കണ്ണൂര്‍: അകലെയുള്ള ഗാസയിലെ കരച്ചില് കേള്‍ക്കുന്നവര്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ കരച്ചില് കേള്‍ക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. സദാനന്ദന് മാസ്റ്റര്‍.
എന്താണ് ഗാസയെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. അവിടെയുള്ള കരച്ചില് മാത്രം ഒരു വിഭാഗം നമ്മെ കേള്‍പ്പിക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ നിലവിളി ആരും കേള്‍ക്കരുതെന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇത് മനസ്സിന്റെ രൂപപ്പെടലാണ്. ബംഗ്ലാദേശ് നമ്മുടെ അഖണ്ഡഭാരത സങ്കല്പത്തിന്റെ ഭാഗമാണ്. ബംഗ്ലാദേശ് നമ്മുടെ ശത്രുരാജ്യമല്ല. അതുകൊണ്ടാണ് ബംഗ്ലാദേശിന്റെ വികസനകാര്യത്തില്‍ നാം പ്രത്യേകം സഹായിക്കുന്നത്. കോടിക്കണക്കിന് ബംഗ്ലാദേശികളാണ് ഭാരതത്തില്‍ ജോലി ചെയ്യുന്നത്. നമ്മുടെ സഹോദര രാജ്യമായി നാം ബംഗ്ലാദേശിനെ കാണുമ്പോള്‍ കേവലം മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം നോക്കിക്കണ്ടതുകൊണ്ടാണ് അവിടെ മത ന്യൂനപക്ഷത്തില്‍പ്പെട്ടവര്‍ എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ട സാഹചര്യമുണ്ടായത്. ആരൊക്കെ തമസ്കരിച്ചാലും ബംഗ്ലാദേശിന്റെ കരച്ചിലകറ്റാന്‍ നമുക്ക് മനസ്സും ശക്തിയുമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ ലഹരിയാണ് ബംഗ്ലാദേശില്‍ ഇന്ന് കാണുന്ന അക്രമങ്ങള്‍ക്ക് കാരണമെന്നും എന്നാല്‍ അധികാരത്തിന് പുറത്ത് മനുഷ്യരെ ബാധിക്കുന്ന നിരവധി വിഷയങ്ങളുണ്ടെന്നും ഇത് നാം കാണാതെ പോകരുതെന്നും തലശ്ശേരി ഫിനിക്സ് കോളേജ് പ്രിന്‍സിപ്പല്‍ ചൂര്യായി ചന്ദ്രന് മാസ്റ്റര്‍ പറഞ്ഞു.
ഒരു മതത്തിനും മറ്റൊരു മതത്തോട് പൊരുതി നില്‍ക്കാനാവില്ലെന്നാണ് ശ്രീനാരായണ ഗുരുദേവന് പറഞ്ഞത്. അതാണ് സത്യം. എല്ലാ മതങ്ങളും നിലനില്‍ക്കണം. എന്നാല്‍ ഈ സത്യം നമുക്ക് പാക്കിസ്ഥാനിലും ബംഗ്ലാദേശിലും കാണാന്‍ സാധിക്കില്ല. മാര്‍ക്സ് സമത്വമെന്ന ആശയം മുന്നോട്ട് വെക്കുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഋഗ്വേദത്തില്‍ നമുക്ക് സമത്വ സന്ദേശം കാണാന്‍ സാധിക്കും.
മാര്‍ക്സിസത്തില്‍ ജനാധിപത്യമില്ല മറിച്ച് സര്‍വ്വാധിപത്യമാണ് നിലനില്‍ക്കുന്നത്. അവിടെ മനുഷ്യന് സ്ഥാനമില്ല. എന്നാല്‍ ഭാരതത്തിന്റെ മനസ്സില്‍ ആധ്യാത്മികതയാണ്. ഭാരതത്തില്‍ വിശാലവീക്ഷണത്തിലുള്ള ഭരണഘടന നിലവില്‍ വന്നത്ന്ന എല്ലാവരെയും ഉള്‍ക്കൊണ്ടു കൊണ്ടാണ്. നാം എല്ലാ വിഭാഗങ്ങളെയും പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു. എന്നാല്‍ ബംഗ്ലാദേശും പാക്കിസ്ഥാനും അവിടെയുള്ള ന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുകയോ അംഗീകരിക്കുകയോ ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: