ന്യൂദല്‍ഹി: പത്താമത് ലോക ആയുര്‍വേദ കോണ്‍ഗ്രസിന് നാളെ ഉത്തരാഖണ്ഡിന്റെ തലസ്ഥാനമായ ഡെറാഡൂണില്‍ തുടക്കമാകും. ആഗോള ആരോഗ്യ രംഗത്ത് ആയുര്‍വ്വേദത്തിന്റെ ഉജ്ജ്വലമായ തിരിച്ചുവരവ് നടക്കുന്ന വേളയിലാണ് നാല് ദിവസത്തെ ലോക ആയുര്‍വേദ കോണ്‍ഗ്രസ് നടക്കുന്നത്. ഡിജിറ്റല്‍ ആരോഗ്യം ആയുര്‍വേദത്തിന്റെ കാഴ്ചപ്പാടില്‍ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. ആധുനിക സാങ്കേതിക വിദ്യയെ ആയുര്‍വേദ ഗവേഷണങ്ങളിലും മരുന്ന് നിര്‍മ്മാണത്തിലും എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയാകും.
കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി പ്രതാപ് റാവു ഗണപത് റാവു ജാദവ്, ആയുഷ് മന്ത്രാലയ സെക്രട്ടറി രാജേഷ് കൊടേജ, ലോക ആയുര്‍വേദ ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റിമാരായ ഡോ. ജയപ്രകാശ് നാരായണന്‍, കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റിയും പരിപാടിയുടെ ദേശീയ സംയോജക സമിതി ചെയര്‍മാനുമായ ഡോ. പി.എം. വാരിയര്‍ തുടങ്ങിയവരും വിവിധ സെഷനുകളില്‍ പങ്കെടുക്കും. 150 ഓളം ശാസ്ത്ര സെഷനുകള്‍, ഗുരു-ശിഷ്യ സമാഗമം, ഔഷധസസ്യങ്ങളെക്കുറിച്ചുള്ള സെഷന്‍. ആരോഗ്യമന്ത്രിമാരുടെ സമ്മേളനം, രാജ്യാന്തരതലത്തിലുള്ള വിദഗ്ധരുടെ പ്രത്യേക ക്ലാസുകള്‍, നിക്ഷേപക സംഗമം, ആയുര്‍ എക്‌സ്‌പോ എന്നിവയും ആയുര്‍വേദ കോണ്‍ഗ്രസിന്റെ ഭാഗമായുണ്ടാകും.
ഹിമവാന്റെ പാദസ്പര്‍ശം ഏല്‍ക്കുന്ന ഉത്തരാഖണ്ഡില്‍ ലോക ആയുര്‍വേദ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതില്‍ അഭിമാനം ഉണ്ടെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞു. വിവിധ ചികിത്സാരീതികളില്‍ ഇന്നുണ്ടായിരിക്കുന്ന ഡിജിറ്റല്‍വത്കരണം എങ്ങനെ ആയുര്‍വേദവുമായി സമന്വയിപ്പിക്കാം എന്നതിന്റെ പശ്ചാത്തലത്തിലാണ് ഡിജിറ്റല്‍ ആയുര്‍വേദം എന്ന പ്രമേയം ഉരുത്തിരിഞ്ഞ് വന്നതെന്ന് വിജ്ഞാന്‍ ഭാരതി പ്രസിഡന്റ് ഡോ. ശേഖര്‍ മാന്‍ഡേ പറഞ്ഞു.
ആയുര്‍വേദ ചികിത്സകര്‍, ഗവേഷകര്‍, നയതന്ത്ര പ്രതിനിധികള്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, അധ്യാപക-വിദ്യാര്‍ത്ഥി സമൂഹം തുടങ്ങി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സമഗ്ര സമ്മേളനമാണ് ലോകആയുര്‍വേദ കോണ്‍ഗ്രസ്. വിജ്ഞാന്‍ ഭാരതിക്ക് കീഴിലുള്ള ലോക ആയുര്‍വേദ ഫൗണ്ടേഷനാണ് സംഘാടകര്‍. കേന്ദ്ര ആയുഷ് മന്ത്രാലയം, വിവിധ സംസ്ഥാന സര്‍ക്കാരുകള്‍, പ്രമുഖ ആയുര്‍വേദ ചികിത്സാ ഗവേഷണ സ്ഥാപനങ്ങള്‍, ആയുര്‍വേദ സര്‍വകലാശാലകള്‍ തുടങ്ങിയവയും ലോക ആയുര്‍വേദ കോണ്‍ഗ്രസുമായി സഹകരിക്കുന്നു. 54 രാജ്യങ്ങളില്‍ നിന്നായി 5500ലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ആതിഥേയരായ ഉത്തരാഖണ്ഡിനെ കൂടാതെ ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, കേരളം, മഹാരാഷ്‌ട്ര, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളും സമ്മേളനത്തിന്റെ പങ്കാളികളാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക