്യന്നൂരിലെ ലോഡ്ജ് മുറിയിൽ യുവതിയെ നഗ്നയായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ ജീവപര്യന്തം ശിക്ഷ ശരിവച്ച് ഹൈക്കോടതി. ഇന്ത്യൻ വനിതകളാരും സ്വയം നഗ്നയായി ആത്മഹത്യ ചെയ്യുമെന്ന് കരുതാനാകില്ലെന്നും അങ്ങനെ കാണുന്നതു തന്നെ കൊലപാതക സൂചനയാണെന്നും കോടതി വിലയിരുത്തി.
ആത്മഹത്യയാണെന്ന വാദം ദുർബലമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷൻ ബഞ്ച് തലശേരി അഡീ. സെഷൻസ് കോടതിയുടെ വിധി ശരിവയ്‌ക്കുകയായിരുന്നു. ഗാർഹിക പീഡനക്കുറ്റവും കോടതി ഒഴിവാക്കി. പ്രതിയുടെ അമ്മയെ വെറുതേ വിടുകയും ചെയ്തു. ഇരുവരും നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്. സംശയം ഒരു രോഗമാണെന്നും ചികിത്സിച്ചില്ലെങ്കിലത് ഒരുത്തനെ അന്ധനാക്കുമെന്നും അതിന്റെ പ്രത്യാഘ്യാതം വളരെ വലുതാണെന്നും കോടതി വിധി ന്യായത്തിനിടെ പറഞ്ഞു.
ഭർത്താവിന്റെ സംശയമാണ് കൊലപാതകത്തിലേക്കെത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 2010 ലാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂരിലെ ലോഡ്ജിൽ അഴീക്കല്‍ സ്വദേശി രമ്യയെ നഗ്നയായ നിലയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഷമ്മികുമാറിനും കുട്ടിക്കുമൊപ്പമാണ് രമ്യ ലോഡ്ജിലെത്തിയത്. പിന്നാലെ ഭർത്താവടക്കമുള്ളവർ യുവതിയുടേത് ആത്മഹത്യയാണെന്ന് വിധിയെഴുതി. എന്നാൽ ഒന്നിച്ച് ലോഡ്ജിലെത്തിയ ഭർത്താവും കുട്ടിയും അപ്രതീക്ഷമായതും നഗ്നയായുള്ള തൂങ്ങിമരണവുമടക്കം സംശയത്തിന് വഴിവച്ചു. പിന്നാലെ നടത്തിയ അന്വേഷണത്തിൽ യുവതിയെ മദ്യം നല്‍കി മയക്കിയശേഷം ഭര്‍ത്താവ് ഷാളില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തി.
ആത്മഹത്യ വാദം തള്ളാനാവില്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും ഒപ്പം ഇന്ത്യയില്‍ ഒരു വനിതയും ശരീരം മറയ്‌ക്കാതെ ആത്മഹത്യ ചെയ്യില്ലെന്ന പോലീസ് സർജന്റെ അഭിപ്രായം കോടതി ഗൗരവകരമായി തന്നെ പരിഗണിച്ചു. ഒരു ഇന്ത്യന്‍ സ്ത്രീയും അല്പവസ്ത്രധാരിയായി കടലില്‍ച്ചാടി ജീവനൊടുക്കില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും ഹൈക്കോടതി പരിഗണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: