Kerala

ധീര സൈനികന് ജന്മനാട്ടില്‍ സൈന്യം സ്മാരകം സമര്‍പ്പിച്ചു

Published by

കൊല്ലം: പാക് സൈന്യത്തോട് പൊരുതി വീരമൃത്യു വരിച്ച സൈനികന് ജന്മനാട്ടില്‍ സൈന്യം ഒരുക്കിയ സ്മാരകം സ്മൃതിദിനത്തില്‍ സമര്‍പ്പിച്ചു. 1971 ഡിസംബര്‍ 10ന് പാകിസ്ഥാനുമായുള്ള യുദ്ധത്തിനിടെ കശ്മീരിലെ താവീനദിക്കരയില്‍ വീരമൃത്യു വരിച്ച ജാട്ട് റെജിമെന്റ് സെക്കന്‍ഡ് ലെഫ്റ്റനന്റ് കരുനാഗപ്പള്ളി സ്വദേശി രാധാമോഹന്‍ നരേഷിനാണ് കൊല്ലം ആശ്രാമം മൈതാനത്തിനു സമീപം സ്മാരകം നിര്‍മിച്ചത്. ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ രാധാമോഹന്‍ നരേഷിന്റെ സഹോദരങ്ങളായ ഗോപിമോഹന്‍ നരേഷ്, ശ്രീകലറാണി എസ്., പ്രവീണ്‍ നരേഷ് എന്നിവര്‍ സ്മാരകം സമര്‍പ്പിച്ചു.

സമര്‍പ്പിക്കുന്നത് സ്മാരകം മാത്രമല്ലെന്നും രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഭാവിതലമുറയ്‌ക്ക് പ്രേരണ നല്കുന്ന കേന്ദ്രമാണെന്നും ചടങ്ങില്‍ സംസാരിച്ച പാങ്ങോട് സൈനിക സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സലില്‍ എം.പി. പറഞ്ഞു.
ലെഫ്റ്റനന്റ് നരേഷ് പ്രവര്‍ത്തിച്ചിരുന്ന 9 ജാട്ട് റെജിമെന്റിനെ പ്രതിനിധീകരിച്ച് നായ്‌ക്ക് സുബേദാര്‍ കിഷോര്‍, കര-നാവിക-വ്യോമ സേനാംഗങ്ങള്‍, സൈനിക വെല്‍ഫെയര്‍ ബോര്‍ഡ് ഓഫീസര്‍ വിങ് കമാന്‍ഡര്‍ (റിട്ട.) സന്തോഷ്, പോലീസ് ഉദ്യോഗസ്ഥര്‍, വിമുക്തഭടന്മാര്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്നു നടന്ന യോഗത്തില്‍ രാധാമോഹന്‍ നരേഷിന്റെ കുടുംബാംഗങ്ങളെ ആദരിച്ചു. സ്മാരകത്തില്‍ നരേഷിന്റെ സൈനിക സേവന വിവരങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്.

1971 ഡിസംബര്‍ 10ന്, പാക് സൈന്യത്തില്‍ നിന്ന് മുനാവര്‍ താവി നദിയിലെ റായ്പൂര്‍ ക്രോസിങ് സംരക്ഷിക്കാന്‍ ചുമതലപ്പെട്ട പ്ലാറ്റൂണ്‍ കമാന്‍ഡറായിരുന്നു രാധാമോഹന്‍. മുനവര്‍താവി എന്ന തന്ത്രപ്രധാന പാലം സ്വന്തം ജീവന്‍ നല്കിയാണ് അദ്ദേഹം സംരക്ഷിച്ചത്. ഒരാഴ്ച മുമ്പ് മാത്രം ജാട്ട് റെജിമെന്റില്‍ അംഗമായ രാധാമോഹന്റെ ബലിദാനം 21-ാം വയസ്സിലായിരുന്നു.

കരുനാഗപ്പള്ളി പടനായര്‍കുളങ്ങര മുല്ലശ്ശേരി കളീക്കല്‍ വീട്ടില്‍ പരേതനായ നരേന്ദ്രന്‍ നായരുടെയും സുഭദ്രാമ്മയുടെയും മൂത്തമകനാണ് രാധാമോഹന്‍. 1950ല്‍ ജനനം. 1962ല്‍ കഴക്കൂട്ടം സൈനിക സ്‌കൂളില്‍. പിന്നീട് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലും തുടര്‍ന്ന് സൈന്യത്തിലും. സൈനിക സ്‌കൂളില്‍ നിന്ന് മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥിക്ക് രാധാമോഹന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക